വയനാട് കല്‍പ്പറ്റയില്‍ തേനീച്ചയുടെ കുത്തേറ്റ് എസ്റ്റേറ്റ് തൊഴിലാളി മരിച്ചു, സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രയ്ക്കായി ഗൂഡല്ലൂരിലേക്ക് പോയ വടകര സ്വദേശിയായ യുവാവ് തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. ഒപ്പ മുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്ക് പരുക്കേറ്റു. രണ്ടു സംഭവത്തിലും പരുന്ത് തേനീച്ചക്കൂട് ഇളക്കിവിട്ടതാണ് അക്രമത്തിന് കാരണമായത്. ഒന്നോ രണ്ടോ തേനീച്ചകൾ ആദ്യം എത്തിയപ്പോൾ ഷർട്ടൂരി അകറ്റാൻ ശ്രമിച്ചതും കൂടുതലെണ്ണമെത്തി കൂട്ടമായി കുത്താന്‍ കാരണമായി.
മരണംവരെ സംഭവിക്കാം
കണ്ടാല്‍ ഈച്ചയെ പോലെ തോന്നുമെങ്കിലും മനുഷ്യന്‍റെ ജീവനുവരെ ഭീഷണിയാവുന്ന വിഷമാണ് തേനീച്ചകള്‍ക്കുള്ളത്. കേരളത്തിൽ പ്രധാനമായും കണ്ടു വരുന്നത് ചെറുതേനീച്ച, കോൽ തേനീച്ച, വൻ തേനീച്ച എന്നിവയാണ് . ഇവയെല്ലാം കൂട്ടമായി ആക്രമിക്കാൻ സാധ്യതയുണ്ട്. തേനീച്ചകളുടെ കൊമ്പിലാണ് വിഷം. കുത്തേല്‍ക്കുന്നതോടെ കൊമ്പ് ഒടിഞ്ഞ് ഇരയുടെ ദേഹത്ത് തറയ്ക്കും ഒപ്പം വിഷമുള്ളില്‍ ചെല്ലും. തുടര്‍ന്ന് കുത്തിയ തേനീച്ച ചത്തുപോകും. അതിനാല്‍ ഉടന്‍ തന്നെ കൊമ്പ് ഉരിയെടുക്കുക. കുത്തേല്‍ക്കുന്നവരുടെ ദേഹത്ത് ഉല്‍പാദിപ്പിക്കപ്പെടുന്ന സ്രവം മറ്റ് തേനീച്ചകളെയും ആകര്‍ഷിക്കുകയും ഇവ കൂട്ടതോടെ വന്ന ആക്രമിക്കുകയും ചെയ്യും...
ശാരീരിക പ്രശ്നങ്ങള്‍
കുത്തേറ്റ ഭാഗം ചുവക്കുന്നു. നീര്‍വീക്കം, ചൊറിച്ചില്‍, ശക്തമായ വേദന എന്നിവ ഉണ്ടാവുന്നു. ഒന്നിലധികം കുത്ത് കിട്ടുമ്പോൾ തന്നെ വിഷം ശരീരത്തിൽ വ്യാപിക്കുന്നതിനനുസരിച്ചു ശരീരത്തിന്‍റെ പ്രവർത്തനം താളം തെറ്റും. തലകറക്കം, ബോധക്ഷയം, ഛർദ്ദി എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. രക്തസമ്മർദം കൂടും, ശ്വാസ തടസ്സം നേരിടും. അബോധാവസ്ഥയോ മരണം തന്നെയോ സംഭവിക്കാം.
കുത്തേറ്റാല്‍ പ്രഥമ ശുശ്രൂഷ പ്രധാനം
തേനീച്ചയുടെ കുത്തേറ്റാല്‍ എത്രയും വേഗം വിനാഗിരി പുരട്ടുക. വിനാഗിരിക്ക് തേനീച്ചയുടെ വിഷത്തെ ഇല്ലാതാക്കാന്‍ കഴിയും. ഡോഡാപൊടി കലക്കിയ വെള്ളവും ഉത്തമം. അമ്ലത്വസ്വഭാവമുള്ള ലായനികള്‍ വിഷാംശം ഇല്ലാതാക്കാന്‍ സഹായകമാണ്. ഇവയെല്ലാമാണ് പ്രാഥമികമായി ചെയ്യാന്‍ കഴിയുന്നത്. ശേഷം വിദഗ്ധസഹായം തേടുക. കുട്ടികളുടെ കാര്യത്തില്‍ വേഗം തന്നെ ചികിത്സതേടേണ്ടതാണ്.
ശ്രദ്ധിക്കാം
മരങ്ങൾ, പാറക്കൂട്ടങ്ങൾ , കരിങ്കൽ കെട്ട്, മണ്ണിനോട് ചേർന്ന പാറക്കൂട്ടങ്ങൾ, ഉയർന്ന കെട്ടിടങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇവയുടെ കൂടുകൾ ഉണ്ടാകാം ജാഗ്രത പാലിക്കുക. തേനീച്ച, കടന്നൽ കൂടുകൾ എവിടെയെങ്കിലും കണ്ടാൽ അവ അനാവശ്യമായി ഇളക്കി വിടരുത്. ഏതെങ്കിലും തരത്തിൽ ഇവയുടെ കൂട് ഇളക്കിയാൽ സ്വയം രക്ഷയ്ക്കായി ചുറ്റുമുള്ള ചലിക്കുന്ന എല്ലാ ജീവികളെയും ഇവ ആക്രമിക്കും. തേനീച്ചയുടെ ശരീരത്തിൽ നിന്നു പുറത്തു വരുന്ന ഫിറമോണിന്‍റെ (ഗന്ധം) അടിസ്ഥാനത്തിൽ ബാക്കിയുള്ളവ കൂടി ആക്രമണത്തിനായി എത്തും അതിനാല്‍ പ്രത്യേക കയ്യുറകൾ, മാസ്ക്, ഹെൽമറ്റ്, മേൽകുപ്പായം എന്നിവ ധരിച്ചു മാത്രമെ കടന്നൽ, തേനീച്ച കൂടുകള്‍ നീക്കം ചെയ്യാവു.