മരണത്തെ മുഖാമുഖം കണ്ട 95നാള്‍, ഒടുവില്‍ ജീവിതം മുറുകെപ്പിടിച്ച് കരയിലേക്ക് മടക്കം. സിനിമയെപ്പോലും വെല്ലുന്ന ജീവിതകഥയാണ് 61കാരന്‍ മാക്സിമോ നാപാ കാസ്ട്രോയുടേത്. പെറൂവിയന്‍ മത്സ്യബന്ധന തൊഴിലാളിയായ മാക്സിമോയുടെ തിരിച്ചുവരവാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും ശ്രദ്ധനേടുന്നത്. ഭക്ഷണവും വെളളവുമില്ലാതെ നടുക്കടലില്‍ ഒറ്റപ്പെട്ട 95 ദിവങ്ങളിലും മനസ് മുഴുവന്‍ അമ്മയെക്കുറിച്ചുളള ചിന്തകളായിരുന്നെന്ന് മാക്സിമോ പറയുന്നു. മാക്സിമോയുടെ മടങ്ങിവരവ് ആഘോഷമാക്കുകയാണ് ജന്മനാടായ സാന്‍ഡ്രീസ് ദ്വീപ്.
പെറുവിയന്‍ പോർട്ടായ മാർകോനയില്‍ നിന്നും 2024 ഡിസംബർ ഏഴിനാണ് മാക്സിമോ ഒരു മാസത്തേക്കുള്ള ഭക്ഷണങ്ങളുമായി മത്സ്യബന്ധനത്തിനായി ഉള്‍ക്കടലിലേക്ക് പുറപ്പെടുന്നത്. മത്സ്യമുട്ടകൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ യാത്ര പുറപ്പെട്ട് രണ്ട് ആഴ്ചകള്‍ക്ക് ശേഷം മാക്സിമോയുടെ ബോട്ടിന്‍റെ എന്‍ജിന്‍ കേടായി. കടലില്‍ നിന്ന് എന്ന് കരയിലെത്തും എന്നറിയാത്തതിനാല്‍ തന്‍റെ പക്കലുളള അരിയും സാധനങ്ങളും വളരെ സൂക്ഷിച്ചും പരിമിതപ്പെടുത്തിയുമാണ് മാക്സിമോ ഉപയോഗിച്ചിരുന്നത്. ഭക്ഷണത്തിന്‍റെ അളവും മാക്സിമോ കുറച്ചു. മഴവെള്ളം ശേഖരിച്ച് കുടിക്കാനായി ഉപയോഗിച്ചു. എന്നാല്‍ ഇത്തരത്തില്‍ അധികനാള്‍ ജീവന്‍ പിടിച്ചുനിര്‍ത്താനാവില്ലെന്ന് അയാള്‍ക്കറിയാമായിരുന്നു.
ദിവസങ്ങളും ആഴ്ച്ചകളും മാസങ്ങളും കടന്നുപോയി. ഒരു കപ്പലോ ഹെലിക്കോപ്റ്ററോ അതുവഴി വന്ന് തന്നെ രക്ഷിക്കുമെന്ന വിശ്വാസത്തില്‍ നടുക്കടലില്‍ വിശന്ന് വലഞ്ഞ് മാക്സിമോ ദിവസങ്ങള്‍ തളളിനീക്കി. ഭക്ഷണസാധനങ്ങള്‍ തീര്‍ന്നതോടെ ബോട്ടിലെ പാറ്റകളെ തിന്നും വല്ലപ്പോഴും പറന്നെത്തുന്ന പക്ഷികളെയും ആമകളെയും ഭക്ഷിച്ച് ദാഹിക്കുമ്പോൾ അവയുടെ രക്തം കുടിച്ച് മാക്സിമോ ജീവന്‍ നിലനിര്‍ത്തി. മഴപെയ്യാതായതോടെ കുടിവെളളമെന്ന പ്രതീക്ഷയും അസ്തമിച്ചു. ഓരോ ദിവസവും തന്‍റെ അമ്മയെക്കുറിച്ചോര്‍ത്താണ് ദിനരാത്രങ്ങള്‍ തളളിനീക്കിയിരുന്നതെന്ന് മാക്സിമോ പറയുന്നു. തനിക്ക് അമ്മയും മക്കളുമുണ്ട് അവരെ കാണാതെ താന്‍ മരിക്കില്ല എന്ന വിശ്വാസമാണ് തന്നെ ജീവിതം തിരികെപ്പിടിക്കാന്‍ സഹായിച്ചതെന്നും മാക്സിമോ പറയുന്നു.
നീണ്ട 95 ദിവസങ്ങള്‍ക്കൊടുവില്‍ മാർച്ച് 12 ന്, ഇക്കഡോറിന്‍റെ ഉടമസ്ഥതയിലൂള്ള ട്യൂണയെ വേട്ടയാടുന്ന മത്സ്യ ബന്ധന ബോട്ട് നടുക്കലില്‍ ഒറ്റപ്പെട്ട മാക്സിമോയുടെ ബോട്ട് കണ്ടെത്തി. വെളളം കുടിക്കാതെയും ഭക്ഷണം കഴിക്കാതെയും തളര്‍ന്ന് വീണുകിടക്കുന്ന മാക്സിമോയെയാണ് അവര്‍ക്ക് ബോട്ടില്‍ കാണാന്‍ സാധിച്ചത്. രക്ഷപ്പെടുന്നതിന് 15 ദിവസം മുന്‍പാണ് മാക്സിമോ അവസാനമായി എന്തെങ്കിലും കഴിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മാക്സിമോ മരിച്ചെന്ന് കരുതിയ ബന്ധുക്കള്‍ക്കിടയിലേക്ക് 95ാം നാള്‍ ആ സന്തോഷവാര്‍ത്തയെത്തി. മാക്സിമോ തിരികെയെത്തുന്നു. മാക്സിമോയെ കണ്ടെത്തിയ മത്സ്യ ബന്ധന ബോട്ട് ഉടനെതന്നെ ഒരു ഹെലിക്കോപ്റ്ററിന്‍റെ സഹായത്തോടെ അയാളെ പെറുതീരമായ ഗാർഡ് വെസലില്‍ എത്തിച്ചു. വലിയ ആഘോഷത്തോടെയാണ് മാക്സിമോയെ കുടുംബവും ബന്ധുക്കളും സ്വീകരിച്ചത്. മാക്സിമോയുടെ അതിജീവനകഥയും വിഡിയോയും ശ്രദ്ധനേടിയതോടെ ഈ 61കാരന്‍റെ ആത്മധൈര്യത്തിനും നിശ്ചയദാര്‍ഢ്യത്തിനും കയ്യടിക്കുകയാണ് സോഷ്യല്‍ ലോകം.