എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. മരുന്നുകളോട് ചെറിയ രീതിയിൽ പ്രതികരിക്കുന്നുണ്ടെങ്കിലും നില ഗുരുതരമായി തുടരുകയാണെന്ന് ഏറ്റവും ഒടുവിൽ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് എംടിയെ ആശുപത്രിയിൽ ആക്കിയത്.
വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക നിരീക്ഷണത്തിലാണ് എംടി. രാവിലെ മുതൽ ആരോഗ്യനിലയിൽ നേരിയ പുരോഗതി കാണാനുണ്ട്. മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി. രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ ഒരു പരിധി വരെ പരിഹരിച്ചു. എങ്കിലും ഓക്സിജൻ മാസ്കിന്‍റെ സഹായം ഇപ്പോഴും തുടരുന്നു. ആശാവഹമായ പുരോഗതി എന്ന് പറയാൻ ഇപ്പോഴും ആയിട്ടില്ല. മേയർ ബീന ഫിലിപ്പ് അടക്കമുള്ള പ്രമുഖർ എം ടിയെ കാണാൻ ആശുപത്രിയിൽ എത്തി. ഭാര്യ സരസ്വതി,മകൾ അശ്വതി ശ്രീകാന്ത്, മരുമകൻ ശ്രീകാന്ത് എന്നിവരാണ് ആശുപത്രിയിൽ എം.ടിക്കൊപ്പം ഉള്ളത്.