കൊച്ചിയില്‍ പെട്ടെന്നാണ് വൈറല്‍ മെനിഞ്ചൈറ്റിസ് പടരുന്നു എന്ന വാര്‍ത്തയെത്തിയത്. പരീക്ഷാക്കാലമാണ്, വേനലവധിക്ക് സ്കൂളടയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം. ഇതിനിടെ സ്കൂള്‍ തന്നെ അടച്ചിടേണ്ട അവസ്ഥയില്‍ അഞ്ചുകുട്ടികള്‍ക്ക് രോഗലക്ഷണങ്ങള്‍ വന്നു. അഞ്ചുപേരും ഒന്നും രണ്ടും ക്ലാസില്‍ പഠിക്കുന്നവര്‍, ഇവരില്‍ നാലുപേര്‍ക്കും വൈറല്‍ മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. പേരില്‍ അല്‍പം കടുപ്പമുള്ളതുകൊണ്ടു തന്നെ ഈ രോഗത്തെക്കുറിച്ച് വലിയ ധാരണയില്ലാത്തവരൊക്കെ ആശങ്കയിലായി. എന്നാല്‍ അത്ര ഭീതി വേണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
എന്താണ് വൈറല്‍ മെനിഞ്ചൈറ്റിസ്?
പ്ലാസ്റ്റിക് ബാഗ് പോലെ സങ്കല്‍പ്പിക്കാവുന്ന ഒരാവരണമുണ്ട് തലച്ചോറിന്. അതിന്റെ പേരാണ് മെനിഞ്ചസ്. ഈ ആവരണത്തിനു മാത്രം വരുന്ന നീര്‍ക്കെട്ടാണ് മെനിഞ്ചൈറ്റിസ്. അതേസമയം തലച്ചോറിനു നേരിട്ടുണ്ടാകുന്ന പ്രശ്നത്തെ എന്‍കഫലൈറ്റിസ് എന്നാണ് വിളിക്കുന്നത്. ഇതുരണ്ടും വളരെ വ്യത്യസ്തമായ രണ്ടു അവസ്ഥകളാണ്, ഇതറിയാത്തതുകൊണ്ടാണ് മെനിഞ്ചൈറ്റിസ് എന്നു കേള്‍ക്കുമ്പോള്‍ എന്തോ വലിയ മാരകരോഗം എന്ന ചിന്തയുണ്ടാകുന്നത്. വൈറല്‍ മെനിഞ്ചൈറ്റിസ് താരതമ്യേന ഗുരുതരമല്ലാത്ത രോഗാവസ്ഥയാണ്. കൃത്യമായ സമയത്ത് തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ നല്‍കിയാല്‍ പൂര്‍ണമായും ഭേദമാക്കാം. അതേസമയം ഏത് രോഗവും ചില ഘട്ടങ്ങളില്‍ സങ്കീര്‍ണമായേക്കാം എന്ന വ്യവസ്ഥ ഇവിടെയുമുണ്ടെന്നു മാത്രം.
മെനിഞ്ചൈറ്റിസ് തന്നെ പലതരത്തിലുണ്ട്, വൈറസുകളുണ്ടാക്കുന്ന മെനിഞ്ചൈറ്റിസ് അത്ര പ്രശ്നമുള്ളവയല്ലെങ്കിലും ബാക്ടീരിയ മൂലം ഉണ്ടാകുന്ന മെനിഞ്ചൈറ്റിസ് രോഗിയെ ചിലപ്പോൾ ഗുരുതര അവസ്ഥയിലെത്തിച്ചേക്കും. പ്രത്യേകിച്ചും രോഗനിർണയം, ചികിത്സ ഇവ വൈകിയാൽ വൈകല്യങ്ങള്‍, കേള്‍വിക്കുറവ്, ചലനം നഷ്ടപ്പെടുക അങ്ങനെ പലതരത്തിലുള്ള സങ്കീര്‍ണതകളിലേക്ക് ചെന്നെത്തിക്കാൻ കഴിവുണ്ട് ബാക്ടീരിയല്‍ മെനിഞ്ചൈറ്റിസിന്.
രോഗകാരിയായ വില്ലനാര്?
നിലവില്‍ കൊച്ചിയിലെ കുട്ടികളിലുണ്ടായത് വൈറല്‍ മെനിഞ്ചൈറ്റിസ് ആണെന്നാണ് പ്രാഥമിക നിഗമനം. മെനിഞ്ചൈറ്റിസ് ഉണ്ടാക്കുന്ന വൈറസുകളില്‍ പ്രധാനിയാണ് എന്ററോ വൈറസ്. ഇതൊരു ഒറ്റ വൈറസ് അല്ല, മറിച്ച് ഒരു കൂട്ടം വൈറസുകളാണ്, അതായത് മനുഷ്യനെ ആക്രമിക്കുന്ന നൂറില്‍ അധികം തരം എന്ററോ വൈറസുകള്‍ നിലവിലുണ്ട്. സാധാരണ എന്ററോ വൈറസ് രോഗബാധ വന്നുകഴിഞ്ഞാല്‍ അത് പൂര്‍ണമായും ഭേദമാകുന്നതാണ് പതിവ്.
രോഗബാധയുടെ വഴി
നേരിട്ടുള്ള സമ്പര്‍ക്കം, സ്പര്‍ശനം , ചുമ, തുമ്മല്‍, ഭക്ഷണം പങ്കിടുക വഴിയെല്ലാം എന്ററോ വൈറസ് പകരാം. ജലദോഷലക്ഷണങ്ങളോടെ ആകാം ആരംഭം, അത് പിന്നീട് മെനിഞ്ചൈറ്റിസ് ആവുകയാണെങ്കിൽ കടുത്ത തലവേദന, ഛർദ്ദി, പനി, വെളിച്ചത്തേയ്ക്ക് നോക്കിയാൽ അസ്വസ്ഥത (photophobia) ഇവ അനുഭവപ്പെടാം.
രോഗാണു ശരീരത്തിലെത്തിയാല്‍...
വായിലൂടെ ആമാശയത്തിലെത്തുന്ന രോഗാണു ക്രമേണ കുടലിലെത്തുന്നു. “കുടല്‍ വൈറസ്” എന്നുകൂടി അർത്ഥം വരുന്ന എന്ററോ വൈറസ് കുടലിലെ കോശങ്ങളിൽ വച്ച് പെരുകി രക്തക്കുഴലുകളിലേക്ക് കടക്കുന്നു, രക്തക്കുഴലുകളിലൂടെ സഞ്ചരിച്ച് മറ്റ് അവയവങ്ങളിലേക്കും മെനിഞ്ചസിലും പ്രവേശിക്കുന്നു. തുടര്‍ന്ന് മെനിഞ്ചൈറ്റിസ് എന്ന രോഗാവസ്ഥയിലേക്ക് മാറുന്നു.
വേനലില്‍ വില്ലനാകുന്ന രോഗാണു
വൈറല്‍ മെനിഞ്ചൈറ്റിസ് ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ നല്ലൊരു ശതമാനവും വേനലിന്റെ തുടക്കത്തിലും ഒടുക്കത്തിലുമൊക്കയാണ്. താപനില കൂടിനില്‍ക്കുന്നത് പല രോഗാണുക്കളുടെയും പ്രവര്‍ത്തനവേഗം കൂട്ടാന്‍ സാഹചര്യമൊരുക്കും. അവയ്ക്ക് പെരുകാനും പറ്റിയ കാലാവസ്ഥ ചൂട് തന്നെ.
തടയാനുള്ള മാര്‍ഗങ്ങള്‍
സ്കൂളുകളും ഓഫീസുകളും ആളുകള്‍ കൂടുന്ന മറ്റു പ്രവര്‍ത്തനമേഖലകളും ഏത് രോഗാണുവിന്റേയും പ്രിയഇടമാണെന്നതില്‍ തര്‍ക്കമില്ല. അണുബാധ ഉണ്ടായി എന്നു തോന്നിക്കഴിഞ്ഞാല്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാതിരിക്കുക എന്നതാണ് പ്രധാനം. അതിനാൽ പനി ബാധിച്ചവർ സ്കൂളിലോ ഓഫീസിലോ പോകരുത്.
പൊതു ഇടങ്ങൾ, പ്രതലങ്ങൾ മുതലായവ പതിവായി പ്രോട്ടോക്കോൾ പ്രകാരം വൃത്തിയാക്കണം. ശുദ്ധമായ ഭക്ഷണം, വെള്ളം ഇവയുടെ ലഭ്യത ഉറപ്പുവരുത്തുന്നതും, കൈകള്‍ ഇടക്കിടെ സോപ്പിട്ടു കഴുകുന്നതും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കൈമുട്ടുമടക്കി അതിനുള്ളിലേക്ക് സ്രവങ്ങള്‍ വരുംവിധം കരുതലെടുക്കുന്നതും രോഗവ്യാപനത്തെ തടയുന്ന മാര്‍ഗങ്ങളാണ്.
വൈറസുകളില്‍ തന്നെ “ഉടുപ്പുള്ളവയും” ഇല്ലാത്തവയുമുണ്ട്, അതായത് ലിപിഡ് ആവരണം അഥവാ എൻവലപ്പ് (envelope) ഉള്ളവയും ഇല്ലാത്തവയും. എൻവലപ്പ് ഉള്ള വൈറസുകളെ നശിപ്പിക്കാൻ എളുപ്പമാണ്. എന്നാൽ എന്ററോ വൈറസ് എൻവലപ്പ് ഇല്ലാത്തവയാണ്, ഇത്തരം വൈറസുകളെ തുടച്ചുനീക്കുക എളുപ്പമല്ല, സാധാരണ സോപ്പോ സാനിറ്റൈസറോ മതിയായെന്നുവരില്ല. ബ്ലീച്ചിങ് സൊല്യൂഷന്‍സ് ഉള്‍പ്പെടെ ഉപയോഗിച്ച് പ്രതലങ്ങള്‍ വൃത്തിയാക്കുകയാണ് ഇവയ്ക്ക് നല്ലത്.