പണ്ട് മുതിര്‍ന്നവരില്‍ മാത്രം കണ്ടുവന്നിരുന്ന ഒരു അവസ്ഥയാണ് ഡിപ്രഷന്‍ അഥവാ വിഷാദ രോഗം. എന്നാല്‍ ഇന്നത്തെ കാലത്ത് കുട്ടികള്‍ക്കിടയിലും ഡിപ്രഷന്‍ കണ്ടുവരുന്നു. കുട്ടികളിലെ ഡിപ്രഷന്‍ തിരിച്ചറിഞ്ഞ് നേരത്തെ കണ്ടെത്തി പരിഹാരം തേടിയില്ലെങ്കില്‍ അവരുടെ പഠനത്തെയും ഭാവിജീവിതത്തെയും അത് പ്രതികൂലമായി ബാധിക്കും.സ്കൂളില്‍ പോകാത്ത കുട്ടികളെ അപേക്ഷിച്ച് സ്കൂളില്‍ പോകുന്ന കുട്ടികളിലാണ് വിഷാദരോഗം കണ്ടുവരുന്നത്. പ്രായം കൂടുന്തോറും ഈ കണക്ക് വര്‍ധിച്ചുവരുന്നു.
കൗമാരക്കാരായ പെണ്‍കുട്ടികളില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് രോഗം വരാനുള്ള സാധ്യത രണ്ടിരട്ടിയാണ് എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കുട്ടികളില്‍ ജന്മനാ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍, കുടുംബത്തിലെ പ്രശ്നങ്ങള്‍, മാതാപിതാക്കളില്‍ നിന്നുള്ള സമര്‍ദം, ജീവിത രീതിയില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഇവയെല്ലാം ഡിപ്രഷന് കാരണമാകുന്നു.
കുട്ടികളിലെ ഡിപ്രഷന്‍ എങ്ങനെ കണ്ടെത്താം?
ഒരു വയസ് മുതൽ 16 വയസ് വരെയുള്ള കുട്ടികളിലെ ഡിപ്രഷന്‍ മാതാപിതാക്കള്‍ മുന്‍കൈയെടുത്ത് കണ്ടെത്തണം. പല ലക്ഷണങ്ങളിലൂടെ രോഗം നിര്‍ണയിക്കാം. വളരെ നന്നായി ഇടപഴകികൊണ്ടിരുന്ന കുട്ടി പെട്ടന്ന് വീട്ടില്‍ വരുന്നവരെ കാണാന്‍ വിസമ്മതിക്കുക, പണ്ട് വളരെ താൽപര്യത്തോടു കൂടി ചെയ്തിരുന്ന പല പ്രവർത്തനങ്ങളിലും ഒരു താൽപര്യവും ഇല്ലാതെ ഇരിക്കുക, സിനിമ കാണാനോ കൂട്ടുകാരോടൊപ്പം പുറത്തു പോകാനോ പോലും താൽപര്യമില്ലാത്ത അവസ്ഥ, കാരണങ്ങളൊന്നുമില്ലാതെ മുറിയടച്ചിരിക്കുക, കരയുക, എത്ര സന്തോഷമുള്ള കാര്യങ്ങൾ നടന്നാലും എത്ര പൊട്ടിച്ചിരിക്കാനുള്ള സന്ദർഭങ്ങൾ ഉണ്ടായാലും സന്തോഷം അനുഭവിക്കാൻ സാധിക്കാതെ വരിക, മുന്‍പ് താല്പര്യവും സന്തോഷവും നല്‍കിയിരിക്കുന്ന കാര്യങ്ങളില്‍ താല്പര്യ കുറവ് കാണിക്കുക, അമിത വിശപ്പ് അല്ലെങ്കില്‍ വിശപ്പില്ലായ്മ എന്നിവയെല്ലാം ഡിപ്രഷന്‍റെ ലക്ഷണങ്ങളാണ്.
മാതാപിതാക്കള്‍ ചെറിയ കാര്യത്തിന് വഴക്കു പറഞ്ഞാല്‍ പോലും അമിതമായി ദേഷ്യപ്പെടുക, എന്നെ ഒന്നിനും കൊള്ളില്ല, എന്‍റെ ഭാവി ശരിയാകുമെന്ന് തോന്നുന്നില്ല, എനിക്ക് ഒരു കഴിവുമില്ല തുടങ്ങിയ നെഗറ്റീവ് ചിന്തകള്‍, നിരാശ, ഏകാന്തത, ഒരു കാര്യവും ശ്രദ്ധയോടെ ചെയ്യാന്‍ സാധിക്കാതെയിരിക്കുക ഇതൊക്കെയാണ് വിഷാദരോഗത്തിന്‍റെ മറ്റ് ലക്ഷണങ്ങള്‍. ചെറിയ കുട്ടികൾ ചിലപ്പോൾ വയറുവേദന, തലവേദന, ഛര്‍ദി, പനി എന്നൊക്കെ പറഞ്ഞ് പല വട്ടം സ്കൂളിൽ പോകാതിരിക്കുന്നതും വിഷാദരോഗത്തിന്‍റെ ലക്ഷണമാകാം. ഈ ലക്ഷണങ്ങളെല്ലാം സ്ഥിരമായി രണ്ടാഴ്ചയിൽ കൂടുതൽ നിലനിന്നാൽ മാത്രമേ ഒരാൾക്ക് വിഷാദരോഗം ഉണ്ടെന്ന് പറയാൻ സാധിക്കൂ.
വിഷാദം വരാൻ പല കാരണങ്ങൾ ഉണ്ട്. അതിൽ പ്രധാനം ന്യൂറോബയോളജിക്കലാണ്. അതായത് നമ്മുടെ തലച്ചോറിൽ ചെറിയ തരത്തിലുള്ള മാറ്റങ്ങൾ വരും. നാഡീവ്യൂഹങ്ങളിൽ സെറാടോണിൻ, ഡോപമിൻ പോലെയുള്ള രാസവസ്തുക്കൾക്ക് ഏറ്റക്കുറച്ചിലുകൾ വരുമ്പോൾ ഡിപ്രഷൻ വരാം. രണ്ടാമത്തെ കാരണം ജനിതകമാണ്. ഏകദേശം 40–60 ശതമാനം പേരിലും പാരമ്പര്യമായി വരുന്നതാണ്. നമ്മുടെ രക്ഷിതാക്കൾക്കോ അല്ലെങ്കില്‍ കുടുംബത്തിലെ മറ്റാളുകള്‍ക്കോ വിഷാദരോഗം ഉണ്ടെങ്കിൽ കൊച്ചു കുട്ടികൾക്ക് അല്ലെങ്കില്‍ കൗമാരപ്രായക്കാർക്ക് 40–60 ശതമാനം വിഷാദരോഗം വരാൻ ചാൻസുണ്ട്.കുട്ടികളിലെ ഡിപ്രഷൻ ബോധ്യപ്പെട്ടു കഴിഞ്ഞാൽ പിന്നെ ആവശ്യം ചികിത്സയാണ്. ഇവ ശരിയായ സമയത്ത് മനസിലാക്കി ആവശ്യമായ ചികിത്സ നല്‍കാന്‍ ശ്രമിക്കുക.
ഡിപ്രഷനിലൂടെയാണ് കുട്ടികള്‍ പോകുന്നത് എന്നു മനസിലാക്കിയാല്‍ മാതാപിതാക്കളുടെ സ്നേഹം അനിവാര്യമാണ്. അവരെ ഒറ്റപ്പെടുത്താതെ കൂടെ നില്‍ക്കുക, അവരോട് പ്രശ്നങ്ങള്‍ ചോദിച്ചു മനസിലാക്കുക, പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും ശ്രദ്ധിക്കുക. അവര്‍ക്ക് സന്തോഷമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പ്രോല്‍സാഹിപ്പിക്കുക. ആവശ്യമെങ്കില്‍ മാത്രം മരുന്നുകളുടെ സഹായം തേടുക.