യെമനിലെ ഹൂതികള്‍ക്കെതിരെ യുഎസ് സൈന്യം നടത്തുന്ന സൈനിക നടപടിക്ക് മൂന്നാഴ്ചയ്ക്കിടെ ചിലവായത് 100 കോടി ഡോളറിനടുത്തെന്ന് റിപ്പോര്‍ട്ട്. ഹൂതികളുടെ സൈനികശേഷിക്ക് കാര്യമായ ആഘാതമേല്‍പ്പിക്കാന്‍ ആക്രമത്തിന് സാധിക്കാതെ വന്നതും യുഎസ് സൈന്യത്തിന് തിരിച്ചടിയായെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മാര്‍ച്ച് പതിനഞ്ചിന് ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ മില്യണ്‍ ഡോളര്‍ ചിലവ് വരുന്ന നൂറിലധികം ആയുധങ്ങളാണ് ഹൂതികള്‍ക്ക് നേരെ പ്രയോഗിച്ചത്. ജെഎഎസ്എസ്എം ദീർഘദൂര ക്രൂയിസ് മിസൈലുകൾ, ജിപിഎസ് നിയന്ത്രിത ഗ്ലൈഡ് ബോംബുകളായ ജെഎസ്ഒഡബ്ലു, ടോമാഹോക്ക് മിസൈലുകൾ എന്നിവയടക്കം ഹൂതികള്‍ക്ക് നേരെ യുഎസ് വ്യോമസേന പ്രയോഗിച്ചിട്ടുണ്ട്. ഇതിനൊപ്പം ആക്രമണത്തിനായി സെന്‍ട്രല്‍ കമാന്‍ഡ് റീജിയണിലേക്ക് ഒരു അധിക വിമാനവാഹിനി കപ്പലും വ്യോമസേന വ്യൂഹത്തേയും വ്യോമ പ്രതിരോധ സംവിധാനങ്ങളും എത്തിച്ചിരുന്നു.
എന്നാല്‍ ആക്രമണം തുടരുന്നത് അധിക സാമ്പത്തിക സഹായത്തിനായി പെന്‍ഗണ്‍ കോണ്‍ഗ്രസിനെ സമീപിക്കേണ്ട സാഹചര്യമാണ്. എന്നാല്‍ ഇത് ലഭിക്കാനുള്ള സാധ്യത കുറവാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സൈനിക നടപടി തെറ്റാണെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് കരുതുന്നതായി നേരത്തെ പുറത്തുവന്ന സിഗ്നൽ ചാറ്റിലുണ്ടായിരുന്നു.
ആക്രമണം തുടങ്ങി ഒരു മാസമാകുമ്പോഴും ദിവസേനെ ആക്രമണം എത്രത്തോളം ആഘാതം സൃഷ്ടിച്ചുവെന്ന് പെന്‍റഗണ്‍ വ്യക്തമാക്കിയിട്ടില്ല. നേതൃനിരയലുള്ള ഒട്ടേറെ ഹൂതി നേതാക്കളെ ഇല്ലാതാക്കാന്‍ സാധിച്ചെന്നും സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചെന്നുമാണ് ഈയിടെ കോണ്‍ഗ്രസില്‍ റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ഹൂതികള്‍ക്ക് തങ്ങളുടെ ബങ്കറുകള്‍ ശക്തിപ്പെടുത്താനും ആയുധ ശേഖരം സുരക്ഷിതമാക്കാനും സാധിക്കുന്നുണ്ടെന്നും പെന്‍റഗണ്‍ സമ്മതിക്കുന്നുണ്ട്. ഇപ്പോഴും എത്രമാത്രം സൈനിക ശേഷി അവര്‍ക്കുണ്ടെന്ന് കൃത്യമായി നിർണയിക്കാൻ പ്രയാസമാണെന്നും പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.
ഹൂതികളുടെ ചില കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ കപ്പലുകള്‍ക്കെതിരെ വെടിയുതിര്‍ക്കാനും യുഎസ് ഡ്രോണുകള്‍ വെടിവെച്ചിടാനും ഹൂതികള്‍ക്ക് ഇപ്പോഴും സാധിക്കുന്നുണ്ടെന്ന് സൈനിക നടപടികള്‍ വിശദീകരിച്ച ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞാഴ്ചയ്ക്കിടെ യുഎസിന്‍റെ മൂന്ന് എംക്യു-9 റീപ്പർ ഡ്രോണുകളാണ് ഹൂതികള്‍ വെടിവെച്ചിട്ടത്. യുഎസ് വ്യോമസേനയുടെ ഈ ആളില്ലാ വിമാനം ഒന്നിന് മൂന്ന് കോടി ഡോളര്‍ വിലവരും.
മാര്‍ച്ച് 15 ന് യുഎസ് ആരംഭിച്ച സൈനിക നടപടിയില്‍ ഇതുവരെ യെമനില്‍ 60 പേരാണ് കൊല്ലപ്പെട്ടത്. ജനുവരിയില്‍ ഗാസ വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ ഹൂതികളും ആക്രമണങ്ങള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ പലസ്തീനിലേക്ക് ഇസ്രയേല്‍ സഹായം നിര്‍ത്തിവച്ചതോടെ വീണ്ടും ആക്രമണം തുടങ്ങുമെന്ന് ഹൂതികള്‍ വ്യക്തമാക്കിയത്. ഇതാണ് യുഎസ് പ്രകോപനത്തിന് കാരണം. ആക്രമണം പുനരാരംഭിക്കുമെന്ന ഭീഷണിയിൽ നിന്ന് പിന്മാറുന്നതുവരെ ഹൂതികൾക്കെതിരെ ആക്രമണം തുടരുമെന്ന് യുഎസും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.