മ്യാന്‍മറിലെ മാന്‍ഡലെ ഡിവിഷനിലെ എവയ്ക്കും സാഗൈങ്ങിനും ഇടിയില്‍ ഇറവാഡി നദിക്ക് കുറുകെയുള്ള 16 സ്പാനുകളുള്ള മനോഹരമായ എവ പഴയപാലം ഭൂചലനത്തില്‍ തകര്‍ന്നു. മ്യാന്‍മര്‍ ബര്‍മയായിരുന്ന കാലത്ത് 1934ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതാണ് ഈ പാലം. രണ്ടാം ലോകമഹായുദ്ധകാലത്ത് നശിച്ച ഈ പാലം 1954ല്‍ സ്വാതന്ത്ര്യത്തിനുശേഷം ബര്‍മീസ് സര്‍ക്കാരാണ് പുനഃനിര്‍മിച്ചത്.
ചരിത്രമുറങ്ങുന്ന എവ പാലം
21-ാം നൂറ്റാണ്ടിന്റെ തുടക്കംവരെ ഇറവാഡി നദിക്ക് കുറുകെയുള്ള ഒരേയൊരു പാലമായിരുന്നു എവ പാലം. 2008ല്‍ ഇറവാഡി നദിക്കു കുറുകെ പുതിയ പാലം നിലവില്‍വന്നു. മാന്‍ഡലെയില്‍നിന്നും സാഗൈങ്ങിലേക്കും തിരിച്ചും യാത്രയ്ക്കും ചരക്കുനീക്കത്തിനുമുള്ള ഏക മാര്‍ഗമായിരുന്ന ഈ പാലങ്ങള്‍ വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷക കേന്ദ്രം കൂടിയായിരുന്നു.
ഭൂചലനത്തിന്‍റെ ബാക്കി പത്രം
എവ പഴയപാലം പൂര്‍ണമായി തകര്‍ന്നു, പാലത്തിന്‍റെ സ്പാനുകള്‍ പലതും നദിയില്‍ നിലംപൊത്തി. സാരമായ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ പുതിയ പാലവും അടച്ചു. യാത്രാമാര്‍ഗം അടഞ്ഞതോടെ ഇരുകരകളിലുമായി ആയിരങ്ങള്‍ കുടുങ്ങി. ചരക്കുനീക്കം പൂര്‍ണമായി നിലച്ചു. രക്ഷാപ്രവര്‍ത്തനമാര്‍ഗങ്ങളും അടഞ്ഞു. നിലവില്‍ ആകെയുളള യാത്രാമാര്‍ഗം താല്‍കാലികമായി ഏല്‍പ്പെടുത്തിയ ജങ്കാര്‍ സര്‍വീസുകള്‍ മാത്രം. ഇതില്‍ മറുകരയെത്താന്‍ ആയിരങ്ങള്‍ ഇരുകരകളിലുമായി കാത്തുനില്‍ക്കുന്നു. എല്ലാം നഷ്ടപ്പെടുത്തിയ ഭൂചലനത്തിന്റെ ഒാര്‍മ്മയ്ക്ക് ഒരു മൂന്നാം എവ പാലം ഉയരുമെന്ന പ്രതീക്ഷമാത്രം ബാക്കി.