നോണ്‍സ്റ്റിക് പാനുകളില്ലാത്ത അടുക്കളയെ കുറിച്ച് ആലോചിക്കുകയേ വേണ്ടെന്ന സ്ഥിതിയിലായിട്ടുണ്ട്. ഉപയോഗിക്കാനും കഴുകി വൃത്തിയാക്കാനുമുള്ള എളുപ്പമാണ് നോണ്‍സ്റ്റിക് പാത്രങ്ങളെ ഇത്ര ജനപ്രിയമാക്കിയത്. എന്നാല്‍ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ അത്ര നിസാരമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം മാത്രം 250ലേറെ അമേരിക്കക്കാരാണ് ടെഫ്ളോണ്‍ പനി ബാധിച്ച് ചികില്‍സ തേടിയത്.
നോണ്‍സ്റ്റിക് പാത്രങ്ങള്‍ അമിതമായി ചൂടാകുമ്പോള്‍ അവയില്‍ നിന്നും വിഷവാതകം പുറത്തേക്ക് വരും. ഇതിന് പുറമെ പാനുകളിലെ പോറലുകളിലൂടെയും ടെഫ്ളോണ്‍ പുറത്ത് വരും. ഇങ്ങനെ പുറത്തുവരുന്ന ടെഫ്ളോണ്‍ ശ്വസിക്കുന്നതിലൂടെയാണ് പനിപിടിപെടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. നോണ്‍സ്റ്റ് പാന്‍ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ശ്വാസകോശത്തിന് സാരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു.
എന്താണ് ടെഫ്ളോണ്‍?
കാര്‍ബണും ഫ്ലൂറിനും ചേര്‍ന്ന പോളിടെട്രാഫ്ലൂറോ എഥിലീന്‍ എന്ന കൃത്രിമ രാസവസ്തുവില്‍ നിന്നുമാണ് ടെഫ്ളോണിന്‍റെ പിറവി. പറ്റിപ്പിടിക്കില്ലെന്നതാണ് ഇതിന്‍റെ സവിശേഷത. ആഹാരം പാകം ചെയ്യുമ്പോള്‍ ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കാമെന്നത് കൊണ്ടും ഉപയോഗത്തിന്‍റെ സൗകര്യവും കൊണ്ട് അടുക്കളയില്‍ നോണ്‍സ്റ്റിക് പാത്രങ്ങള്‍ അതിവേഗത്തിലാണ് ഇടംപിടിച്ചത്.
അസുഖം വരുന്ന വഴി
ടെഫ്ളോണ്‍ കോട്ടിങുള്ള പാത്രങ്ങളിലെ ഭക്ഷണം പാകം ചെയ്യല്‍ പൊതുവേ സുരക്ഷിതമായാണ് കരുതിപ്പോന്നിരുന്നത്. എന്നാല്‍ നോണ്‍സ്റ്റിക് പാത്രങ്ങള്‍ 500 ഡിഗ്രി ഫാരന്‍ഹീറ്റില്‍ (260 ഡിഗ്രി സെല്‍സ്യസ്) ചൂടാകുമ്പോള്‍ കോട്ടിങ് ഇളകുന്നു. ഇത് ഓക്സിഡൈസ്ഡും ഫ്ലൂറിനേറ്റഡുമായ പദാര്‍ഥങ്ങള്‍ വായുവില്‍ കലരാന്‍ ഇടയാക്കുന്നു. ഈ വിഷപദാര്‍ഥങ്ങള്‍ നിറഞ്ഞ വായു ശ്വസിക്കുന്നവരിലാണ് ശാരീരിക അസ്വസ്ഥതകളും ടെഫ്ളോണ്‍ പനിയും പ്രത്യക്ഷപ്പെട്ടത്.
ലക്ഷണങ്ങള്‍
പനി, വിറയല്‍, ക്ഷീണം, തലവേദന, നെഞ്ചില്‍ ഭാരം തോന്നിക്കുക, ഛര്‍ദി, സന്ധിവേദനയും പേശി വേദനയും , കഫക്കെട്ട്, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്,തൊണ്ടവീക്കം എന്നിവയാണ് ടെഫ്ളോണ്‍ പനി ബാധിച്ചവരിലുണ്ടാകുന്ന ലക്ഷണങ്ങള്‍.
ഉപയോഗിക്കാം.. സൂക്ഷിച്ച്
സുരക്ഷിത താപനിലയില്‍ മാത്രം ഭക്ഷണം പാകം ചെയ്യുക: ടെഫ്ളോണ്‍ കോട്ടിങുള്ള നോണ്‍സ്റ്റിക് പാത്രങ്ങള്‍ അധികം ചൂടാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഉള്ളില്‍ ഭക്ഷണമില്ലാതെ നോണ്‍സ്റ്റിക് പാത്രങ്ങളും വെറുതേ ചൂടാക്കരുത്. അതിവേഗത്തില്‍ നോണ്‍സ്റ്റിക് പാന്‍ ചൂടാകുമെന്നതാണ് കാരണം. നോണ്‍സ്റ്റിക് പാത്രങ്ങള്‍ക്ക് പകരം സ്റ്റെയിന്‍ലെസ് സ്റ്റീലോ, കാസ്റ്റ് അയണ്‍ പാത്രങ്ങളോ ഉപയോഗിക്കുക
അടുക്കളയില്‍ മതിയായ വായൂസഞ്ചാരം ഉറപ്പാക്കുക: അടുക്കളയില്‍ മതിയായ വായു കടക്കുന്നുണ്ടെന്നും എക്സോസ്റ്റര്‍ ഫാനുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നതും ഉറപ്പാക്കുക.
പഴകിയതും കോട്ടിങ് പോയതുമായ പാനുകള്‍ ഒഴിവാക്കുക: പഴകിയതും കോട്ടിങ് നഷ്ടമായതുമായ പാത്രങ്ങള്‍ക്ക് പകരം പുതിയ പാനുകള്‍ ഉപയോഗിക്കുക. കേടായ പാനുകള്‍ കൂടുതലായി വിഷവാതകങ്ങള്‍ പുറത്തുവിടുകയും ആരോഗ്യം നശിപ്പിക്കുകയും ചെയ്യും.
കഴുകി സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കുക: നോണ്‍സ്റ്റിക് പാത്രങ്ങള്‍ സ്പോഞ്ചുപോലുള്ള മൃദുവായ വസ്തുക്കള്‍ കൊണ്ടുമാത്രം കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. അലൂമിനിയം, സ്റ്റീല്‍ സ്ക്രബറുകള്‍ പാത്രങ്ങളില്‍ പോറല്‍ വീഴുന്നതിന് കാരണമാകും.