ലണ്ടനില്‍ വൈദ്യുതി സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടര്‍ന്ന് ഹീത്രൂ വിമാനത്താവളം അടച്ചിട്ടു. ലണ്ടനില്‍ പതിനാറായിരത്തിലധികം വീടുകളില്‍ വൈദ്യുതിയില്ല. ആയിരത്തിലധികം വിമാനസര്‍വീസുകള്‍ തടസപ്പെട്ടു. വിമാനത്താവളം തുറക്കുന്നതില്‍ തീരുമാനമായില്ല
ലണ്ടനിലെ ഹെയ്സിലുള്ള നോര്‍ത്ത് ഹൈഡ് ഇലക്ട്രിക്കല്‍ സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടര്‍ന്നാണ് ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ വിമാനത്താവളമായ ഹീത്രൂ അടച്ചിട്ടത്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. ഏഴ് മണിക്കൂറിലധികമെടുത്താണ് തീപിടിത്തം നിയന്ത്രിക്കാനായത്. വൈദ്യുതി എപ്പോള്‍ പുനഃസ്ഥാപിക്കാനാകും എന്നതിലും വ്യക്തതയില്ല. ഹീത്രു വിമാനത്താവളത്തിലേക്ക് വരേണ്ടതും ഹീത്രുവില്‍ നിന്ന് പുറപ്പെടേണ്ടതുമായ 1350 വിമാന സര്‍വീസുകള്‍ തടസപ്പെട്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
പൊട്ടിത്തെറിയുണ്ടായ സമയത്ത് ആകാശത്തുണ്ടായിരുന്ന 120 വിമാനങ്ങള്‍ ലണ്ടന് പുറത്തുള്ള ഗാറ്റ്‌വിക് എയര്‍പോര്‍ട്ടിലും പാരിസ്, അയര്‍ലന്‍ഡിലെ ഷാനോന്‍ വിമാനത്താവളങ്ങളിലുമായി ഇറക്കി. ചില വിമാനങ്ങള്‍ പുറപ്പെട്ടിടത്തേക്ക് തിരിച്ചുപറന്നു. ഹീത്രുവിലേക്കുള്ള എല്ലാ വിമാനങ്ങളും ഒരുദിവസത്തേക്ക് റദ്ദാക്കിയെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഫ്രഞ്ച് എയര്‍ലൈനായ എയര്‍ ഫ്രാന്‍സും ഹീത്രുവിലേക്കുള്ള ഇന്നത്തെ വിമാനങ്ങള്‍ റദ്ദാക്കി. ഹീത്രുവിലേക്കുള്ള വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകാന്‍ ദിവസങ്ങളെടുക്കും. ലണ്ടനിലെ മറ്റ് വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് തടസമില്ല.