കടുത്ത വേനലിൽ നിന്ന് കുളിരുള്ള തണുപ്പിലേക്ക് പ്രകൃതിയും മനസ്സും ചേക്കേറുന്ന കാലമാണ് മണ്‍സൂണ്‍. മഴ വീണ മണ്ണിന്‍റെ ഗന്ധവും മഴയുടെ ഭാവങ്ങളുമൊക്കെ ഏറെ കാല്‍പ്പനികതയോടെയാണ് അവതരിപ്പിക്കപ്പെടാറ്. എന്നാല്‍ ഈ മഴയ്ക്ക് മറ്റ് ചില മുഖങ്ങളുമുണ്ട്. അതത്ര സുന്ദരമല്ലതാനും. ജലജന്യരോഗങ്ങളുടെയും കൊതുകുജന്യരോഗങ്ങളുടെയും കൈമാറ്റക്കാലം കൂടിയായ മഴക്കാലത്തെ ആസ്വദിക്കുന്നതിനൊപ്പം അതീവശ്രദ്ധയോടെ കരുതിയിരിക്കേണ്ടതുകൂടിയുണ്ട്.
പനി, വൈറൽ പനി, ജലദോഷം, ചുമ, തൊണ്ടവേദന, മലേറിയ, ഡെങ്കിപ്പനി, കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ എന്നുവേണ്ട ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങളും മഴയെത്തുന്നതോടെ സര്‍വസാധാരണമാകും. ഇവയൊക്കെ ശരീരത്തിന്‍റെ പ്രതിരോധസംവിധാനത്തെ ദുര്‍ബലമാക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ശരീരത്തിന്‍റെ ഊര്‍ജവും പ്രതിരോധശേഷിയും നിലനിര്‍ത്താനും സംരക്ഷിക്കാനും ആയുര്‍വേദം മഴക്കാലത്ത് ചില ചിട്ടകളും ആരോഗ്യശീലങ്ങളും അനുശാസിക്കുന്നുണ്ട്. പോഷക സമൃദ്ധമായ ഭക്ഷണക്രമവും ജീവിതശൈലി പരിഷ്‌ക്കരണവും വാത പിത്ത അവസ്ഥകളെ സംതുലിതമാക്കുകയും മഴക്കാലം ആരോഗ്യകരമാക്കുകയും ചെയ്യുന്നു. ആയുർവേദത്തിലൂടെ മൺസൂണിൽ എങ്ങനെ ആരോഗ്യത്തോടെയിരിക്കാം എന്ന് പരിശോധിക്കാം:
ജലത്തിലൂടെയും കൊതുകു വഴിയും പകരുന്ന രോഗങ്ങളാണ് മഴക്കാലത്ത് കൂടുതലും കണ്ടു വരുന്നത്. ജലദോഷം, എലിപ്പനി, ഡെങ്കിപ്പനി, ടൈഫോയ്ഡ്, ചിക്കുൻ ഗുനിയ, വളംകടി, മലേറിയ, ചർദ്ദി, വയറിളക്കം, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയവയൊക്കെയാണ് സാധാരണ കണ്ടുവരുന്ന മഴക്കാല രോഗങ്ങൾ. കൃത്യമായ ശീലങ്ങളിലൂടെ ഒരു പരിധിവരെ ഇവയെ പടിക്കുപുറത്തുനിര്‍ത്താനാകും. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക. ചുക്കും മല്ലിയും ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാൻ ഉപയോഗിക്കാം. ലഘുവായ ആഹാരങ്ങൾ കഴിക്കുക. അരി, ഗോതമ്പ് , ബാർളി,മുതിര, ചെറുപയർ, വഴുതന, വെള്ളരി, കാബേജ്, വാഴപ്പഴം എന്നിവ ആഹാരത്തിൽ ഉൾപെടുത്തുക. ആഹാരം ചൂടോടെ കഴിക്കുക. ചെറുപയർ സൂപ്പ് ശീലിക്കുക എന്നിവ ആയുര്‍വേദം നിര്‍ദേശിക്കുന്ന ചില ആഹാര ശീലങ്ങളാണ്.
ഭക്ഷണത്തില്‍ ചുക്ക്, കുരുമുളക് ചേർത്ത് പാകം ചെയ്യുന്നതും നല്ലതാണ്. അമിതമായ എരിവ്, കയ്പ്പ്, ചവര്‍പ്പ് രസമുള്ള ഭക്ഷണം മഴക്കാലത്ത് കുറയ്ക്കണം. നനഞ്ഞ വസ്ത്രങ്ങള്‍ ഒഴിവാക്കുക. കഠിനാധ്വാനം ചെയ്യുന്നതും മഴക്കാലത്ത് പണിതരും. പുഴവെള്ളത്തിലെ കുളിയും മഴക്കാലത്ത് മാറ്റിവയ്ക്കാം.
എള്ളെണ്ണയോ വെളിച്ചെണ്ണയോ ശരീരത്തില്‍ പുരട്ടി ലഘുവായി വ്യായാമം ചെയ്യുന്നതും മഴക്കാലത്ത് ഊര്‍ജം നിറയ്ക്കാന്‍ ആയുര്‍വേദം നിര്‍ദേശിക്കുന്ന കാര്യങ്ങളാണ്. കുളിക്കാന്‍ ചെറു ചൂടുവെള്ളം ഉപയോഗിക്കാം. കുളി കഴിഞ്ഞ് രാസ്നാദി ചൂർണ്ണം നെറുകയിൽ തിരുമ്മുക. നന്നായി ഉണങ്ങിയ കട്ടി കുറഞ്ഞ വസ്ത്രം ഉപയോഗിക്കുക. വേപ്പിലയും മഞ്ഞളും ഇട്ട് തിളപ്പിച്ച വെള്ളം കൈകാലുകൾ കഴുകാൻ ഉപയോഗിക്കുന്നതും നല്ലതാണ്. തുമ്പ, ഉണങ്ങിയ വേപ്പില , കടുക് ഇവ ഉപയോഗിച്ച് വീടും പരിസരവും രാവിലെയും വൈകുന്നേരവും പുകയ്ക്കാം. കൊതുകു നിവാരണത്തിന് പുകയില കഷായം, വേപ്പെണ്ണ, സോപ്പ് ലായനി എന്നിവ ഉപയോഗിക്കാം. വെളുത്തുള്ളി ചതച്ചത്, പുൽ തൈലം, ശീമക്കൊന്ന ഇലയുടെ കഷായം എന്നിവ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ തളിക്കുന്നതും നല്ലതാണ്.