Image Credit: Instagram
പുതിയകാലത്ത് അവസരങ്ങള്‍ പലതാണ്, ഫലപ്രദമായി ഉപയോഗിക്കുകയാണ് പ്രധാനം. തിരഞ്ഞെടുക്കുന്ന ജോലിയിലെ വ്യത്യസ്തത ചിലപ്പോള്‍ ജീവിതം തന്നെ മാറ്റിമറിക്കും. അത്തരമൊരു ജീവിതമാണ് ഓസ്ട്രേലിയക്കാരി റൂബി ജേഡിന്‍റേത്. പ്രൊഫഷണല്‍ ഗേള്‍ ഫ്രണ്ട് എന്ന ജോലിയാണ് റൂബി തിരഞ്ഞെടുത്തത്. ഒന്നുകാണാന്‍ ലക്ഷങ്ങള്‍ ചെലവാക്കാന്‍ ആളും തയ്യാറായപ്പോള്‍ ജീവിതം തന്നെ മാറി.
ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ നിന്നുള്ള ആളാണ് റൂബി ജേഡ്. പ്രായം 24 വയസ്. റൂബി ജേഡ് തന്‍റെ ടിക്ടോക്ക് വിഡിയോയിലൂടെയാണ് ജോലിയുടെ വിശദാംശങ്ങള്‍ പറയുന്നത്. കോടീശ്വരിയാവുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് റൂബി പറയുന്നു. അതിനായി 2025 ല്‍ പുതിയൊരു തുടക്കം കുറിച്ചു. സംഭവം വിജയകരമാണെന്ന വിശദാംശങ്ങളാണ് യുവതി പങ്കിടുന്നത്.
വാലന്‍ഡൈന്‍സ് ഡേ യാത്രയെ കുറിച്ചാണ് യുവതി വിഡിയോയില്‍ വാചാലയാകുന്നത്. സിംഗപ്പുരില്‍ നിന്നുള്ള 'കാമുകനു'മൊപ്പമായിരുന്നു ആഘോഷം. വിമാന യാത്രയുടെയും ചിലവും അയാള്‍ ഏറ്റെടുത്തു. വിമാനത്തിലും ബിസിനസ് ലോഞ്ചിലുമായി അല്‍പനേരം മാത്രമാണ് നേരില്‍ കണ്ടതെങ്കിലും മൂന്ന് ലക്ഷം രൂപയാണ് (5,500 ഓസ്‌ട്രേലിയൻ ഡോളർ) യുവാവ് ചെലവാക്കിയത്. 54,000 രൂപ ടിപ്പായും നല്‍കി. ഇതിനൊപ്പം സ്മാര്‍ട്ട് ലാംപ്, ആമസോണ്‍ അലക്സ, ബാത്ത്മാറ്റ് എന്നിവയടക്കം 46,000 രൂപ വിലമതിക്കുന്ന സമ്മാനങ്ങളും ലഭിച്ചു.
വെറും അഞ്ച് മിനിറ്റോളമാണ് ഇരുവരും ചെലവഴിച്ചതെന്ന് യുവതി പറയുന്നു. ഹോട്ടലിന്‍റെ 18ാം നിലയിലായിരുന്നു, അയാള്‍ എട്ടാം നിലയിലും. വിമാനയാത്രയ്ക്കിടയിലും ഓരോ വിമാനയാത്രയ്ക്ക് മുന്‍പു് ബിസിനസ് ക്ലാസ് ലോഞ്ചിൽ വെച്ചുമാണ് ഞാൻ അദ്ദേഹത്തെ കണ്ടത് എന്ന് യുവതി വിശദീകരിച്ചു. കമന്‍റില്‍ യുവതിയുടെ ജോലിയെ പറ്റിയുള്ള ആശ്ചര്യവും കൗതുകവും നിറയുന്നുണ്ട്. എങ്ങനെ ഈ ഇന്‍ഡസ്ട്രിയിലേക്ക് കടന്നുവരനാകും എന്നാണ് ഒരാളുടെ കമന്‍റ്. ഇഷ്ടമായി, ഇതുപോലെ എന്തെങ്കിലും ചെയ്യണമെന്നാണ് മറ്റൊരാളുടെ അഭിപ്രായം.