ഫയല്‍ ചിത്രം: Arun Sreedhar
ചൈനീസ് വന്‍മതിലിന് നേരെ നഗ്നമായ പിന്‍ഭാഗം കാട്ടി ചിത്രം പകര്‍ത്തിയ വിനോദസഞ്ചാരികളെ രണ്ടാഴ്ച തടവിലിട്ട ശേഷം നാടുകടത്തി ചൈന. ജപ്പാനില്‍ നിന്നുള്ള വിനോദസഞ്ചാരികളായ യുവാവും യുവതിയുമാണ് ചൈനയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയതിനെ തുടര്‍ന്ന് നിയമനടപടി നേരിട്ടതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് എന്‍ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ബെയ്ജിങിലെ ലോക പൈതൃക കേന്ദ്രത്തിന് സമീപം വച്ചായിരുന്നു സംഭവം. യുവാവ് തന്‍റെ നഗ്നമായ പിന്‍ഭാഗം ചൈനീസ് വന്‍മതിലിന് നേരെ പ്രദര്‍ശിപ്പിച്ച് നിന്നത് യുവതിയാണ് ക്യാമറയില്‍ പകര്‍ത്തിയത്. പൊതുസ്ഥലത്ത് നഗ്നതാപ്രദര്‍ശനം നടത്തുന്നത് ചൈനയില്‍ കുറ്റകരമായതിനാലാണ് ഇവരെ അറസ്റ്റ് ചെയ്യുകയും തടവിലാക്കുകയും ചെയ്തതെന്ന് അധികൃതര്‍വിശദീകരിച്ചു. ജനുവരി മൂന്നിനായിരുന്നു സംഭവം. തടവിലാക്കി രണ്ടാഴ്ചയ്ക്ക് ശേഷം ഇവരെ മോചിപ്പിക്കുകയും ജപ്പാനിലേക്ക് മടക്കി അയയ്ക്കുകയുമായിരുന്നു.
അതേസമയം, വെറുതേ തമാശയ്ക്ക് ചെയ്തതാണെന്നും ആരെയും വേദനിപ്പിക്കാനോ, അപമാനിക്കാനോ ചെയ്തതല്ലെന്നും ഇരുവരും ജാപ്പനീസ് എംബസിയില്‍ വിശദീകരണം നല്‍കി. കടുത്ത പ്രതിഷേധമാണ് ഇവരുടെ നടപടിക്കെതിരെ ചൈനയില്‍ ഉയര്‍ന്നത്. അധിനിവേശകാലത്തെ മനോഭാവം ജപ്പാന് ഇതുവരേക്കും മാറിയിട്ടില്ലെന്ന് പലരും സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
വെയ്ബോയില്‍ പ്രത്യക്ഷപ്പെട്ട വിഡിയോ ദിവസങ്ങള്‍ക്കുള്ളില്‍ 60 മില്യന്‍ ആളുകളാണ് കണ്ടത്. പലരും വിനോദസഞ്ചാരികളുടെ നടപടിയെ അപലപിച്ചപ്പോള്‍ ചിലര്‍ ജപ്പാനെതിരെ വിദ്വേഷം തുളുമ്പുന്ന പ്രതികരണങ്ങളും നടത്തി. ചൈനയിലെ അഭിനേതാക്കളും സാംസ്കാരിക പ്രവര്‍ത്തകരുമടക്കം ജാപ്പനീസ് വിനോദസഞ്ചാരികളുടെ നടപടിയെ അപലപിച്ച് രംഗത്തെത്തി. ജപ്പാനില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് വരെ ഒരു സംഘം ആളുകള്‍ വാദമുയര്‍ത്തുന്നു.