യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ തിരച്ചയക്കല്‍ നടപടി ഒരുവശത്ത്. നാല് തവണയാണ് അനധികൃത കുടിയേറ്റക്കാരുമായി യുഎസ് സൈനിക വിമാനം ഇന്ത്യയിലേക്ക് പറന്നെത്തിയത്. ഇതിനിടയില്‍ രാജ്യം വിടേണ്ട അവസ്ഥയിലാണ് ഒരു ലക്ഷത്തിന് മുകളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് യു.എസിലേക്ക് കുടിയേറിയ എച്ച്1ബി വിസക്കാരുടെ മക്കളാണ് ഈ പ്രതിസന്ധി നേരിടുന്നത്.
നിലവില്‍ എച്ച് 4 വിസയുള്ള ഇവര്‍ പ്രായപൂര്‍ത്തിയാകുന്നതോടെ മാതാപിതാക്കളുടെ ആശ്രിതരായി കാണാനാകില്ല. സാധാരണയായി ഇത്തരം കുട്ടികള്‍ക്ക് പുതിയ വിസ സ്റ്റാറ്റസിലേക്ക് മാറുന്നതിന് രണ്ട് വര്‍ഷത്തെ ഗ്രേസ് പിരിയഡ് നല്‍കാറുണ്ട്. ഇമിഗ്രേഷൻ ചട്ടങ്ങളിലെ സമീപകാല മാറ്റങ്ങളും കോടതി കേസുകളും ഈ വ്യവസ്ഥ നിലനിൽക്കുമോ എന്ന അനിശ്ചിതത്വം ഉണ്ടാക്കിയിട്ടുണ്ട്. സ്വയം ഇന്ത്യയിലേക്ക് തിരിച്ചുപോവുകയോ അല്ലെങ്കില്‍ യുഎസില്‍ പുറംനാട്ടുകാരനായി തുടരുകയോ, ഇതാണ് ഇക്കൂട്ടര്‍ക്ക് മുന്നിലുള്ള സാധ്യത.
2023 മാര്‍ച്ചിലെ കണക്ക് പ്രകാരം 1.34 ലക്ഷം ഇന്ത്യന്‍ കുട്ടികളാണ് മാതാപിതാക്കള്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിന് മുന്‍പ് 'എയ്ജ് ഔട്ട്' ആകുന്നത്. 12 മുതല്‍ 100 വര്‍ഷം വരെയാണ് ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് സമയം എന്നതാണ് പ്രശ്നം ഗുരുതരമാക്കുന്നത്.
'ആറു വയസ് മുതല്‍ യുഎസിലാണ്. എന്‍റെ പഠനം, സുഹൃത്തുക്കള്‍, ഭാവി എല്ലാം യുഎസിലാണ്. എന്നാല്‍ എനിക്ക് വളരെ കുറച്ച് പരിചയമുള്ളൊരു രാജ്യത്തേക്ക് പോകേണ്ടി വരുമെന്നാണ് പറയുന്നത്', കാലിഫോര്‍ണിയയില്‍ നഴിസിങിന് പഠിക്കുന്ന 20 കാരിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റിലാണ് ഈ വിദ്യാര്‍ഥിയുടെ ആശ്രയത്വ വിസ അവസാനിക്കുന്നത്.
യുഎസില്‍ വിദ്യാര്‍ഥിയായതിനാല്‍ എഫ്–1 സ്റ്റുഡന്‍ഡ് വിസയായി മാറ്റി പഠനം തുടരാണെങ്കിലും വിദേശ വിദ്യാര്‍ഥി എന്ന നിലയില്‍ വലിയ ഫീസാണ് നല്‍കേണ്ടി വരിക. വിദേശ വിദ്യാര്‍ഥി എന്ന പരിഗണന ലഭിക്കുമെന്നതിനാല്‍ ഫെഡറല്‍ സാമ്പത്തിക സഹായം, സ്കോളര്‍ഷിപ്പ് എന്നിവ ഇത്തരം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കില്ല. ഇന്‍ സ്റ്റേറ്റ് ട്യൂഷന്‍ ഫീസിന് പകരം ഉയര്‍ന്ന ഫീസ് നല്‍കേണ്ടി വരികയും ചെയ്യും.
10,000 ഡോളര്‍ (8.7 ലക്ഷം രൂപ) ഇന്‍ സ്റ്റേറ്റ് ട്യൂഷന്‍ ഫീസ് നല്‍കിയിരുന്നവര്‍ 45,000 ഡോളര്‍ (39.2 ലക്ഷം രൂപ) ഫീസ് നല്‍കേണ്ടി വരുമെന്നതാണ് വെല്ലുവിളി. ഉയര്‍ന്ന ജീവിത ചെലവ് കൊണ്ട് ബുദ്ധിമുട്ടുന്ന യുഎസില്‍ ഉയര്‍ന്ന ഫീസ് കൂടെ താങ്ങാനാകില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.