ദീര്‍ഘനാളത്തെ പെരുന്നാള്‍ അവധിക്കുശേഷം ഇറാനി പുതുവത്സരമായ നവറൂസ് ആഘോഷങ്ങളിലേക്ക് ഇറാന്‍ വിപണി ഉണര്‍ന്നത് റിയാലിനുണ്ടായ വന്‍ ഇടിവ് കണ്ടുകൊണ്ടാണ്. ഡോളറിനെതിരെ റിയാലിന്‍റെ മൂല്യം ആദ്യമായി പത്തുലക്ഷം കടന്നു. 1,043,000 റിയാലിലെത്തി ഡോളര്‍. ഇറാന്‍– അമേരിക്ക ബന്ധം വഷളാകുന്നത് അനുസരിച്ച് ഇറാനി സമ്പദ്‌വ്യവസ്ഥ പ്രതിസന്ധി നേരിടുന്നത് ആദ്യമായല്ല. എന്നാല്‍ അനിയന്ത്രിതമായി റിയാലിന്‍റെ മൂല്യം പത്തുലക്ഷം ഡോളറിലെത്തിയതോടെ ധനകാര്യ സ്ഥാപനങ്ങള്‍ അടച്ചിടുന്ന സ്ഥിതിയാണ്. 

റിയാലിന്‍റെ മൂല്യം പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകളും ധനകാര്യ സ്ഥാപനങ്ങള്‍ മാറ്റി. സമ്പാദ്യം ഡോളറിലേക്കും സ്വര്‍ണം, ബിറ്റ് കോയിന്‍, കാര്‍ ഉള്‍പ്പെടെയുള്ള വിലയേറിയ സാധനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് ജനങ്ങള്‍. 2024ലെ കണക്കുപ്രകാരം ലോകത്തിലെ ഏറ്റവും വിലയിടിവുള്ള കറന്‍സിയാണ് ഇറാനി റിയാല്‍.

തളര്‍ത്തിയത് രാജ്യാന്തര ഉപരോധങ്ങള്‍

അമേരിക്കയും  യൂറോപ്യൻ യൂണിയനും ചേർന്ന് 2012 ജൂലൈ മുതൽ ഏർപ്പെടുത്തിയ പുതിയ ഉപരോധങ്ങളാണ് റിയാലിന്റെ മൂല്യം ഇത്രയും കൂപ്പുകുത്താന്‍ പ്രധാന കാരണം. എണ്ണവിൽപനയ്‌ക്കു തടസ്സം നേരിട്ടതും പണപ്പെരുപ്പം കൂടിയതും ഡോളറുമായുള്ള വിനിമയത്തിൽ റിയാലിന്റെ കാലിടറാൻ കാരണമായി.

2018-ൽ അമേരിക്ക ഇറാന്റെ ന്യൂക്ലിയർ കരാറിൽ നിന്ന് ഏകപക്ഷീയമായി പിൻമാറിയത് ഇറാന്‍റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു.  2015ലെ കരാര്‍ സമയത്ത്, രാജ്യാന്തര ഉപരോധങ്ങള്‍ നീക്കുന്നതിന് പകരമായി ഇറാന്‍  യുറേനിയം സമ്പുഷ്ടീകരണവും സംഭരണവും ഗണ്യമായി പരിമിതപ്പെടുത്തിയപ്പോള്‍,  ഡോളറിനെതിരെ 32,000 റിയാലായിരുന്നു മൂല്യം.

ENGLISH SUMMARY:

Amidst the celebrations of Nowruz, Iran’s market has woken up to a shocking economic reality, with the rial plummeting to 1,043,000 against the dollar. Read more about the economic crisis in Iran and its impact on financial institutions.