singer-pic

Image Credit: Instagram

ദയാവധത്തിന് അനുമതി തേടി ബ്രിട്ടനിൽ നിന്നുള്ള ​ഗായകൻ. ഇരുപത്തെട്ടുകാരനായ ജോസഫ് അവ്വ ഡാർകോയാണ് നെതർലാൻഡ്സ് സര്‍ക്കാരിനോട് ദയാവധത്തിന് അനുമതി തേടിയിരിക്കുന്നത്. കടുത്ത മാനസിക പ്രശ്നത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും നിയപരമായി ജീവിതം അവസാനിപ്പിക്കാനാണ് ആഗ്രമെന്നും ജോസഫ് അവ്വ ഡാർകോ പറയുന്നു. ഇന്‍സ്റ്റഗ്രാം പേജിലൂടെ ജോസഫ് തന്‍റെ ജീവിതകഥയും ദയാവധത്തിന് അനുമതി തേടുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും പങ്കുവയ്ക്കുന്നുണ്ട്. ദ് ലാസ്റ്റ് സപ്പർ പ്രൊജക്റ്റ് എന്ന പേരിലാണ് ജോസഫ് തന്റെ കഥ മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കുന്നത്.

ദശകങ്ങളായി താൻ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത് കടുന്ന മാനസികാരോ​ഗ്യപ്രശ്നങ്ങളിലൂടെയാണ് ജോസഫ് പറയുന്നു. ദയാവധം നിയമപരമായി നടപ്പിലാക്കുന്ന രാജ്യമാണ് നെതര്‍ലാന്‍ഡ്. അതിനാല്‍ ജോസഫ് മാസങ്ങളായി താമസം നെതര്‍ലാന്‍ഡ്സിലേക്ക് മാറ്റിയിരിക്കുകയാണ്. 'എനിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ട്, നിയമപരമായി ജീവിതം അവസാനിപ്പിക്കാൻ നെതർലന്റ്സിലേക്ക് മാറിയിരിക്കുകയാണ് എന്ന് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ജോസഫ് പറയുന്നു. നെതര്‍ലാന്‍ഡ്സിലെ ദയാവധവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയെന്നും കഴിഞ്ഞ അഞ്ചുവർഷമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനത്തിലേക്ക് എത്തിയതെന്നും ജോസഫ് പറയുന്നു.

ജീവിതത്തെ താന്‍ വിലകുറച്ചൊരിക്കലും കണ്ടിട്ടില്ല. ജീവിക്കാൻ യോ​ഗ്യനല്ല താനെന്നും ചിന്തിച്ചിട്ടില്ല. എന്നാല്‍ താൻ കടന്നുപോകുന്ന മാനസികാരോ​ഗ്യപ്രശ്നം തീർത്തും സഹിക്കാനാവാത്തതാണ്. ഇത്തരത്തില്‍ ജീവിതം അവസാനിപ്പിക്കുന്നതിനൊരു അന്തസുണ്ടെന്നും ജോസഫ് പറയുന്നു. ബൈപോളാര്‍ ഡിസോഡറാണ് തന്‍റെ പ്രധാനപ്രശ്നമെന്നും ജോസഫ് വ്യക്തമാക്കുന്നു. ഈ വിഷയത്തെ സംബന്ധിച്ച് നിരവധിപേരുമായി ജോസഫ് ആശയവിനിമയം നടത്താറുണ്ട്. തന്‍റെ ഈ തീരുമാനം മറ്റൊരാളും അനുകരിക്കരുതെന്നും ജോസഫ് പറയുന്നു.

PTSD ( Post-traumatic stress disorder) എന്ന അവസ്ഥയും താന്‍ ദിനംപ്രതി നേരിടുകയാണെന്നും ജോസഫ് പറയുന്നു. അതേസമയം ജോസഫിന്‍റെ പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ നിരവധിയാളുകളാണ് അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയത്. ചിലർ ജോസഫിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞപ്പോൾ മറ്റുചിലർ മനസ്സുമാറ്റൂവെന്ന് അഭ്യർഥിച്ചു. ദയാവധം എന്ന തീരുമാനത്തില്‍ നിന്ന് മാറി മാനസികാരോഗ്യം വീണ്ടെടുക്കാന്‍ ഉപദേശിക്കുന്നവരാണ് ഏറെയും. ഇതിനിടിയല്‍ 'ഡിയര്‍ ആര്‍ട്ടിസ്റ്റ്' എന്ന പുസ്തകം പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ് ജോസഫ്. അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്നും ജോസഫ് പറയുന്നു. അത് വരെ ചിലപ്പോള്‍ തനിക്ക് ജീവനുണ്ടാകുമെന്നും അതിന് ശേഷം ഞാന്‍ എന്‍റെ വീട്ടിലേക്ക് മടങ്ങാന്‍ തയാറാണെന്നും ജോസഫ് കുറിച്ചു. 

(ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല)

ENGLISH SUMMARY:

UK artist with bipolar disorder seeks euthanasia