ഒന്‍പതുമാസമായി ബഹിരാകാശത്ത് കുടുങ്ങിയ സുനിതയേയും ബുച്ചിനേയും മടക്കിക്കൊണ്ടുവന്നതിന് ഇലോണ്‍ മസ്കിനും സ്പേസ് എക്സിനും നാസയ്ക്കും നന്ദി പറഞ്ഞ് വൈറ്റ് ഹൗസ്.സ്പേസ് എക്സിനും നാസയ്ക്കും അഭിന്ദനമെന്ന് ഇലോണ്‍ മസ്കും കുറിച്ചു.ഇരുവരേയും മുന്‍ പ്രസിഡന്റ് ബൈഡന്‍ ഉപേക്ഷിച്ചതായി ട്രംപ് തിരഞ്ഞെടുപ്പ് കാലത്ത് ആരോപിച്ചിരുന്നു.
സുനിതയും ബുച്ചും ഭൂമിയില്‍ തിരിച്ചെത്തിയതോടെ രാഷ്ട്രീയ വാദപ്രതിവാദങ്ങളും ചൂടുപിടിക്കുകയാണ്. ഇരുവരേയും മടക്കിക്കൊണ്ടു വന്നതിന് മസ്കിന് നന്ദി പറയുന്നതോടൊപ്പം പ്രസിഡന്‍റ് ട്രംപ് നല്‍കിയ ഉറപ്പ് പാലിച്ചെന്നും വൈറ്റ് ഹൗസ് എക്സില്‍ കുറിച്ചു. നാസയേയും സ്പേസ് എക്സിനേയും അഭിനന്ദിച്ചതിനോടൊപ്പം ദൗത്യത്തിന് മുന്‍ഗണന നല്‍കിയതിന് സുഹൃത്തും യു.എസ് പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപിന് നന്ദി പറഞ്ഞാണ് മസ്കിന്റെ ട്വീറ്റ്. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സ്പേസ് എക്സ് ബഹിരാകാശത്തില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ സന്നദ്ധമായിരുന്നെന്നും രാഷ്ട്രീയ കാരണങ്ങള്‍ പറഞ്ഞ് ബൈഡന്‍ ഭരണകൂടം അത് നിരസിച്ചുവെന്നും മസ്ക് ആരോപിച്ചത്.
ജനുവരിയില്‍ ഇവരെ എത്രയും വേഗം തിരിച്ചുകൊണ്ടുവരണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നതായും മസ്ക് പറഞ്ഞിരുന്നു . തിരഞ്ഞെടുപ്പില്‍ വിജയിച്ചതുമുതല്‍ ബൈഡന്‍ ഭരണകൂടത്തിനെതിരെ നിരന്തരം ഈ വിഷയം ഉന്നയിച്ച് ട്രംപ് ആരോപണം ഉയര്‍ത്തിയിരുന്നു. അതേസമയം ബഹിരാകാശ യാത്രികരുടെ തിരിച്ചുവരവ് തങ്ങളുടെ വിജയമെന്ന് ട്രംപ് അവകാശപ്പെടുമ്പോള്‍ നാസ അതിനോട് യോജിക്കുന്നില്ല. ബഹിരാകാശ യാത്രികര്‍ കുടുങ്ങിയതല്ലെന്നും ദൗത്യം നീണ്ടുപോയെന്നുമാണ് നാസയുടെ നിലപാട്. ബോയിങ്ങുമായുള്ള കരാര്‍ തുടരുമെന്നും നാസ വ്യക്തമാക്കുന്നു.