കാട്ടിലൂടെ മണിക്കൂറുകള്‍ നീണ്ട യാത്ര. ചെന്നെത്തുന്നത് കുന്നിന്‍ ചെരുവില്‍. ചുറ്റിനും പച്ചപ്പ് .തണുത്ത കാറ്റ്.. താഴെ ഗൂഡല്ലൂര്‍ പട്ടണം. ഊട്ടിയിലേക്കുള്ള വഴിയിലെ പ്രധാന ആകര്‍ഷണമായ സൂചിമലയിലേക്കുള്ള യാത്ര ആരും മറക്കാറില്ല.കോഴിക്കോട് വടകര വെള്ളിയാട് സ്വദേശിയായ ആസിഫിനും സിനാനും ആ യാത്ര പക്ഷെ നഷ്ടത്തിന്‍റേതാണ്.
Read Also: ഫൊട്ടോയെടുക്കുന്നതിനിടെ കാട്ടുതേനീച്ചയുടെ കുത്തേറ്റു; വിനോദയാത്രയ്ക്കിടെ മലയാളിക്ക് ദാരുണാന്ത്യം
ആടിയും പാടിയും ഒപ്പമുണ്ടായിരുന്ന ഉറ്റസുഹൃത്ത് സുഹൃത്ത് സാബിറിനെ നഷ്ടമായ യാത്ര. ചൊവ്വാഴ്ചയാണ് സാബിറും സുഹൃത്തുക്കളും വടകരയില്‍ നിന്ന് ഊട്ടിയിലേക്ക് യാത്ര തിരിക്കുന്നത്. ഗള്‍ഫില്‍ നിന്ന് മൂന്നുവര്‍ഷത്തിന് ശേഷം നാട്ടില്‍ പെരുന്നാള്‍ കൂടാനെത്തിയ സന്തോഷമെല്ലാം ആ യാത്രയിലുണ്ടായിരുന്നു. ബുധനാഴ്ചയാണ് മൂവരും സൂചി മലയിലെത്തുന്നത്. കൂറ്റന്‍ പാറക്കെട്ടുകള്‍ക്ക് സമീപത്ത് നിന്ന് ഫോട്ടോ എടുക്കുന്നതിനിടയിലാണ് തേനീച്ചയുടെ കൂട്ടമായ ആക്രമണം. മലമുകളിലുള്ള തേനീച്ചക്കൂട്ടില്‍ പരുന്ത് ഇടിച്ചതാണ് തേനീച്ച ഇളകാന്‍ കാരണമായത്.
തേനീച്ച പാഞ്ഞെത്തി സാബിറിനെ പൊതിഞ്ഞു രക്ഷപ്പെടാനായി ഷര്‍ട്ട് ഊരി വീശിയെങ്കിലും കൂടുതല്‍ ശക്തിയില്‍ ആക്രമിക്കുകയായിരുന്നു. തൊട്ടരികില്‍ നിന്ന ആസിഫ് സാബിറിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആസിഫിനും തേനീച്ചയുടെ കുത്തേറ്റു. സിനാന്‍ കുറച്ചകലെ ആയിരുന്നതിനാല്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഉടന്‍ തന്നെ അഗ്നിരക്ഷാ സേനയെത്തി പന്തം കത്തിച്ചാണ് തേനീച്ചകളെ ഓടിച്ചത്. എന്നാല്‍ തേനീച്ചയുടെ കൂട്ടമായ അക്രമണത്തില്‍ വിഷം ഉള്ളില്‍ ചെന്ന് സാബിര്‍ മരിച്ചു. ആസിഫിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.
കൂട്ടുകാര്‍ക്ക് പ്രിയപ്പെട്ട പാട്ടുകാരന്‍
പാട്ടുകള്‍ ഏറെ ഇഷ്ട്ടപ്പെട്ടിരുന്നു സാബിര്‍. കഴിയുന്ന പോലെ പാടി സാമൂഹ്യ മാധ്യമങ്ങളിലും പങ്കുവയ്ക്കും. കട്ടയ്ക്ക് സപ്പോര്‍ട്ട് നല്‍കി ഒപ്പം കൂട്ടുകാരുമുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം നാട്ടിലെത്തി സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര തിരിക്കുമ്പോഴും പാട്ടുപാടാന്‍ മറന്നില്ല. സന്തോഷത്തോടെ പാടി. സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. ആ പാട്ട് ഇന്ന് നൊമ്പരമായി മാറി....