ദക്ഷിണ സുഡാൻ പാസ്പോർട്ടുള്ളവർക്ക് അനുവദിച്ച വീസ പിൻവലിച്ച് യുഎസ്. യുഎസിൽ നിന്ന് തിരിച്ചയയ്ക്കുന്ന പൗരന്മാരെ സ്വീകരിക്കാൻ ദക്ഷിണ സുഡാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കടുത്ത തീരുമാനം. യുഎസ് പ്രസിഡന്റായ ഡോണൾഡ് ട്രംപ് അധികാരമേറ്റതിന് ശേഷം ആദ്യമായമാണ് ഒരു രാജ്യത്തു നിന്നുള്ള മുഴുവൻ പേരുടെയും വിസ റദ്ദാക്കുന്നത്. 

തീരുമാനം ഉടൻ നടപ്പാക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർകോ റാബിയോ വ്യക്തമാക്കി. എല്ലാ വീസകളും റദ്ദാക്കുന്നതിനൊപ്പം പുതിയ വീസ നൽകുന്നത് തടയുന്നതായും യു‌ണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. ഒരു രാജ്യം പൗരന്മാരെ തിരിച്ചയക്കുമ്പോൾ അവരവരുടെ പൗരന്മാരെ സ്വീകരിക്കാൻ രാജ്യങ്ങൾ തയ്യാറാകണമെന്നതാണ് യുഎസ് നിലപാടെന്നും റാബിയോ പറഞ്ഞു. ദക്ഷിണ സുഡാൻ സഹകരിക്കാൻ തയ്യാറായാൽ നിലപാട് പുനപരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ജോ ബൈഡന്റെ കാലത്ത് ദക്ഷിണ സുഡാനിൽ നിന്നുള്ള പൗരന്മാർക്ക് താൽക്കാലിക സംരക്ഷണ പദവി നൽകിയിരുന്നു. ഇത്. മേയ് മൂന്നിന് അവസാനിക്കാനിരിക്കെയാണ് യുഎസിന്റെ നടപടി. യുദ്ധം, പ്രകൃതി ദുരന്തങ്ങൾ, മറ്റ് അസാധാരണ സാഹചര്യങ്ങൾ കാരണം സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത വിദേശീയരെ നാടുകടത്തലിൽ നിന്ന് സംരക്ഷിക്കുന്നതാണ് ഈ നടപടി. 

ദക്ഷിണ സുഡാനിലെ അതിർത്തികളിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് വീസ ഉപരോധം വരുന്നത്. കഴിഞ്ഞ ആഴ്ച, ആഫ്രിക്കൻ യൂണിയൻ മധ്യസ്ഥർ ദക്ഷിണ സുഡാന്‍ തലസ്ഥാനമായ ജൂബയിൽ എത്തി ആഭ്യന്തരയുദ്ധം തടയുന്നതിനുള്ള ചർച്ചകൾ നടത്തിയിരുന്നു. കലാപം ഇളക്കിവിടാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് ഫസ്റ്റ് വൈസ് പ്രസിഡന്റ് റീക്ക് മച്ചാര്‍ വീട്ടുതടങ്കലിലാണ്. 

ENGLISH SUMMARY:

The US has revoked all visas for South Sudanese nationals after South Sudan refused to accept deported citizens, marking the first such action under Donald Trump's administration. The US also blocked the issuance of new visas and is prepared to reconsider its stance if South Sudan cooperates.