Image Credit: Twitter
കൃത്രിമ ടൈറ്റാനിയം ഹൃദയത്തിന്‍റെ സഹായത്തോടെ നൂറുദിവസം ജീവന്‍ നിലനിര്‍ത്തി ഓസ്ട്രേലിയന്‍ പൗരന്‍. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരാളുടെ ജീവന്‍ ഇത്രയധികം ദിവസങ്ങള്‍ നിലനിര്‍ത്തിയത് ലോകത്ത് ആദ്യമാണ്. ദാതാവില്‍ നിന്ന് ഹൃദയം ലഭിക്കുംവരെ മറ്റുകുഴപ്പങ്ങളൊന്നുമില്ലാതെ കൃത്രിമ ഹൃദയം പ്രവര്‍ത്തിച്ചു എന്നത് വലിയ നേട്ടമാണെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ പോള്‍ ജാന്‍സ് പറയുന്നു. ആറുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് നാല്‍പത് വയസുള്ള രോഗിയില്‍ കൃത്രിമ ഹൃദയം വച്ചുപിടിപ്പിച്ചത്. പിന്നീട് ആഴ്ചകളോളം രോഗിയുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.
ന്യൂ സൗത്ത്‍ വെയ്ല്‍സ് സ്വദേശിയായ യുവാവിനെ ഹൃദയസ്തംഭനത്തെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയം മാറ്റിവയ്ക്കലല്ലാതെ മാര്‍ഗമില്ലെന്ന് കണ്ടെത്തിയതോടെ രോഗി കൃത്രിമ ഹൃദയം പരീക്ഷിക്കാന്‍ സമ്മതം അറിയിച്ചു. അതോടെ ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ടൈറ്റാനിയം ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്‍റേഷന്‍ ശസ്ത്രക്രിയയ്ക്ക് കളമൊരുങ്ങി. കഴിഞ്ഞ നവംബര്‍ 22 ന് സിഡ്‌നിയിലെ സെന്റ് വിന്‍സന്റ്‌സ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
ടൈറ്റാനിയം കൊണ്ട് നിര്‍മിച്ച ചെറുയന്ത്രം ഒരു പമ്പ് ഉപയോഗിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ചെയ്യുന്നത്. ലോകത്ത് ആറാംതവണയാണ് ടൈറ്റാനിയം ഹൃദയം മനുഷ്യനില്‍ പരീക്ഷിക്കുന്നതെങ്കിലും ഇതുപയോഗിച്ച് ഒരാള്‍ 100 ദിവസം പിന്നിടുന്നത് ചരിത്രത്തിലാദ്യമാണ്. ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ടൈറ്റാനിയം ഹാര്‍ട്ട് സര്‍ജറിയായിരുന്നു ഇത്. രോഗിക്ക് ദാതാവിന്റെ ഹൃദയം ലഭിക്കുന്നതുവരെ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്രിമ ഹൃദയം നിര്‍വ്വഹിച്ചുകൊള്ളും എന്നതാണ് ഈ ഉപകരണത്തിന്‍റെ പ്രത്യേകത.
ബൈവക്കോര്‍ എന്നാണ് ഈ കൃത്രിമ ടൈറ്റാനിയം ഹൃദയത്തിന്‍റെ പേര്. ബയോ എന്‍ജിനീയറായ ഡോ. ഡാനിയല്‍ ടിംസ് ആണ് ബൈവക്കോര്‍ നിര്‍മിച്ചത്. ലോകത്തെ ആദ്യത്തെ ഇംപ്ലാന്റ് ചെയ്യാവുന്ന റോട്ടറി ബ്ലഡ് പമ്പാണിത്. ഈ ഉപകരണം ഹൃദയത്തിന്‍റെ പ്രവര്‍ത്തനം അതേപടി നിര്‍വഹിക്കും. മാഗ്നറ്റിക് ലെവിറ്റേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പൂര്‍ണമായി മനുഷ്യ ഹൃദയത്തിന് പകരമായി പ്രവര്‍ത്തിക്കാന്‍ ഈ കൃത്രിമഹൃദയത്തിന് സാധിക്കും.
ഹൃദ്രോഗം മൂലം പിതാവ് മരിച്ചപ്പോഴാണ് ഡോ. ഡാനിയേല്‍ ടിംസ് കൃത്രിമ ഹൃദയത്തെക്കുറിച്ച് ആലോചിച്ചതും നിരന്തരഗവേഷണങ്ങളിലൂടെ നിര്‍മിച്ചെടുത്തതും. തന്റെ കണ്ടുപിടുത്തത്തില്‍ വിശ്വാസമര്‍പ്പിച്ച രോഗിക്കും കുടുംബത്തിനും അദ്ദേഹം നന്ദി അറിയിച്ചു. ദാതാവിന്റെ ഹൃദയം ലഭ്യമാകുന്നതുവരെ രോഗികളുടെ ജീവന്‍ നിലനിര്‍ത്താനുള്ള ഉപാധിയായാണ് ബൈവക്കോര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. പരീക്ഷണം വന്‍വിജയമായതോടെ ദാതാവിന്റെ ഹൃദയത്തിനായി കാത്തിരിക്കാന്‍ കഴിയാത്ത, അല്ലെങ്കില്‍ ദാതാവ് ലഭ്യമല്ലാത്ത രോഗികള്‍ക്ക് കൃത്രിമ ഹൃദയങ്ങള്‍ സ്ഥിരം ബദലായി മാറുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.