image: Meta AI
ഭാര്യയ്ക്ക് അവിഹിതബന്ധമെന്ന് സംശയിച്ച് ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. കംപ്യൂട്ടര്‍ എഞ്ചിനീയറിങ് ബിരുദധാരിയായ നൂര്‍ ഉല്‍ ഹൈദറെന്ന ആളാണ് സംശയരോഗത്തെ തുടര്‍ന്ന് ഭാര്യയെ കൊന്നത്. അസ്മ ഖാനെന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം കനത്തതോടെ വ്യാഴാഴ്ച രാത്രിയില്‍ ഹൈദറും അസ്മയുമായി വാക്കുതര്‍ക്കമായി. കിടപ്പുമുറിയില്‍ കയറി കതകടച്ച ഹൈദര്‍ പുലരുവോളം അസ്മയെ ചോദ്യം ചെയ്തു. ഒടുവില്‍ കലിയടങ്ങുവോളം ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പാക്കിയതിന് പിന്നാലെ ഇയാള്‍ വാതില്‍ തുറന്ന് രണ്ട് കിലോ മീറ്റര്‍ നടന്ന് പൊലീസ് സ്റ്റേഷനിലെത്തി താന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്ന് സമ്മതിക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.
കുറച്ച് ദിവസങ്ങളായി ദമ്പതിമാര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് അസ്മയുടെ കുടുംബം പൊലീസില്‍ മൊഴി നല്‍കി. കൊലപാതകം നടക്കുന്നതിന് തലേ ദിവസം വീട്ടിലേക്ക് വിളിച്ച അസ്മ സഹോദരിയോട് വിഷയത്തില്‍ ഇടപെടണമെന്നും കടുത്ത ഉപദ്രവമാണ് ഹൈദറിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം രാവിലെ അസ്മയുടെ വീട്ടിലെത്തിയെന്നും അഞ്ച് മണിക്കൂറോളം ഇരുവരുമായി സംസാരിച്ചുവെന്നും കൊലപാതകം നടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് മാത്രമാണ് മടങ്ങിയതെന്നും അസ്മയുടെ സഹോദരി പറയുന്നു.
ഒരുമണിയോടെ അസ്മയുടെ മകന്‍ വിളിച്ച് പറയുമ്പോഴാണ് കൊലപാതക വിവരം അറിഞ്ഞതെന്ന് സഹോദരിയും കുടുംബവും പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ പിതാവ് അടിച്ച് കൊന്നതാണ്. അമ്മ രക്തത്തില്‍ കുളിച്ച് കട്ടിലില്‍ കിടക്കുന്നുവെന്നും മൂത്തമകന്‍ പറഞ്ഞുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികളെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് ഹൈദര്‍ ഭാര്യയെ കൊലപ്പെടുത്തിയത്.
സംഭവ സമയത്ത് അസ്മയുടെ അമ്മയും വീട്ടിലുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കരച്ചിലിന്‍റെ ശബ്ദം പുറത്തേക്ക് കേള്‍ക്കാതിരിക്കുന്നതിനായി വായില്‍ തുണി കുത്തിക്കയറ്റിയതായും പൊലീസ് വെളിപ്പെടുത്തി. സംഭവ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ മുറിയില്‍ നിന്നും ചുറ്റികയും കണ്ടെടുത്തു. ഭാര്യയെ കൊന്നതില്‍ തനിക്ക് കുറ്റബോധമൊന്നുമില്ലെന്നും അര്‍ഹിച്ച മരണമാണെന്നുമായിരുന്നു ഹൈദറുടെ നിലപാടെന്നും പൊലീസ് പറയുന്നു.