Image Credit: 1. X/@theskindoctor13
ഹമാസിനെ പിന്തുണച്ചെന്ന ആരോപണത്തില്‍ ഇന്ത്യന്‍ പിഎച്ച്ഡി വിദ്യാര്‍ഥിയുടെ വിസ റദ്ദാക്കി യുഎസ്. കൊളംബിയ സര്‍വകലാശാല വിദ്യാര്‍ഥിനി രഞ്ജനി ശ്രീനിവാസനെതിരെയാണ് യുഎസ് നടപടി. വിസ റദ്ദാക്കിയതോടെ രഞ്ജനി സ്വയം രാജ്യം വിട്ടെന്നാണ് യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചത്.
അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിക്കുകയും ഹമാസിനെ പിന്തുണയ്ക്കുകയും ചെയ്തു എന്നതാണ് രഞ്ജനിക്കെതിരായ ആരോപണം. മാര്‍ച്ച് അഞ്ചിനാണ് വിദ്യാര്‍ഥിയുടെ വിസ റദ്ദാക്കിയത്. മാര്‍ച്ച് 11 ന് രഞ്ജനി സ്വമേധയ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍റെ ഹോം ആപ്പ് ഉപയോഗിച്ച് രഞ്ജനി രാജ്യം വിടുന്ന ദൃശ്യം യുഎസ് ഹോം ലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നിയോം പങ്കുവച്ചു.
'യുഎസില്‍ പഠിക്കാനും താമസിക്കാനും വിസ ലഭിക്കുന്നത് പ്രത്യേക ആനുകൂല്യമാണ്. അക്രമത്തെയും ഭീകരവാദത്തെയും പിന്തുണച്ചാല്‍ ഈ അനുകൂല്യം റദ്ദാക്കപ്പെടും. പിന്നെ യുഎസില്‍ ഉണ്ടാകില്ല. കൊളംബിയ സര്‍വകാലാശാലയിലെ തീവ്രവാദ അനുഭാവികളിൽ ഒരാൾ സ്വമേധയ നാട്ടിലേക്ക് മടങ്ങുന്നത് കാണുന്നതിൽ സന്തോഷമുണ്ട്' എന്നാണ് ഹോം ലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നിയോം എക്സില്‍ കുറിച്ചത്.
യുഎസിൽ പലസ്തീൻ അനുകൂല പ്രവർത്തനങ്ങളിൽ ഭാഗമായ വിദേശ വിദ്യാർത്ഥികൾക്കെതിരെയുള്ള വ്യാപകമായ നടപടിയുടെ ഭാഗമാണ് രഞ്ജിനിയുടെ വിസ റദ്ദാക്കുന്നതും. വെസ്റ്റ് ബാങ്കിൽ നിന്നുള്ള പലസ്തീൻ വിദ്യാർഥിനിയായ ലെഖാ കോർഡിയയെ വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയതിന് അറസ്റ്റ് ചെയ്തിരുന്നു.
ഗ്രീൻ കാർഡ് ഉടമയായ കൊളംബിയ യൂണിവേഴ്സിറ്റി ബിരുദ വിദ്യാർഥി മഹ്മൂദ് ഖലീലിനെയും പലസ്തീന്‍ പിന്തുണയുടെ പേരില്‍ അറസ്റ്റ് ചെയ്ത് നാടുകടത്തിയിട്ടുണ്ട്. ഇത് യുഎസിലെ ഗ്രീൻ കാർഡ് ഉടമകളുടെ അവകാശങ്ങളെക്കുറിച്ചുള്ള ആശങ്കകളും ഉയര്‍ത്തിയിട്ടുണ്ട്.
ക്യാംപസുകളില്‍ ഇസ്രയേല്‍ യുദ്ധത്തിന് എതിരായ പ്രക്ഷോഭങ്ങള്‍ക്കെതിരെ ട്രംപ് സര്‍ക്കാര്‍ കടുത്ത നടപടിയാണെടുക്കുന്നത്. യുദ്ധത്തിന് എതിരായ സമരങ്ങളെ ഹമാസിനെ പിന്തുണയ്ക്കുന്നതായാണ് കണക്കാക്കുന്നത്. ഇന്ത്യക്കാരടക്കം ഒട്ടേറെ വിദേശ വിദ്യാര്‍ഥികളുള്ള കൊളംമ്പിയ സര്‍വകലാശാലയില്‍ നിന്നാണ് ട്രംപ് ക്യംപസ് ആക്ടിവിസം അവസാനിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളത്.
ആരാണ് രഞ്ജനി ശ്രീനിവാസന്‍
ഇന്ത്യക്കാരിയായ രഞ്ജനി ശ്രീനിവാസന്‍ എഫ്–1 സ്റ്റുഡന്‍ഡ് വിസയിലാണ് യുഎസിലെത്തുന്നത്. കൊളംബിയ സര്‍വകലാശാലയിലെ അര്‍ബന്‍ പ്ലാനിങില്‍ ഗവേഷക വിദ്യാര്‍ഥിനിയാണ്. മികച്ച അക്കാദമിക നിലവാരമുള്ള രഞ്ജനി വിദേശ പഠനത്തിന് ഹാര്‍വാര്‍ഡിലെത്തുന്നതിന് മുന്‍പ് ഇന്ത്യയില്‍ നിന്നാണ് ബിരുദം നേടിയത്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിദേശ പഠനത്തിന് അവസരം നല്‍കുന്നതിനുള്ള നെഹ്‌റു, ഇൻലാക്സ് സ്‌കോളർഷിപ്പുകൾ രഞ്ജിനി നേടിയിട്ടുണ്ട്.
അഹമ്മദാബാദിലെ സെന്റർ ഫോർ എൻവയോൺമെന്റൽ പ്ലാനിംഗ് ആൻഡ് ടെക്നോളജി (സിഇപിടി സര്‍വകലാശാല)യില്‍ നിന്നും ഡിസൈനില്‍ ബിരുദം നേടിയ ശേഷമാണ് യുഎസിലെത്തിയത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഡിസൈനില്‍ ബിരുദാനന്തര ബിരുദവും കൊളംബിയ സര്‍വകലാശലയില്‍ നിന്ന് അര്‍ബന്‍ പ്ലാനിങില്‍ എംഫിലും നേടിയിട്ടുണ്ട്. നഗരപ്രാന്ത ഇന്ത്യയിലെ ഭൂ-തൊഴിലാളി ബന്ധങ്ങൾ, രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥ എന്നിവയെ പറ്റിയാണ് രഞ്ജനിയുടെ ഗവേഷണം.