brucellosis-disease

TOPICS COVERED

ബ്രൂസെല്ലോസിസ് എന്ന അപൂര്‍വരോഗമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഒരു ജന്തുജന്യരോഗം എന്നതിലുപരി എന്താണ് ബ്രൂസെല്ലോസിസ്? എങ്ങനെയാണിത് മനുഷ്യരിലേക്കെത്തുന്നത്? അപകടസാധ്യതകള്‍ എന്തെല്ലാമാണ്? എങ്ങനെ പ്രതിരോധിക്കാം?

 

മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കെത്തുന്ന ബ്രൂസെല്ല എന്ന ബാക്ടീരിയയാണ് ബ്രൂസെല്ലോസിസ് എന്ന രോഗത്തിന് കാരണം. പ്രധാനമായും കന്നുകാലികള്‍, ആട്, നായ, പന്നി എന്നിവയില്‍ നിന്നെല്ലാമാണ് പ്രധാനമായും ഈ ബാക്ടീരിയ മനുഷ്യരിലേക്ക് എത്തുന്നത്. രോഗബാധിതരായ മൃഗങ്ങളുമായി നേരിട്ടുളള സമ്പര്‍ക്കം വഴിയോ, അല്ലെങ്കില്‍ രോഗബാധിതരായ മൃഗങ്ങളില്‍ നിന്ന് ശേഖരിക്കുന്ന തിളപ്പിക്കാത്തതോ, പാസ്ചററൈസ് ചെയ്യാത്തതോ ആയ പാല്‍ ഉത്പന്നങ്ങള്‍ കഴിക്കുന്നതു വഴിയെല്ലാം ബാക്ടീരിയ മനുഷ്യരിലേക്കെത്താം.

ലോകത്ത് ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ജന്തുജന്യ രോഗങ്ങളില്‍ പ്രധാനിയാണ് ബ്രൂസെല്ലോസിസ്. കന്നുകാലി വളര്‍ത്തല്‍ വ്യാപകമായുളള പ്രദേശങ്ങള്‍, വൃത്തിഹീനമായ ഫാമുകളുളള ഇടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ബ്രൂസെല്ലോസിസ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.ബ്രൂസെല്ലോസിസ് പ്രായഭേദമന്യേ ഏതൊരാള്‍ക്കും

ബ്രൂസെല്ലോസിസ് പ്രായഭേദമന്യേ ഏതൊരാള്‍ക്കും പിടിപെടാം. രോഗബാധിതരായ മൃഗങ്ങളുടെ പാസ്ചറൈസ് ചെയ്യാത്ത പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും ഉപയോഗം വഴിയാണ് കൂടുതല്‍ ആളുകള്‍ക്കും രോഗബാധ ഉണ്ടായതെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. കൂടാതെ കന്നുകാലികള്‍, ആടുമാടുകള്‍ എന്നിവയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് രോഗബാധിതരായ മൃഗങ്ങളുടെ രക്തം, മലം, മൂത്രം, പ്ലാസന്‍റ എന്നിവയിലൂടെയും ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കാം.

കന്നുകാലി ഫാമുകളില്‍ ജോലി ചെയ്യുന്നവര്‍, ഇറച്ചി വില്‍പ്പനക്കാര്‍, കര്‍ഷകര്‍, വേട്ടക്കാര്‍, മൃഗഡോക്ടര്‍മാര്‍, ലാബുകളില്‍ ജോലി ചെയ്യുന്നവര്‍.. ഇവര്‍ക്കെല്ലാം രോഗസാധ്യത കൂടുതലാണ്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ബ്രൂസെല്ലോസിസ് പകരാനുളള സാധ്യത വളരെ അപൂര്‍വമാണ്. ബ്രൂസെല്ല മെലിറ്റെൻസിസ് എന്ന ബാക്ടീരിയ വഴിയുണ്ടാകുന്ന ബ്രൂസെല്ലോസിസ് ലോകമെമ്പാടും കണ്ടുവരുന്ന ഒന്നാണ്. സ്വതന്ത്രമായി വിഹരിക്കുന്ന ആടുമാടുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തതിനാല്‍ രോഗം പിടിപെടാനുളള സാധ്യതയും കൂടുതലാണ്.

ബ്രൂസെല്ലോസിസിനെ പ്രതിരോധിക്കാനുളള ഏറ്റവും മികച്ച മാര്‍ഗം രോഗബാധിതരായ മൃഗങ്ങളുമായുളള സമ്പര്‍ക്കം ഒഴിവാക്കുക എന്നതാണ്. മൃഗങ്ങളുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ ആടുമാടുകള്‍ക്ക് കൃത്യമായ പ്രതിരോധ കുത്തിവയ്പ്പ് നല്‍കണം. ഭക്ഷ്യസരുക്ഷ ഉറപ്പുവരുത്തുക എന്നതാണ് മറ്റൊരു മാര്‍ഗം. പാസ്ചറൈസ് ചെയ്ത പാലും പാലുല്‍പ്പന്നങ്ങളും മാത്രം ഉപയോഗിക്കുക. അതുപോലെ കാര്‍ഷിക മേഖലയിലും മാംസ സംസ്കരണമേഖലകളിലും വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ കൈകൊളളുക. മൃഗങ്ങളുടെ വിസര്‍ജ്യവും മറ്റും ശരിയായ രീതില്‍ സംസ്കരിക്കുക. വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലികളുടെയും ആടുമാടുകളുടെയും ശുചിത്വവും ആരോഗ്യവും ഉറപ്പുവരുത്തുക.

രോഗലക്ഷണങ്ങള്‍ എന്തെല്ലാം?

ബ്രൂസെല്ലോസിസ് സാധാരണഗതിയില്‍ പകര്‍ച്ചപ്പനി കണക്കെയാണ് പ്രത്യക്ഷപ്പെടുക. പനി, ക്ഷീണം, അസ്വസ്ഥത, ശരീരഭാരം ക്രമാതീതമായി കുറയല്‍, മുണ്ടി നീരിന് സമാനമായ തരത്തില്‍ ശരീരത്ത് നീര് കാണപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ആദ്യ കാഴ്ചയില്‍ ഇതൊരു സാധാരണ പനിയാകാമെന്ന് കരുതി ചികില്‍സിക്കാന്‍ തയ്യാറാകാത്തത് രോഗത്തെ കൂടുതല്‍ അപകടകരമാക്കും. രോഗത്തിന്‍റെ ഇന്‍കുബേഷന്‍ കാലാവധി സാധാരണഗതിയില്‍ 2 മുതല്‍ 4 ആഴ്ച വരേയാണ്. ചിലപ്പോള്‍ ഇത് 2 മാസം വരെ ആകാനും സാധ്യതയുണ്ട്.

ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടന്‍തന്നെ ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിക്കുന്ന ചികിത്സ നേടണം. ബ്രൂസെല്ലോസിസിന് കൃത്യസമയത്ത് ചികില്‍സ തേടിയില്ലെങ്കില്‍ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ച് മരണം വരെ സംഭവിച്ചേക്കാം.

ENGLISH SUMMARY:

Explantion about Brucellosis disease