ചികില്‍സാരംഗത്ത് മറ്റൊരു ശ്രദ്ധേയ കണ്ടുപിടുത്തവുമായി യുഎസിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാല. ലോകത്തിലെ കുഞ്ഞന്‍ പേസ് മേക്കര്‍ വികസിപ്പിച്ച നേട്ടം ഇനി സ്വന്തം നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയ്ക്ക് തന്നെ. 1.8 മില്ലിമീറ്റര്‍ വീതിയും, 3.5 മില്ലിമീറ്റര്‍ നീളവും ഒരു മില്ലി മീറ്റര്‍ കനവുമുള്ള പേസ് മേക്കര്‍. അതായത് ഒരു അരിമണിയേക്കാള്‍ ചെറുതാണ് ഈ ഉപകരണം. വലുപ്പത്തില്‍ കുഞ്ഞനാണെങ്കില്‍ പ്രവര്‍ത്തനത്തില്‍ പൂര്‍ണ വലുപ്പമുള്ള പേസ് മേക്കറുമായി കിടപിടിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം.
സിറിഞ്ച് വഴി ഘടിപ്പിക്കാം
ഈ പേസ്മേക്കര്‍ ശരീരത്തില്‍ ഘടിപ്പിക്കാന്‍ ശസ്ത്രക്രിയയുടെ ആവശ്യമില്ല. സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്പിലൂടെ ശരീരത്തില്‍ വച്ചുപിടിപ്പിക്കാം. ഹൃദയ ചികില്‍സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ളായിരിക്കും കുഞ്ഞന്‍ പേസ്മേക്കര്‍ കാഴ്ച വയ്ക്കുകയെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.
താല്‍ക്കാലിക പേസ്മേക്കര്‍
കുഞ്ഞന്‍ പേസ്മേക്കര്‍ ആദ്യഘട്ടത്തില്‍ കൂടുതല്‍ ഫലവത്താകുക നവജാതശിശുക്കളിലാണ്. ഈ കണ്ടുപിടിത്തം നവജാതശിശുക്കളിലെ താല്‍ക്കാലിക ഹൃദയപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് ഹൃദയശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ചുവരുന്ന നവജാത ശിശുക്കളില്‍ ഈ ഉപകരണം ഹൃദയസ്പന്ദനം ക്രമപ്പെടുത്താന്‍ സഹായിക്കും.
Nature എന്ന ശാസ്ത്രജേര്‍ണലിലാണ് ഈ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മനുഷ്യജീവിതം സംരക്ഷിക്കുന്ന പുതിയ പ്രതിഭാസം എന്നാണ് ശാസ്ത്രലോകം ഇതിനെ വിശദീകരിക്കുന്നതും.
പ്രവര്‍ത്തനം
ഗാല്‍വാനിക് സെല്‍ ബാറ്ററിയുടെ സഹായത്തോടെയാണ് ഈ കുഞ്ഞന്റെ പ്രവര്‍ത്തനം. ശരീരദ്രാവകങ്ങളുമായി സമ്പര്‍ക്കത്തിലാകുന്നതോടെ ബാറ്ററി സജീവമാവുകയുെ രാസോര്‍ജം വൈദ്യുതോര്‍ജമായി പരിവര്‍ത്തനം ചെയ്യപ്പെടും. ശരീരത്തില്‍ നിന്ന് തന്നെ പ്രവര്‍ത്തനത്തിനാവശ്യമായ ഊര്‍ജം സൃഷ്ടിക്കപ്പെടും.
ഈ പേസ്മേക്കര്‍ ദീര്‍ഘകാല ഉപയോഗത്തിനല്ല. ഒരു നിശ്ചിത കാലാവധിക്ക് ശേഷം തനിയെ ഇല്ലാതാകും. അതിനായുള്ള Bioresorbable കഴിവുമുണ്ട്. ശസ്ത്രക്രിയ നടത്താതെ തന്നെ ഈ പേസ്മേക്കര്‍ ശരീരത്തില്‍ നിന്ന് അപ്രത്യക്ഷമാകും.