യുഎസ് നഗരമായി ഗ്ലൗസെസ്റ്ററിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മുട്ട പ്രതിസന്ധി സൂചിപ്പിക്കുന്ന ബോര്‍ഡ്.
'മേക്ക് അമേരിക്ക് ഗ്രേറ്റ് എഗെയിന്‍', യുഎസില്‍ ഡോണള്‍ഡ് ട്രംപിന്‍റെ പ്രധാന പ്രചാരണങ്ങളിലൊന്നായിരുന്നു ഇത്. ട്രംപ് അധികാരത്തിലെത്തിയിട്ടും അമേരിക്കകാര്‍ക്ക് ന്യായ വിലയില്‍ കോഴിമുട്ട കഴിക്കാന്‍ സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. വില കുത്തനെ ഉയര്‍ന്നതോടെ നഗരങ്ങളില്‍ 12 കോഴി മുട്ടയ്ക്ക് 11 ഡോളര്‍ വരെ നല്‍കേണ്ടിവരുന്നുണ്ട്. ഇതോടെ കോഴിമുട്ട കള്ളകടത്താണ് യുഎസില്‍ വ്യാപകമാകുന്നത്.
എന്താണ് സംഭവിക്കുന്നത്
ജോ ബൈഡന്‍ സര്‍ക്കാര്‍ 15 കോടി മുട്ടയിടുന്ന കോഴികളെ കൊല്ലാൻ ഉത്തരവിട്ടതാണ് വില കയറ്റത്തിന് കാരണെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് സര്‍ക്കാറിന് കീഴിലെ ഡോജ് വകുപ്പിനു ചുക്കാൻ പിടിക്കുന്ന ഇലോൺ മസ്ക് പറഞ്ഞത്. മുട്ടവില ഉയരുന്നതിന് ബൈഡനെ കുറ്റപ്പെടുത്തുന്ന ഒരു എക്സ് പോസ്റ്റിന് മറുപടിയിലാണ് മസ്കിന്‍റെ അഭിപ്രായപ്രകടനം. "അത് ശരിയാണ്, ബൈഡൻ ഭരണകൂടത്തിന്റെ ഉത്തരവ് പ്രകാരം 15 കോടി മുട്ടയിടുന്ന കോഴികളെ ഭ്രാന്തമായി കൊന്നൊടുക്കി" എന്നാണ് മസ്ക് എഴുതിയത്.
എന്നാല്‍ പക്ഷിപനി മൂലം രോഗകാരികളായ പക്ഷികളെ കൊന്നൊടുക്കാനുള്ള തീരുമാനത്തെയാണ് മസ്ക് ഇത്തരത്തില്‍ വളച്ചൊടിച്ചത്. 2022 ഫെബ്രുവരിയിൽ പക്ഷിപനി റിപ്പോര്‍ട്ട് ചെയ്ത ശേഷം രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കണമെന്നാണ് ബൈഡന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതുപ്രകാരം ഏകദേശം 16.6 കോടി പക്ഷികളെ കൊന്നൊടുക്കിയതായാണ് റിപ്പോർട്ട്. വിമര്‍ശനം ഉന്നയിക്കുന്ന ട്രംപ് സര്‍ക്കാറിന്‍റെ കാലത്തും പക്ഷികളെ കൊന്നൊടുക്കുന്നുണ്ട്. 1.3 കോടി പക്ഷികളായൊണ് ഫെബ്രുവരി മുതല്‍ കൊന്നത്.
പറക്കുന്ന മുട്ട വില; ഉയരുന്ന കള്ളകടത്ത്
ഇതോെട യുഎസില്‍ കോഴിമുട്ട കിട്ടാനില്ലാത്ത അവസ്ഥയായി. 2024 ജനുവരിയെ അപേക്ഷിച്ച് ഈ വര്‍ഷം 50 ശതമാനത്തോളമാണ് മുട്ട വില വര്‍ധിച്ചത്. 2025 ല്‍ 12 മുട്ടകള്‍ക്ക് വില 4.95 ഡോളറിലേക്ക് എത്തിയിരുന്നു എന്നാണ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിക്സ്റ്റിക്സിന്‍റെ കണക്ക്. ചില വലിയ നഗരങ്ങളില്‍ 12 മുട്ടയ്ക്ക് 10.99 ഡോളറാണ് നല്‍കേണ്ട വില. ഒരു മുട്ടയ്ക്ക് 80 രൂപയോളം നല്‍കണമെന്ന് അര്‍ഥം.
ഈ വര്‍ഷം 41 ശതമാനത്തോളം മുട്ട വില വര്‍ധിക്കുമെന്നാണ് യുഎസ് കാര്‍ഷിക വകുപ്പ് പ്രതീക്ഷിക്കുന്നത്. അതേസമയം മുട്ട കഴിക്കാന്‍ അധിക നിരക്ക് നല്‍കേണ്ട അവസ്ഥയാണ് അമേരിക്കകാര്‍ക്ക്. പല റസ്റ്റോറന്‍റുകളും യുഎസില്‍ മുട്ട ചേര്‍ത്തുള്ള വിഭവങ്ങള്‍ക്ക് സര്‍ചാര്‍ജ് ഈടാക്കുകയാണെന്നാണ് വിവരം. നഗരങ്ങളും റസ്റ്റോറന്‍റും അനുസരിച്ച് വിലയില്‍ വ്യത്യാസം വരും. വാഫില്‍ ഹൗസില്‍ ഓരോ മുട്ടയ്ക്കും 50 ശതമാനം സര്‍ചാര്‍ജാണ് ഈടാക്കുന്നത്.
ഇതോടെ കാനഡയില്‍ നിന്നും യുഎസിലേക്ക് നിയമവിരുദ്ധമായി എത്തുന്ന സാധനം മുട്ടായായി മാറിയിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കളുടെ ഡാറ്റ അടിസ്ഥാനമാക്കി ലഹരിയായ ഫെന്റാനിനേക്കാള്‍ മുട്ടകളാണ് കാനേഡിയന്‍ അതിര്‍ത്തി വഴി യുഎസിലേക്ക് എത്തുന്നത് എന്നാണ് വിവരം. മുട്ട കള്ളകടത്തിന് ശ്രമിക്കുന്നവരുടെ എണ്ണത്തില്‍ 36 ശതമാനം വര്‍ധനമാണ് 2024 ഒക്ടോബര്‍ മുതല്‍ ഉണ്ടായിരിക്കുന്നത്.