Image Credit: x.com/Official_PIA
പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് ആഭ്യന്തര വിമാനം ലാഹോർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌തത് ഒരു ടയര്‍ ഇല്ലാതെ. കറാച്ചിയിൽ നിന്ന് ലാഹോറിലേക്ക് പുറപ്പെട്ട പികെ-306 വിമാനത്തിന്‍റെ പിൻചക്രങ്ങളിലൊന്ന് ലാഹോർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോള്‍ കാണാതായി. സംഭവത്തില്‍ പിഐഎ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കറാച്ചി വിമാനത്താവളത്തിൽ നിന്ന് വിമാനത്തിന്‍റെ ടയറിന്‍റെ ചില ഭാഗങ്ങൾ കണ്ടെത്തി. വിമാനം കറാച്ചിയിൽ നിന്ന് പുറപ്പെട്ടപ്പോള്‍ ടയര്‍ ഉണ്ടായിരുന്നോ, അതോ ടേക്ക് ഓഫിനിടെ വേർപെട്ട് വീണതാണോ എന്ന് അന്വേഷിച്ചുവരികയാണ്. ഷെഡ്യൂൾ പ്രകാരം പികെ-306 വിമാനം സുഗമമായ ലാൻഡിങ്ങാണ് നടത്തിയതെന്ന് പിഐഎ അധികൃതര്‍ വ്യക്തമാക്കി.
വിമാനത്തില്‍ നടത്തിയ വാക്ക്-എറൗണ്ട് പരിശോധനയിൽ പിൻഭാഗത്തെ ആറ് വീലുകളില്‍ ഒന്ന് നഷ്ടപ്പെട്ടതായിട്ടാണ് കണ്ടെത്തിയത്. പിഐഎ വിമാന സുരക്ഷാസേനയും ലാഹോർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും വിഷയം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കും. യാത്രക്കാർക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും വിമാന കമ്പനി അറിയിച്ചു.