സ്ത്രീകളിലും പെൺകുട്ടികളിലും  ഹോർമോണുകളുടെ അസന്തുലിതാവസ്ഥ മൂലം അണ്ഡാശയങ്ങളിൽ നിരവധി സിസ്റ്റുകൾ അഥവാ കുമിളകൾ കാണപ്പെടുന്ന അവസ്ഥയെയാണ് പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്(PCOD) എന്നു പറയുന്നത്. അണ്ഡാശയ മുഴകൾ ഇല്ലെങ്കിലും പോളിസിസ്റ്റിക് ഓവേറിയുടെ മറ്റു ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (PCOS) എന്ന രോഗാവസ്ഥയായി കണക്കാക്കാം

ജീവിതശൈലി രോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണിത്.അണ്ഡാശയങ്ങളിൽ അണ്ഡമായി മാറുവാൻ സജ്ജമാകേണ്ട ഫോളിക്കിളുകൾ ഒരേപോലെ കുമിളകളായി മാറുന്നു അതായത് മാസംതോറും അണ്ഡോത്പാദനം നടന്ന് പുറത്തേക്ക് വരേണ്ട ഓവം ഒരു സിസ്റ്റായി പരിണമിച് ഓവറിയിൽ നിന്ന് പുറത്തു വരാതെ ഇരിക്കുന്നുഹോർമോൺ വ്യവസ്ഥകളുടെയും ഏതാനും രാസഘടകങ്ങളുടെയും പ്രവർത്തന രീതിയിൽ വ്യതിയാനം വരുന്നതിന്റെ ഫലമായാണ് പി.സി.ഒ.ഡി(PCOD) എന്ന അവസ്ഥ ഉണ്ടാകുന്നത്.

ലക്ഷണങ്ങൾ:

ക്രമം തെറ്റിയ ആർത്തവചക്രം, ആർത്തവത്തോട് അനുബന്ധിച്ചുണ്ടാകുന്ന കടുത്ത വയറുവേദന,മിക്കപ്പോഴും ആർത്തവം വൈകി വരുകയോ വരാതിരിക്കുകയോ ചെയ്യുക, നീണ്ടുനില്‍ക്കുന്ന രക്തസ്രാവം,,പെട്ടെന്ന് ശരീര ഭാരം വര്‍ധിക്കുക,അമിതമായ രോമവളർച്ച,മുടി കൊഴിച്ചിൽ,കഴുത്തിന്റെ പുറകിലും കക്ഷത്തും കാണുന്ന കറുത്ത കട്ടിയുള്ള പാടുകൾ,, മാനസിക പിരിമുറുക്കം, കട്ടിയുള്ള മുഖക്കുരു തുടങ്ങിയവയെല്ലാം പി,സി.ഒ.ഡിയുടെ ലക്ഷണങ്ങാണ്.

ചികിത്സ:

പി.സി.ഒ.ഡി തിരിച്ചറിഞ്ഞാല്‍ വൈകിക്കാതെ കൃത്യമായ ചികിത്സ ഉറപ്പാക്കണം. ദോഷങ്ങളുടെ സന്തുലിതാവസ്ഥ പുനസ്ഥാപിക്കുക,ദഹനം മെച്ചപ്പെടുത്തുക, അതുവഴി മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുക എന്നതാണ് ആയുർവേദ ചികിത്സ കൊണ്ട് ഉദ്ദേശിക്കുന്നത്. പി.സി.ഒ.ഡിയിൽ ആയുർവേദ ചികിത്സ വളരെ ഫലപ്രദമായി കാണുന്നു. 

ശോധന,ശമന ചികിത്സകളാണ് ആയുർവേദം നിർദ്ദേശിക്കുന്നത്. ചിട്ടയായ വ്യായാമത്തിനും ഭക്ഷണക്രമത്തിനും ഒപ്പം വൈദ്യ നിർദ്ദേശപ്രകാരം അശോകാരിഷ്ടം ,സുകുമാരം കഷായം, സപ്തസാരം കഷായം , മുതലായ ഔഷധസേവകളും , ദീപന പാചന ഔഷധങ്ങൾ എന്നിവയും ചികിത്സാർത്ഥം ഉപയോഗിക്കാം.

അഭ്യംഗം , വസ്തി ,ഉദ്വർത്തന, തുടങ്ങിയ ആയുർവേദ ചികിത്സാക്രമങ്ങൾ ഡോക്ടറുടെ നീരീക്ഷണത്തിൽ ചെയ്യാവുന്നതാണ്.വന്ധ്യതയുള്ളവരിൽ ഇത്തരം ചികിത്സാവിധികൾ ഗർഭധാരണത്തിനുള്ള സാധ്യത കൂട്ടുന്നതായി കാണാം.

പി.സി.ഒ.ഡിയുടെ പ്രധാന ലക്ഷണങ്ങളായ മുഖക്കുരു ,അമിത രോമ വളർച്ച, കഴുത്തിന് പിന്നിലെ കറുപ്പു നിറം തുടങ്ങിയവ തുടങ്ങിയവയ്ക്കും ആയുര്‍വേദത്തില്‍ പരിഹാരമുണ്ട്.പി.സി.ഒ.ഡി ചികിത്സയോടൊപ്പം ഡോക്ടറുടെ നിർദ്ദേശ പ്രകാരം യുക്തമായ ദ്രവ ദ്രവ്യം ലേപനങ്ങളാക്കി മുഖത്ത് പുരട്ടാം. ഇത് രോമവളർച്ചയെ ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും.

പി.സി.ഒ.ഡി ഉള്ളവരില്‍ സാധാരണ മുഖക്കുരുക്കളിൽ നിന്നും വ്യത്യസ് മായി കട്ടിയുള്ള മുഖക്കുരുക്കൾ ഉണ്ടാകും.അകത്തേക്ക് കഴിക്കുന്ന മരുന്നുകള്‍ക്ക് പുറമെ മഞ്ചട്ടി, ത്രിഫല, ഇരട്ടിമധുരം തുടങ്ങിയവ ഡോക്ടറുടെ നിർദ്ദേശ പ്രകാരം പുറമേ പുരട്ടുന്നതും മുഖക്കുരു ലഘൂകരിക്കും.

കഴുത്തിന് പിന്നിലെ കറുപ്പു നിറം മാറാൻ ശരീരത്തിലെ ഇൻസുലിൻ റെസിസ്റ്റൻസ് മാറ്റിയെടുക്കേണ്ടതുണ്ട്. അതിനായിചിട്ടയായ ഭക്ഷണക്രമം, വ്യായാമം എന്നിവയും വേങ്ങാക്കാതൽ, ഉലുവ മുതലായവ ഇട്ട് തിളച്ചിച്ച വെള്ളം, യുക്തി അനുസരിച്ചുള്ള കഷായങ്ങൾ ഇവയൊക്കെ ഫലപ്രദമാണ്. കടലമാവും തൈരും ഒപ്പം ഔഷധ ചൂർണങ്ങൾ മിശ്രിതമാക്കി പുരട്ടി ഉണങ്ങിയതിന് ശേഷം കഴുകി കളയുന്നതും ഗുണം ചെയ്യും.

ENGLISH SUMMARY:

Ayurvedic treatment for PCOD