Thorsdottir

തനിക്ക് കൗമാരക്കാരനില്‍ നിന്നും കുട്ടിയുണ്ടെന്ന് വെളിപ്പെടുത്തി ഐസ്​ലന്‍ഡ് ശിശുക്ഷേമവകുപ്പ് മന്ത്രി ആസ്​തില്‍ഡര്‍ ലോവ തോര്‍സ്​ഡോട്ടിര്‍ രാജിവച്ചു. നിലവില്‍ 58 വയസുള്ള സെന്‍റര്‍ ലെഫ്​റ്റ് പീപ്പിള്‍ പാര്‍ട്ടിയുടെ അംഗമാണ് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്നേയുള്ള സംഭവം വെളിപ്പെടുത്തി രാജിവച്ചത്. ഐസ്​ലന്‍ഡ് മാധ്യമമായ വിസിറിന് നല്‍കിയ അഭിമുഖത്തിലാണ് ഇവരുടെ വെളിപ്പെടുത്തല്‍. 

ഒരു മതവിഭാഗത്തില്‍ കൗണ്‍സിലറായിരിക്കുമ്പോഴാണ് അവിടുത്തെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ 15 വയസ്സുള്ള ആണ്‍കുട്ടിയുമായി തനിക്ക് ബന്ധമുണ്ടായിരുന്നതെന്ന് തോര്‍സ്​ഡോട്ടിര്‍ പറഞ്ഞത്. ആ സമയത്ത് തനിക്ക് 22 വയസായിരുന്നു പ്രായം. വീട്ടിലെ ചില പ്രശ്​നങ്ങള്‍ കാരണം അഭയാര്‍ഥിയായിട്ടാണ് അവന്‍ അവിടെ എത്തിയത്. 23-ാം വയസില്‍ താന്‍ പ്രസവിച്ചു. അന്ന് തനിക്ക് സംഭവിച്ച ഒരു തെറ്റാണിതെന്നും ഇന്നായിരുന്നെങ്കില്‍ കാര്യങ്ങള്‍ മറ്റൊന്നാകുമായിരുന്നുവെന്നും തോര്‍സ്​ഡോട്ടിര്‍ പറഞ്ഞു. 

കുട്ടിയുടെ അച്ഛന്‍ ഐസ്​ലന്‍ഡ് നീതിന്യായമന്ത്രാലയത്തിന് രേഖകള്‍ സമര്‍പ്പിച്ച് കുട്ടിയെ കാണാന്‍ അനുമതി തേടിയിരുന്നു. എന്നാല്‍ തോര്‍സ്​ഡോട്ടിര്‍ ഇതിന് അനുവദിച്ചിരുന്നില്ല. അതേസമയം കുട്ടിയുടെ സംരക്ഷണത്തിനായി അച്ഛനില്‍ നിന്നും പണം സ്വീകരിക്കുകയും ചെയ്​തിരുന്നു. തന്‍റെ കുട്ടിയെ കാണാന്‍ അനുമതി ലഭിക്കുന്നില്ലെന്നുള്ള യുവാവിന്‍റെ വെളിപ്പെടുത്തല്‍ വിവാദമായതോടെയാണ് തോര്‍സ്​ഡോട്ടിറിന്‍റെ വെളിപ്പെടുത്തലും സംഭവിച്ചത്. 

ഐസ്​ലന്‍ഡില്‍ 15 വയസാണ് ലൈംഗിക ബന്ധത്തിനായി സമ്മതം നല്‍കാനാകുന്ന പ്രായം. 18 വയസില്‍ താഴെയുള്ള കുട്ടിയുമായി ഗാര്‍ഡിയനോ അധ്യാപകരോ സാമ്പത്തികമായി കുട്ടി ആശ്രയിക്കുന്നവരോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. 

ENGLISH SUMMARY:

Iceland's Minister for Child Welfare, Ásthildur Löv Thórsdóttir, resigned after revealing that she had a child as a teenager. Currently 58 years old, Thórsdóttir is a member of the Center-Left People's Party. She disclosed the event, which happened several decades ago, and stated that it was a mistake at the time, adding that things would have been different if it had happened today.