സ്ത്രീശാക്തീകരണത്തില്‍ പുതിയ ചരിത്രമെഴുതുകയാണ് നമീബിയ. നെതുംബോ നാന്‍ഡി എന്‍ഡെയ്ത്വ എന്ന എഴുപത്തിരണ്ടുകാരിയാണ് ആഫ്രിക്കന്‍ രാജ്യമായ നമീബിയയുടെ ആദ്യ വനിതാ പ്രസിഡന്‍റ്. അധികാരമേറ്റതിന് പിന്നാലെ അവര്‍ വൈസ് പ്രസിഡന്‍റായി ലൂസി വിറ്റ്ബുയിയെ നാമനിര്‍ദേശം ചെയ്തതോടെ രാജ്യഭരണത്തിന്‍റ അമരത്ത് വനിതകള്‍ രണ്ടായി . സ്വന്തം മന്ത്രിസഭയിലേക്ക് എട്ടു വനിതകളെകൂടി നെതുംബോ ഉള്‍പ്പെടുത്തി. അതോടെ ആകെയുള്ള 14 മന്ത്രിമാരില്‍ ഭൂരിപക്ഷവും വനിതകളായി. ലൂസി വിറ്റ്ബുയിയ്ക്കുമുണ്ട് അപൂര്‍വ നേട്ടം. രാജ്യത്തെ നാലാമത്തെ വൈസ് പ്രസിഡന്‍റാണിവര്‍. പുരുഷന്മാരായ ആറു മന്ത്രിമാരില്‍ പ്രധാനമന്ത്രി അലൈജ എന്‍ജുറേറും പെടും.
മുപ്പത്താഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷത്തിലാണ് രാജ്യം ഈ ഇരട്ട നേട്ടം കൈവരിക്കുന്നത്. സമാധാനത്തിനും സുതാര്യതയ്ക്കും വേണ്ടിയാണ് നമീബിയന്‍ ജനങ്ങള്‍ വോട്ട് ചെയ്തതെന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ നെതുംബോ വെളിപ്പെടുത്തി. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്ന് അവര്‍ പറഞ്ഞു. നമീബിയയുടെ അഞ്ചാമത്തെ പ്രസിഡന്‍റായ നെതുംബോ നേരത്തെ വൈസ് പ്രസിഡന്‍റായിരുന്നു. ലൂസി വിറ്റ്ബുയിയെ വൈസ് പ്രസിഡന്‍റാക്കിയതോടെ നെതുംബോ മറ്റൊരു കീഴ്വഴക്കവും എടുത്തുകളഞ്ഞു.
നമീബിയയുടെ ഒരു മന്ത്രി സഭയിലും ലൂസി പ്രവര്‍ത്തിച്ചിട്ടില്ല. പേരിന്‍റെ ആദ്യ അക്ഷരങ്ങള്‍ ചേര്‍ത്തുവെച്ച് എന്‍എന്‍എന്‍ എന്ന പേരിലാണ് നെതുംബോ അറിയപ്പെടുന്നത്. നമീബിയയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ സൗത്ത് വെസ്റ്റ് ആഫ്രിക്ക പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍റെ (സ്വാപോ) ആദ്യ വനിതാ പ്രസിഡന്‍റായിരുന്ന നെതുംബോ രണ്ടു തവണ മന്ത്രിയുമായിരുന്നു. പതിനാലു വയസ്സുമുതല്‍ സ്വാപോയുടെ സജീവ പ്രവര്‍ത്തകയാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് നമീബിയയ്ക്ക് സ്വാതന്ത്ര്യം നേടാനുള്ള പ്രക്ഷോഭത്തില്‍ മുന്‍നിരയിലും നെതുംബോ സജീവമായിരുന്നു.
ലോകത്ത് ആകെ ബാര്‍ഡോസ്, ബോസ്നിയ – ഹെര്‍സഗോവിന എന്നീ രാജ്യങ്ങളിലാണ് പ്രസിഡന്‍റ് , വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളില്‍ വനിതകളുള്ളത്. ദരിദ്രരാഷ്ട്രമായ നമീബയയില്‍ തൊഴിലില്ലായ്മ അതിരൂക്ഷമാണ്. 18 – 34 പ്രായപരിധിയിലുള്ള 44 ശതമാനം പേരും തൊഴില്‍ രഹിതരാണ്. അതുകൊണ്ടുതന്നെ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ചു ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് പുതിയ പ്രസിഡന്റ്‍ പറയുന്നു. വലിയ രാജ്യമാണെങ്കിലും നമീബിയയിലെ ജനസംഖ്യ 30 ലക്ഷം മാത്രമാണ്. ധാതുസമ്പന്നമായ നമീബിയ യുറേനിയം നിക്ഷേപത്തിന്‍റെ കാര്യത്തില്‍ ലോകത്ത് നാലാമതാണ്. രാജ്യത്ത് വന്‍ വജ്രനിക്ഷേപവുമുണ്ട്.