REUTERS/David Dee Delgado/File Photo
ന്യൂയോര്‍ക്കില്‍ അറസ്റ്റിലായ പലസ്തീന്‍ ആക്ടിവിസ്റ്റും കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർഥിയുമായ മഹ്മൂദ് ഖലീലിനെ നാടുകടത്താനുള്ള നടപടിക്രമങ്ങള്‍ തുടരാന്‍ അനുമതി. യുഎസ് ഇമിഗ്രേഷൻ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയാണ് ഭരണകൂടത്തിന് നടപടികള്‍ തുടരാന്‍ അനുമതി നല്‍കിയത്. പിന്നാലെ വിധിക്കെതിരെ വിമര്‍ശനങ്ങളും ശക്തമാകുകയാണ്. മഹ്മൂദ് ഖലീലിനെപോലെ ഒരു കുറ്റകൃത്യവും ചുമത്തപ്പെടാത്ത നിയമപരമായി അമേരിക്കയില്‍ തുടരാന്‍ അവകാശമുള്ള വിദേശ വിദ്യാർത്ഥികളെ നാടുകടത്താനുള്ള ട്രംപിന്‍റെ ശ്രമങ്ങള്‍ തടയാന്‍ കോടതിക്ക് പോലും കഴിയുന്നില്ലെന്ന് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ആരോപിച്ചുള്ള ട്രംപ് ഭരണകൂടത്തിന്‍റെ ആദ്യ അറസ്റ്റുകളില്‍ ഒന്നായിരുന്നു ഖലീലിന്‍റേത്.
കഴിഞ്ഞ മാസം വിഷയത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചിരുന്നു. 1952 ലെ ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്റ്റ് ഉദ്ധരിച്ച അദ്ദേഹം മഹ്മൂദ് ഖലീലിന്‍റെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും അമേരിക്കൻ വിദേശനയങ്ങള്‍ക്ക് എതിരാണെന്ന് വാദിച്ചിരുന്നു. അതിനാല്‍ മഹ്മൂദിനെ നാടുകടത്തണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം. ഇമിഗ്രേഷൻ നിയമപ്രകാരം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ വാദങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള മഹ്മൂദിന്‍റെ ഹര്‍ജി കോടതി നിരസിച്ചിരുന്നു. അതേസമയം ഖലീലിന്‍റെ മോചനത്തിലായി പോരാട്ടം തുടരുമെന്നാണ് ഖലീലിന്‍റെ അഭിഭാഷകർ പ്രതികരിച്ചത്.
ആരാണ് മഹ്മൂദ് ഖലീല്‍
കൊളംബിയ സര്‍വകലാശാലയുടെ ന്യൂയോർക്ക് സിറ്റി കാമ്പസിനെ പിടിച്ചുലച്ച പലസ്തീൻ അനുകൂല വിദ്യാർഥി പ്രതിഷേധങ്ങളുടെ മുഖങ്ങളില്‍ ഒരാളായിരുന്നു മഹ്മൂദ് ഖലീല്‍. എന്നാൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുക മാത്രമല്ല, ഹമാസിനെ പിന്തുണയ്ക്കുന്ന കുറ്റകരമായ വസ്തുക്കൾ ഖലീലിന്‍റെ കൈവശം കണ്ടെത്തിയതായും വൈറ്റ് ഹൗസ് പറഞ്ഞു. സിറിയയിലെ ഒരു പലസ്തീൻ അഭയാർത്ഥി ക്യാമ്പിൽ ജനിച്ച അദ്ദേഹം, പിന്നീട് അൾജീരിയൻ പൗരത്വം നേടുകയും കഴിഞ്ഞ വർഷം യുഎസിൽ നിയമപരമായ സ്ഥിര താമസക്കാരനാകുകയും ചെയ്തു. കൊളംബിയ സര്‍വകലാശാലയുടെ തന്‍റെ അപ്പാർട്ട്മെന്റില്‍ നിന്ന് മാർച്ച് 8 നാണ് അദ്ദേഹം അറസ്റ്റിലാകുന്നത്. യുഎസ് പൗരയായ ഖലീലിന്‍റെ ഭാര്യ ഡോ. നൂര്‍ അബ്ദുള്ളയുടെ കണ്‍മുന്നില്‍ വച്ചാണ് ഖലീലിനെ അറസ്റ്റ് ചെയ്യുന്നത്. നൂര്‍ എട്ടു മാസം ഗര്‍ഭിണിയുമാണ്.
ഒരു വാറണ്ടും കാണിക്കാതെ ഖലീലിനെ കൈകൾ വിലങ്ങിട്ട് സര്‍ക്കാര്‍ അടയാളങ്ങളൊന്നുമില്ലാത്ത വാഹനത്തില്‍ കൊണ്ടുപോകുകയായിരുന്നു എന്നാണ് നൂര്‍ അന്ന് മാധ്യമങ്ങളോ‍് പറഞ്ഞത്. താന്‍ ഒരു യുഎസ് പൗരയാണെന്നും ഖലീല്‍ ഗ്രീൻ കാർഡ് ഉടമയാണെന്നും അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്നും ഖലീലിന്‍റെ വീസ റദ്ദാക്കുമെന്ന് അറിയിച്ചതായും നൂര്‍ പറഞ്ഞു. ഗ്രീൻ കാർഡ് ഉടമകൾക്ക് പോലും യുഎസില്‍ ഇന്ന് രക്ഷയില്ലെന്നുള്ള ആശങ്ക ഇതിനകം വിദേശ പൗരന്‍മാര്‍ക്കിടയില്‍ വര്‍ധിക്കുകയാണ്. ഇമിഗ്രേഷൻ കോടതിയുടെ വിധി അന്തിമമാണെങ്കിലും നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് ഏപ്രിൽ 23 വരെ ഖലീലിന്റെ അഭിഭാഷകർക്ക് ഇളവിന് അപേക്ഷിക്കാൻ കോടതി സമയം നല്‍കിയിട്ടുണ്ട്. യുഎസ് ഭരണഘടനയുടെ ഒന്നാം ഭേദഗതി പ്രകാരം സംസാര സ്വാതന്ത്ര്യത്തിനുള്ള സംരക്ഷണങ്ങളുടെ ലംഘനമാണ് തന്റെ അറസ്റ്റ് എന്നാണ് ഖലീലിന്റെ വാദം.