Image Credit: Nathan Denette/The Canadian Press
കാനഡയിലെ ഒട്ടാവയ്ക്കടുത്തുള്ള റോക്ലാന്‍ഡില്‍ ഇന്ത്യക്കാരന്‍ കുത്തേറ്റ് മരിച്ചു. പ്രതി പിടിയിലായെന്നാണ് സൂചന. ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ട വിവരം ഇന്ത്യന്‍ എംബസി സമൂഹമാധ്യമമായ എക്സിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. 'ഒട്ടാവയ്ക്കടുത്ത റോക്ലാന്‍ഡില്‍ ഇന്ത്യക്കാരന്‍ കുത്തേറ്റ് മരിച്ചതില്‍ അഗാധമായ ഖേദം അറിയിക്കുന്നു'വെന്നാണ് വിദേശകാര്യമന്ത്രാലയത്തെ ടാഗ് ചെയ്ത ട്വീറ്റില്‍ കുറിച്ചിരിക്കുന്നത്.
പ്രതിയെന്ന് സംശയിക്കുന്നയാള്‍ പ്രാദേശിക പൊലീസിന്‍റെ കസ്റ്റഡിയില്‍ ഉണ്ടെന്നും മരിച്ചയാളുടെ കുടുംബത്തിന് ആവശ്യമായ അടിയന്തര സഹായങ്ങള്‍ എത്തിക്കുന്നതിനായി കമ്യൂണിറ്റി അസോസിയേഷനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഹൈ കമ്മിഷന്‍ അറിയിച്ചു. സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കൊലപാതകത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും നിലവില്‍ കസ്റ്റഡിയിലെടുത്തയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.
കാനഡയിലെ പ്രാദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് ലലോന്‍ഡ് സ്ട്രീറ്റില്‍ വച്ച് ഒരാള്‍ക്ക് കുത്തേറ്റതെന്നാണ് സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ഇത് ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ട സംഭവമാണോ എന്നതില്‍ സ്ഥിരീകരണമില്ല.