'പനിയാണോ, തലവേദനയുണ്ടോ?.. ഒരു പാരസെറ്റമോളങ്ങ് കഴിക്ക്,മാറട്ടെ...' ഈ പറച്ചില്‍ കേള്‍ക്കാത്തവര്‍ ചുരുക്കമാകും. ലോകത്തേറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന വേദനാസംഹാരികളിലൊന്നാണ് പാരസെറ്റാമോള്‍. പാരസെറ്റമോളില്ലാത്ത വീടുകള്‍ ചുരുക്കമാണെന്ന് പറഞ്ഞാലും അതിശയോക്തി വേണ്ട. എന്നാല്‍ എന്തിനുമേതിനും പാരസെറ്റാമോളിങ്ങനെ വെറുതേ വാരിക്കഴിക്കാന്‍ നില്‍ക്കേണ്ടെന്നാണ് എസിടിഎഡിഎയുടെ ഏറ്റവും പുതിയ ആരോഗ്യ പഠന റിപ്പോര്‍ട്ട് പറയുന്നത്. പാരസെറ്റമോളിന്‍റെ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കണമെന്നും ഇല്ലെങ്കില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ആഴ്ചയില്‍ നാലുപേരില്‍ ഒരാള്‍ വീതം പാരസെറ്റമോള്‍ കഴിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
തലവേദനയ്ക്കും പനിക്കുമെല്ലാം ഡോക്ടര്‍മാര്‍ പതിവായി രോഗികള്‍ക്ക് പാരസെറ്റമോള്‍ കുറിച്ച് നല്‍കുകയും ചെയ്യും. എന്നാല്‍ പരിധിയില്‍ കവിഞ്ഞ പാരസെറ്റമോള്‍ ഉപയോഗം അസിഡിറ്റി ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. രക്തത്തില്‍ അസിഡിറ്റിയുണ്ടാകുന്ന അവസ്ഥ ക്രമേണെ ഉടലെടുക്കുമെന്നും ഇത് വൃക്കരോഗികളില്‍ മരണകാരണം വരെയായേക്കാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഴ്ചയില്‍ രണ്ടുദിവസത്തില്‍ കൂടുതല്‍ പാരസെറ്റമോള്‍ കഴിക്കുന്നവര്‍ കര്‍ശനമായും ഡോക്ടറുടെ സഹായം തേടണമെന്നും സ്വയം ചികില്‍സ അരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
എഡിന്‍ബറോ സര്‍വകലാശാല നടത്തിയ പഠനത്തില്‍ ഇംഗ്ലണ്ടില്‍ മാത്രം പാരസെറ്റമോള്‍ അമിതമായി കഴിച്ചതിനെ തുടര്‍ന്ന് 227 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് കണ്ടെത്തിയത്. കരളിന്‍റെ പ്രവര്‍ത്തനങ്ങളെ പാരസെറ്റമോളിന്‍റെ അമിത ഉപയോഗം തകരാറിലാക്കുന്നുണ്ടെന്നും ഹെപറ്റോറ്റോക്സിസിറ്റിയെന്ന അവസ്ഥയിലേക്ക് നയിക്കുന്നുവെന്നും യുഎസില്‍ നടത്തിയ പഠന റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയിരുന്നു.
പാരസെറ്റമോള്‍ വന്ന വഴി
1893 ല്‍ ജോസഫ് വോന്‍ മെറിങാണ് പാരസെറ്റമോള്‍ വികസിപ്പിച്ചെടുത്തത്. 1950 ആയപ്പോഴേക്കും യുഎസിലും ലോകത്തിലെ മറ്റിടങ്ങളിലും ഇത് വേദനാസംഹാരിയെന്ന നിലയില്‍ പ്രചാരത്തിലായി. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെന്നിങ്ങനെ എല്ലാവര്‍ക്കും നല്‍കുന്ന വേദനാസംഹാരിയെന്നതായിരുന്നു ഈ സ്വീകാര്യതയ്ക്ക് കാരണം. മറ്റുള്ള വേദനാസംഹാരികളെ അപേക്ഷിച്ച് വയറിന് കാര്യമായ കുഴപ്പങ്ങളുണ്ടാക്കുന്നില്ലെന്നതും പാരസെറ്റാമോളിന് ആവശ്യക്കാരേറ്റി. തലവേദനയ്ക്കും പനിക്കും പുറമെ ആര്‍ത്തവ വേദന, പല്ലുവേദന, നടുവേദന, വാതസംബന്ധിയായ വേദന, ജലദോഷം എന്നിവയ്ക്ക് വരെ പാരസെറ്റമോള്‍ ഉപയോഗിച്ചുവരുന്നു.