kerala-rain

കാലവര്‍ഷം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തില്‍ ഇനിയും ശക്തമായ മഴയ്ക്ക് സാധ്യത. ഒക്ടോബര്‍ പകുതിവരെയെങ്കിലും മഴ തുടരാനിടയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുത്താല്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയും പ്രതീക്ഷിക്കാം. 

ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള നാലുമാസങ്ങളാണ് മണ്‍സൂണ്‍കാലം. വടക്കുപടിഞ്ഞാറന്‍രാജസ്ഥാനില്‍ നിന്ന് കാലവര്‍ഷത്തിന്‍റെ പിന്‍മാറ്റം തുടങ്ങി. കേരളത്തില്‍ ഒക്ടോബര്‍ പകുതിവരെയെങ്കിലും മണ്‍സൂണ്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ അറിയിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദമോ ചുഴലിക്കാറ്റോ രൂപമെടുത്താല്‍  കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ ശക്തമാകും. 

കഴിഞ്ഞ ഏതാനും മണ്‍സൂണ്‍ സീസണുകളിലും സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ഒന്നാം പകുതിയിലോ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുത്തിട്ടുണ്ട്. ഇത്തവണയും അങ്ങനെ ഉണ്ടായാല്‍ വരുന്ന 15–20 ദിവസങ്ങള്‍കൂടി സംസ്ഥാനത്ത് കനത്ത മഴ പ്രതീക്ഷിക്കാം.  ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 23 വരെ സംസ്ഥാനത്ത് ലഭിക്കേണ്ടതിനെക്കാള്‍ 13 ശതമാനം മഴ കുറഞ്ഞതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

1957 മില്ലീ മീറ്റര്‍ ലഭിക്കേണ്ടയിടത്ത് 1709 മില്ലീമീറ്റര്‍ മഴ കിട്ടി. ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളില്‍ മഴകുറഞ്ഞപ്പോള്‍ ബാക്കി 10 ജില്ലകളിലും നല്ലതോതില്‍ മഴ ലഭിച്ചു. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ മഴകിട്ടിയത്, 15 ശതമാനം അധികം. ഇടുക്കിയില്‍ 33 ശതമാനം മഴകുറഞ്ഞത് വൈദ്യുതി മേഖലക്ക് ആശങ്ക ഉണ്ടാക്കുന്നതാണ്. 

ENGLISH SUMMARY: