കാട്ടാനയടക്കം വന്യമൃഗങ്ങളെ കൊന്നൊടുക്കാനുള്ള നടപടികളുമായി ആഫ്രിക്കൻ രാജ്യമായ നമീബിയ. ജനസംഖ്യയുടെ പകുതിയോളം പേരെ ബാധിച്ച വരൾച്ചയെ നേരിടാനാണ് നമീബിയയുടെ നടപടി. 83 കാട്ടാനകൾ ഉൾപ്പടെ 723 വന്യമൃഗങ്ങളെയാണ് കൊന്നൊടുക്കുക. സംഭരിക്കുന്ന ഇറച്ചി ആവശ്യമുള്ളവർക്ക് ഇറച്ചി നൽകാനുമാണ് നമീബിയൻ ഭരണകൂടത്തിന്റെ തീരുമാനം.
300 സീബ്ര, 30 ഹിപ്പോ, 60 എരുമ, 50 ഇംപാല, 100 നീല കാട്ടുപോത്ത്, 100 എലാൻഡ് എന്നിവയെ കൊല്ലാനാണ് പദ്ധതി. ഇതുവരെ 150 വന്യമൃഗങ്ങളെ കൊന്നൊടുക്കി 60 ടൺ ഇറച്ചിയാണ് സംരഭിച്ചത്. വരൾച്ചയെ തുടർന്ന് രാജ്യത്തെ ഭക്ഷ്യശേഖരം കുറഞ്ഞുവരികയാണ്. ഇതിനൊപ്പം വരൾച്ച കാലത്ത് മൃഗങ്ങളും മനുഷ്യരും വെള്ളവും സസ്യങ്ങളും തേടുന്നതിനാൽ സംഘർഷം വർധിക്കുന്നതിന് പരിഹാരം കൂടിയാണ് നടപടിയെന്നാണ് ന്യായീകരണം. 24,000 കാട്ടാനകൾ ഉൾപ്പെടെ വലിയ അളവില്‍ വന്യമൃഗ സാന്നിധ്യമുള്ള രാജ്യമാണ് നമീബിയ.
ആവശ്യമായ നടപടിയെന്ന് ന്യായീകരിച്ച നമീബിയൻ പരിസ്ഥിതി, വനം, മന്ത്രാലയം പ്രകൃതി വിഭവങ്ങൾ ജനങ്ങളുടെ ആവശ്യത്തിന് ഉപയോഗിക്കുന്നതിന് ഭരണഘടന അനുവദിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ജൂലൈ മുതൽ സെപ്തംബർ വരെ നമീബിയയിൽ സാധാരണയായി ഭക്ഷ്യലഭ്യത കുറവാണ്. ഇതിനൊപ്പം വരൾച്ച കൂടിയെത്തിയതോടെയാണ് സ്ഥിതി കൂടുതൽ വഷളായത്. 30 ദശലക്ഷം പേരാണ് ആഫ്രിക്കൻ മേഖലയിൽ വരൾച്ച നേരിടുന്നതെന്നാണ് യുഎൻ വേൾഡ് ഫുഡ് പ്രോഗാമിന്‍റെ കണക്ക്.