Image: Right(Meta AI), Left(facebook.com/flyMCO/)
വളര്‍ത്തുനായയെ വിമാനത്താവളത്തിലെ ശുചിമുറിയില്‍ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ യാത്രക്കാരി അറസ്റ്റില്‍. അമേരിക്കയിലാണ് സംഭവം. വിമാനയാത്രയില്‍ നായ്ക്കുട്ടിയെ ഒപ്പം കൂട്ടാനുള്ള അനുമതി അധികൃതര്‍ നിഷേധിച്ചതോടെയാണ് 57കാരി ഈ ക്രൂരകൃത്യം ചെയ്തത്. ഡിസംബറില്‍ ഒര്‍ലാന്‍ഡോ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു സംഭവമുണ്ടായതെന്ന് ഇന്‍ഡിപെന്‍ഡന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീകളുടെ ശുചിമുറിയില്‍ ചത്ത മൃഗത്തെ കണ്ടെത്തിയതായി ശുചീകരണത്തൊഴിലാളികള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അലീസ അഗത ലോറന്‍സ് എന്ന സ്ത്രീ പിടിയിലായത്. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതാക്കുറ്റം ചുമത്തി ഇവരെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.
വളര്‍ത്തുമൃഗങ്ങളെ വിമാനത്തില്‍ കൊണ്ടുപോകുന്നതിന് കൃത്യമായ രേഖകള്‍ ആവശ്യമാണ്. എന്നാല്‍ യഥാസമയം രേഖകള്‍ ഹാജരാക്കാന്‍ അലീസയ്ക്ക് കഴിയാതെ വന്നതോടെ നായ്ക്കുട്ടിയെ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ ശുചിമുറിയിലേക്ക് പോയ അലീസ, വാഷ്ബേസിനില്‍ വെള്ളം നിറച്ച ശേഷം നായ്ക്കുട്ടിയെ അതില്‍ മുക്കിക്കൊന്നു. മാലിന്യം നിക്ഷേപിക്കുന്ന വീപ്പയില്‍ നിക്ഷേപിച്ചതിന് പിന്നാലെ ഒന്നും സംഭവിച്ചിട്ടില്ലാത്തതു പോലെ യാത്ര തുടരുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.
ശുചിമുറി വൃത്തിയാക്കാനെത്തിയ തൊഴിലാളികളാണ് ചത്തുകിടക്കുന്ന നായ്ക്കുട്ടിയെ കണ്ടത്. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അലീസയാണ് പ്രതിയെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അലീസയ്ക്ക് പൂഡില്‍ ഇനത്തില്‍പ്പെട്ട നായ്ക്കുട്ടി ഉണ്ടായിരുന്നതായി അയല്‍വാസികളും സ്ഥിരീകരിച്ചു. ഇതോടെയാണ് അറസ്റ്റിലേക്ക് നീങ്ങിയത്.
നായ്ക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും എങ്ങനെയാണ് അരുമമൃഗത്തെ ഇത്ര ക്രൂരമായി ഇല്ലാതെയാക്കാന്‍ അലീസയ്ക്ക് കഴിഞ്ഞതെന്നും അനിമല്‍ റൈറ്റ്സ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഒരു കുപ്പി വെള്ളം കമഴ്ത്തി കളയുന്നത് പോലെയോ, അധികഭാരം കുറയ്ക്കാന്‍ ഷാംപൂ ബോട്ടില്‍ എറിഞ്ഞുകളയുന്നത് പോലെയോ അല്ല ഒരു ജീവനെ ഇല്ലാതെയാക്കുന്നതെന്നും ബ്രയാന്‍ വില്‍സനെന്നയാള്‍ കുറിച്ചു.