41 ഓളം രാജ്യങ്ങളിലെ പൗരന്മാര്ക്ക് വ്യാപകമായി യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. 41 രാജ്യങ്ങളെ മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ പൂര്‍ണ വീസാ നിരോധനം ഏര്‍പ്പെടുത്തുന്ന ആദ്യ ഗ്രൂപ്പില്‍ അഫ്ഗാനിസ്ഥാൻ, ഇറാൻ, സിറിയ, ക്യൂബ, ഉത്തരകൊറിയ എന്നിവയുൾപ്പെടെ 10 രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു.
രണ്ടാമത്തെ ഗ്രൂപ്പിൽ, എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ, ദക്ഷിണ സുഡാൻ എന്നിവയുൾപ്പെടെ അഞ്ച് രാജ്യങ്ങൾക്ക് ഭാഗികമായി വീസ നിരോധനം നേരിടേണ്ടിവരും, ഇത് ടൂറിസ്റ്റ്, സ്റ്റുഡന്റ് വീസകളെ ഉള്‍പ്പെടെ ബാധിക്കും. അതേസമയം നിയന്ത്രണങ്ങളില്‍ ഇളവുകളുണ്ടായേക്കാം എന്നും റിപ്പോര്‍ട്ടുണ്ട്. മൂന്നാമത്തെ ഗ്രൂപ്പിൽ, പാകിസ്ഥാൻ, ഭൂട്ടാൻ, മ്യാൻമർ എന്നിവയുൾപ്പെടെ 26 രാജ്യങ്ങളാണുള്ളത്. ഈ രാജ്യങ്ങളിലെ സർക്കാരുകൾ 60 ദിവസത്തിനുള്ളിൽ പോരായ്മകൾ പരിഹരിക്കാൻ ശ്രമിച്ചില്ലെങ്കിൽ, യുഎസ് വീസ നൽകുന്നത് ഭാഗികമായി നിർത്തിവയ്ക്കുന്നത് പരിഗണിക്കുമെന്ന് പറയുന്നു. അതേസമയം പട്ടികയിൽ മാറ്റങ്ങൾ ഉണ്ടാകാമെന്നും ഭരണകൂടം ഇത് ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ന്യൂയോർക്ക് ടൈംസാണ് രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്.
പൂർണ്ണ വീസ നിരോധനം വരുന്ന രാജ്യങ്ങള്‍ (ആദ്യ ഗ്രൂപ്പ്): അഫ്ഗാനിസ്ഥാൻ, ക്യൂബ, ഇറാൻ, ലിബിയ, ഉത്തര കൊറിയ, സൊമാലിയ, സുഡാൻ, സിറിയ, വെനിസ്വേല, യെമൻ
ഭാഗിക വിസ നിരോധനം (രണ്ടാം ഗ്രൂപ്പ്): എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ, ദക്ഷിണ സുഡാൻ
വീസ ഭാഗികമായി നിർത്തിവയ്ക്കല്‍ പരിഗണനയിലുള്ള രാജ്യങ്ങൾ (ഗ്രൂപ്പ് 3): അംഗോള, ആന്റിഗ്വ ആൻഡ് ബാർബുഡ, ബെലാറസ്, ബെനിൻ, ഭൂട്ടാൻ, ബുർക്കിന ഫാസോ, കാബോ വെർഡെ, കംബോഡിയ, കാമറൂൺ, ചാഡ്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഡൊമിനിക്ക, ഇക്വറ്റോറിയൽ ഗിനി, ഗാംബിയ, ലൈബീരിയ
ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുഎസിലെത്തുന്ന വിദേശികളുടെ സുരക്ഷാ പരിശോധന ശക്തമാക്കണമെന്ന് ജനുവരി 20 ന് ട്രംപ് ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് യാത്ര ഭാഗികമായോ പൂർണ്ണമായോ നിർത്തിവയ്ക്കേണ്ട രാജ്യങ്ങളുടെ പട്ടിക മാർച്ച് 21 നകം സമർപ്പിക്കാൻ ഉത്തരവില്‍ ഭരണകൂടം കാബിനറ്റ് അംഗങ്ങളോട് നിർദ്ദേശിച്ചത്. ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ നടപടികളുടെ ഭാഗമാണ് ഈ നിർദ്ദേശം. 2018 ലും ട്രംപ് കുടിയേറ്റക്കാരെ നിരോധിക്കുകയും ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിസ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.