ദിനംപ്രതി നമുക്ക് ചുറ്റുമുള്ള ശബ്ദ മലിനീകരണം കൂടി വരികയാണ്. ഇവയിൽ നിന്നും കാതുകളെ സംരക്ഷിക്കാം എന്ന വാഗ്ദാനവും ആയാണ് നോയിസ് ക്യാൻസലിങ് ഹെഡ്ഫോണുകൾ വിപണിയിൽ എത്തിയത്. ഇവയുടെ അമിത ഉപയോഗം കാതുകൾക്ക് പ്രശ്നമുണ്ടാക്കുമെന്ന് പലരും നമ്മോട് പറഞ്ഞിരിക്കാം. എന്നാൽ പുതിയ പഠനപ്രകാരം കാതുകൾക്കല്ല തലച്ചോറിനാണ് നോയിസ് ക്യാൻസലിംഗ് ഹെഡ് ഫോണുകൾ പണി തരുന്നത്.
നമുക്ക് ചുറ്റും ഉണ്ടാകുന്ന ശബ്ദങ്ങൾ, തരംഗങ്ങളാണ്. ഈ തരംഗങ്ങൾ ചെവിയുടെ കർണ്ണ പടത്തിൽ തട്ടുമ്പോൾ ഉണ്ടാകുന്ന വൈബ്രേഷനുകൾ ചെവിക്ക് അകത്തുള്ള ചെറു എല്ലുകളിലൂടെ കോക്ലിയയിലെത്തും. ഇവയ്ക്കുള്ളിലെ ചെറു നാരുകളിലൂടെ തലച്ചോറിലേക്ക് എത്തുമ്പോഴാണ് നമുക്ക് കേൾക്കാനാവുക. ശബ്ദ മലിനീകരണം മൂലം ഉണ്ടാകുന്ന ഭൂരിഭാഗം കേൾവിക്കുറവിന്റെയും പ്രഭവ കേന്ദ്രം കോക്ലിയയാണ്. എന്നാൽ പുതിയ പഠനം പ്രകാരം തലച്ചോറിനുള്ളിലെ പ്രശ്നങ്ങൾ കേൾവിയെ ബാധിക്കുകയാണ്. കാരണക്കാരൻ നോയിസ് ക്യാൻസലിങ് ഹെഡ് ഫോണുകളും. യുകെ ഹെൽത്ത് സൊസൈറ്റി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
ഓഡിറ്റോറി പ്രോസസിങ് ഡിസോഡർ (എഡിപി) എന്ന കണ്ടീഷനാണ് പ്രധാനമായും നോയിസ് ക്യാൻസലിങ് ഹെഡ് ഫോണുകൾ വരുത്തി വയ്ക്കുന്നത്. ചുറ്റുമുള്ള ശബ്ദങ്ങളിൽ നിന്ന് ആരെങ്കിലും സംസാരിക്കുന്നതോ അതോ ഏതെങ്കിലും ഒരു ശബ്ദം മാത്രമോ വേർതിരിച്ചെടുക്കാൻ കഴിയാത്ത അവസ്ഥയാണ് ഇത്. എഡിപി ബാധിച്ച കുട്ടികൾക്ക് സ്കൂളിൽ പഠിപ്പിക്കുന്നത് കൃത്യമായി മനസ്സിലാകാതെ ആവുക. ഒരു ശബ്ദത്തിൽ തന്നെ കൂടുതൽ സമയം ശ്രദ്ധ ചെലുത്താൻ കഴിയാതെ വരിക. ഒരാൾ വേഗത്തിൽ സംസാരിക്കുമ്പോൾ മനസ്സിലാകാതിരിക്കുക. അറിയാവുന്ന ഭാഷ തന്നെ മറ്റ് ആക്സിഡന്റുകളിൽ സംസാരിക്കുമ്പോൾ തിരിച്ചറിയാൻ കഴിയാതിരിക്കുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
കൗമാരത്തിന്റെ അവസാന കാലത്താണ് തലച്ചോറിനുള്ളിൽ കേൾവി ശക്തി പൂർണ്ണമായും വികസിക്കുക. എന്നാൽ ഈ കാലഘട്ടത്തിൽ അമിതമായി നോയിസ് ക്യാൻസലിങ് ഹെഡ്ഫോണുകൾ ധരിച്ചാൽ ശബ്ദങ്ങളെ പ്രോസസ്സ് ചെയ്യാനുള്ള കഴിവിനെ ബാധിച്ചേക്കും. ചെവിയിലെ അണുബാധ, തലച്ചോറിന് ക്ഷതമേൽക്കുക, അല്ലെങ്കിൽ ജനിതക വൈകല്യം തുടങ്ങിയ സാഹചര്യങ്ങളിൽ മാത്രമാണ് മുമ്പ് എഡിപി കണ്ടുവന്നിരുന്നത്.
ആവശ്യഘട്ടങ്ങളിൽ ഒഴികെ എല്ലായിപ്പോഴും നോയിസ് ക്യാൻസലിങ് ഹെഡ്ഫോണുകൾ ധരിക്കുന്നത് വലിയ അപകടമാണ് സൃഷ്ടിക്കുന്നത്. വാഹനം ഓടിക്കുമ്പോഴും റോഡിൽ നടക്കുമ്പോഴും ഒക്കെ ഇത്തരത്തിൽ നോയ്സ് ക്യാൻസലിങ് മോഡ് ഓൺ ആണെങ്കിൽ അപകട സാധ്യത ഏറെയാണ്. കൂടുതൽ സമയം നോയിസ് ക്യാൻസലിങ് ഹെഡ് ഫോണുകൾ ധരിക്കുമ്പോൾ ഇയർ കനാലിനുള്ളിൽ മർദ്ദം കൂടുകയും തലവേദന തലകറക്കം തുടങ്ങിയ പ്രശ്നങ്ങളും സൃഷ്ടിച്ചേക്കും. ഒപ്പം ഹെഡ് ഫോണുകൾ കൂടുതൽ സമയം ധരിച്ചാൽ ചെവിക്കുള്ളിൽ ജലാംശം കെട്ടിനിൽക്കുകയും അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും.
ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം 80 ഡെസിമലിൽ താഴെയുള്ള ശബ്ദം കാതിന് കേടുപാടുകൾ ഉണ്ടാകില്ല. ഒരു തിരക്കേറിയ ഹോട്ടലിൽ ഉണ്ടാകുന്ന ശബ്ദമാണത്. എന്നാൽ പുറത്ത് സ്പീക്കറുകളും മറ്റും 100 ഡിസിലിനും മുകളിലാണ്. ഇത്തരം സാഹചര്യങ്ങളിൽ നോയ്സ് ക്യാൻസലിങ് ഹെഡ്ഫോണുകൾ ഉപയോഗിച്ച് കാതിനെ സംരക്ഷിക്കാം.
നമുക്ക് ചുറ്റുമുള്ള ശബ്ദം മലിനീകരണങ്ങളിൽ നിന്ന് ചെവിയെ സംരക്ഷിക്കാനുള്ള ഒരു ഉപായമാണ് നോയിസ് ക്യാൻസലിങ് ഹെഡ്ഫോണുകൾ. അധികമായാൽ അമൃതും വിഷം എന്ന് പറയുന്നതുപോലെ, ഹെഡ് ഫോണുകൾ നിരുത്തരവാദപരമായി ഉപയോഗിക്കുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാവുക.