ഗാസയില്‍ ശക്തമായ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കടന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി വെടിനിര്‍ത്തില്ലെന്ന് പ്രഖ്യാപിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ഇതൊരു തുടക്കം മാത്രമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
യുദ്ധം തുടങ്ങിയ നാളുകളിലെ സ്ഥിതിയാണ് ഗാസയിലിപ്പോള്‍.ഘാന്‍ യൂനിസില്‍ ഇസ്രയേല്‍ കനത്ത ബോംബാംക്രമണം തുടരുകയാണ്. വെടിനിര്‍ത്തലിനെത്തുടര്‍ന്ന് തിരികെയെത്തിയവരൊക്കെ വീണ്ടും പലായനം ആരംഭിച്ചു കഴിഞ്ഞു.
ഭക്ഷണവും ഇന്ധനവും വെളളവുമടക്കം ഗാസയിലേക്കുള്ള എല്ലാ സഹായവും രണ്ടാഴ്ചയായി ഇസ്രയേല്‍ തടഞ്ഞിരിക്കുകയാണ്. ഹോസ്പിറ്റലുകളൊന്നും പ്രവര്‍ത്തിക്കാത്തതിനാല്‍ പരുക്കേറ്റവര്‍ക്ക് വേണ്ട ചികില്‍സാസംവിധാനങ്ങളൊന്നും നിലവില്‍ ഗാസയിലില്ല. പുതിയ സാഹചര്യം ഹമാസ് ക്ഷണിച്ചുവരുത്തിയതാണെന്ന നിലപാടെടുത്ത യുഎസ് ഇസ്രയേലിന് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്.
കൈവശമുള്ള അന്‍പതിലേറെ ബന്ദികളെ വിട്ടയക്കാന്‍ ഹമാസ് തയാറാകുന്നതുവരെ വെടിനിര്‍ത്തിയുള്ള ചര്‍ച്ചകള്‍ നടക്കില്ലെന്ന് ബെന്യമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രയേല്‍ അതിര്‍ത്തിമേഖലകളില്‍ നിന്ന് ആളുകളോട് വീണ്ടും ഒഴിയാന്‍ നിര്‍ദേശം നല്‍കിയതോടെ, രണ്ടുമാസം നീണ്ട വെടിനിര്‍ത്തിലിനൊടുവില്‍ വീണ്ടും പഴയ രക്തച്ചൊരിച്ചിലേക്കാണ് ഗാസയുടെ പോക്കെന്ന് ഏറെക്കുറെ വ്യക്തമായി.