തന്നെ പിടിച്ച പൊലീസിനെ അഭിനന്ദിച്ച് കൊലക്കേസ് പ്രതി ലിഷോയ്. അതിസാഹസികമായാണ് പൊലീസ് തന്നെ പിടിച്ചതെന്നും പൊലീസ് ഉദ്യാഗസ്ഥര്‍ സൂപ്പറാണെന്നുമായിരുന്നു പെരുമ്പിലാവില്‍ യുവാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി ലിഷോയിയുടെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് പെരുമ്പിലാവ് സ്വദേശി അക്ഷയെ ലിഷോയിയും സംഘവും വെട്ടിക്കൊലപ്പെടുത്തിയത്. ലഹരി വിറ്റതിന് ലിഷോയ് പിടിയിലായതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ കൂട്ടുപ്രതികളായ ആകാശ് ,നിഖില്‍ എന്നിവരെയും പൊലീസ് അറസ്റ്റുചെയ്തു.
അറസ്റ്റിന് ശേഷം കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതി ലിഷോയ് പൊലീസിനെ അഭിനന്ദിക്കുന്നതായി അറിയിച്ചത്. ലിഷോയിയുടെ വാക്കുകള്‍ ഇങ്ങനെ..'അതിസാഹസകമായിട്ട് എന്നെ പിടിച്ചു. സാറന്മാര്‍ സൂപ്പര്‍ ആയതുകൊണ്ട് കഴിഞ്ഞു. ഇങ്ങോട്ട് തന്നാല്‍ അങ്ങോട്ടും കൊടുക്കും' എന്നാണ് ലിഷോയ് പറഞ്ഞത്. താന്‍ കീഴടങ്ങിയതല്ല അതിസാഹസികമായാണ് തന്നെ പൊലീസ് പിടിച്ചതെന്ന് വ്യക്തമാക്കുന്ന പ്രതിയുടെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.
തൃശൂര്‍ പെരുമ്പിലാവില്‍ ഇന്നലെ രാത്രിയോടെയാണ് കൊലപാതകം നടന്നത്. ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയും കഞ്ചാവ് കച്ചവടക്കാരനുമാണ് കൊല്ലപ്പെട്ട അക്ഷയ്. കയ്യില്‍ വടിവാളുമായി ഭാര്യയെയും കൊണ്ടാണ് കഴിഞ്ഞ ദിവസം രാത്രി അക്ഷയ് ലിഷോയിയുടെ വീട്ടിലെത്തിയത്. ലിഷോയിയുടെ വീട്ടില്‍ ഈ സമയം സുഹൃത്തുക്കളായ ബാദുഷ, ആകാശ്, നിഖില്‍ എന്നിവരുമുണ്ടായിരുന്നു. വീട്ടിലെത്തിയ ഉടന്‍ ലിഷോയിയുടെ വാഹനം അക്ഷയ് അടിച്ചുതകര്‍ത്തു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഈ സമയത്ത് പുറത്തേയ്ക്ക് വന്ന ബാദുഷയെയും ലിഷോയിയെും വടിവാളുപയോഗിച്ച് അക്ഷയ് വെട്ടിപ്പരുക്കേല്‍പ്പിച്ചു. മദ്യലഹരിയിലായിരുന്ന ബാദുഷയും ലിഷോയിയും ഈ വടിവാള്‍ പിടിച്ചുവാങ്ങി തിരിച്ച് വെട്ടിയതോടെയാണ് അക്ഷയ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു .
കൊലയ്ക്ക് മുന്‍പ് റെന്‍ഡ് എ കാറിനെച്ചൊല്ലിയും ഇരുവരും തമ്മില്‍ പോര്‍വിളി നടന്നെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട അക്ഷയും അറസ്റ്റിലായ ലിഷോയിയും സംഘവും ലഹരിക്കച്ചവടക്കാരാണെന്നും പൊലീസ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലെ വാക്പോരും കൊലയ്ക്കു കാരണമായിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.