പ്രതീകാത്മക ചിത്രം

TOPICS COVERED

ഇന്നത്തെ കാലത്ത് കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നമാണ് അമിതവണ്ണം. ലോകത്ത് 5 വയസ്സിൽ താഴെയുള്ള 41 മില്യണ്‍ കുട്ടികളും അമിതവണ്ണമുള്ളവരാണെന്നാണ് ലോക ആരോഗ്യ സംഘടനയുടെ കണക്ക്. കുട്ടികള്‍ വളരുന്നതനുസരിച്ച് വണ്ണം കൂടുകയും അത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. പല കാരണങ്ങൽ കൊണ്ട് അമിത വണ്ണമുണ്ടാകാം. ജനിതക കാരണങ്ങളും ശാരീരിക ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവുമാണ് പ്രധാന കാരണങ്ങൾ. ഫാസ്റ്റ്ഫുഡുകളുടെ സ്വീകാര്യത, ടെലിവിഷനും മൊബൈലിനും ചെലവഴിക്കുന്ന സമയത്തിന്‍റെ വർധനവ്, കളിക്കാനുള്ള ​ഗ്രൗണ്ടുകളുടെ ലഭ്യതക്കുറവ് എന്നിവയെല്ലാം അമിതവണ്ണത്തിലേക്ക് നയിക്കുന്നതിന്‍റെ കാരണങ്ങളാണ്. 

അമിതവണ്ണമുള്ള കുട്ടികളുടെ ആരോഗ്യകാര്യത്തിലും ഭക്ഷണകാര്യത്തിലും മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. പല വഴികളിലൂടെ അമിവണ്ണത്തെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും. ഭക്ഷണരീതിയിൽ മതിയായ ശ്രദ്ധ നൽകുകയാണ് അമിതവണ്ണം നിയന്ത്രിക്കാനുള്ള ആദ്യ വഴി. പഞ്ചസാരയുടെ ഉപയോ​ഗം കുറയ്ക്കുകയാണ് ഇതിൽ പ്രധാനം. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും നട്സും ഉൾപ്പെടുത്താവുന്നതാണ്.  പഴങ്ങൾ ആകർഷകമായ രീതിയിൽ മുറിച്ച് പ്ലേറ്റിൽ വെച്ചുകൊടുക്കുന്നത് കുട്ടികള്‍ക്ക് കഴിക്കാന്‍ താല്പര്യം തോന്നാം. ദിവസവും ഒരേ പഴങ്ങളും പച്ചക്കറികളും നൽകുന്നത് അവരിൽ മടുപ്പുണ്ടാക്കും. അത് ഒഴിവാക്കുക. ഓരോ ദിവസവും വ്യത്യസ്ത പഴങ്ങളും പച്ചക്കറികളും പയറുവർഗങ്ങളും ഉൾപ്പെടുത്താന്‍ ശ്രദ്ധിക്കുക.സംസ്കരിച്ചതും എണ്ണമയമുള്ളതും പായ്ക്ക് ചെയ്തതും ജങ്ക് ഫുഡുകളും കുട്ടികൾക്ക് നൽകുന്നത് പരമാവധി ഒഴിവാക്കുക. ഇവയില്ലെല്ലാം ട്രാൻസ്-ഫാറ്റ് ധാരാളമായി അടങ്ങിയിരിക്കുന്നു. 

ടെലിവിഷന്‍ കണ്ടും ഫോണില്‍ കളിച്ചും കുട്ടികള്‍ ഭക്ഷണം കഴിക്കുന്നത് ഇന്നത്തെ കാലത്തെ പ്രവണതയാണ്.  ടെലിവിഷന്‍ കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധ അതിലേക്ക് പോവുകയും ഭക്ഷണം കഴിക്കുന്ന അളവ് കൂടുകയും അത് അമിതവണ്ണത്തിന് കാരണമാകുകയും ചെയ്യും. ആയതിനാല്‍, ഭക്ഷണം കഴിക്കുന്ന സമയത്ത് ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കണമെന്ന് കുട്ടികളെ പറ‍ഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുക. 

ദിവസവും കളിക്കാനോ, വ്യായാമം ചെയ്യാനോ അവരെ പരിശീലിപ്പിക്കുക. കളിക്കാനുള്ള ​ഗ്രൗണ്ടുകളുടെ ലഭ്യതക്കുറവ് ഇതിനൊരു തടസമാകാം. ഉള്ള സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി കളിക്കാനായി തിരഞ്ഞെടുക്കുക. ഒരു മണിക്കൂറെങ്കിലും കുട്ടികളെ കളിക്കാൻ അനുവദിക്കണം. അവരുടെ ദൈനംദിനചര്യകളിൽ വ്യായാമം ഉൾപ്പെടുത്തുന്നതിലൂടെ അധിക കലോറി കളയാനും എല്ലുകളും പേശികളും ശക്തിപ്പെടുത്താനും കഴിയും. ഇതുവഴി കുട്ടികളിലെ മൊബൈല്‍ ഫോണിന്‍റെ അമിത ഉപയോഗം കുറയ്ക്കാനും സാധിക്കും. കുറഞ്ഞത് എട്ട് മണിക്കൂര്‍ ഉറക്കം കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

അമിതവണ്ണത്തിന്‍റെ പേരില്‍ കുട്ടികളെ കളിയാക്കുകയോ മറ്റ് കുട്ടികളുമായി താരതമ്യപ്പെടുത്തുകയോ ചെയ്യരുത്. ഇത് കുട്ടികളില്‍ മാനസിക പിരിമുറുക്കം സൃഷ്ടിക്കും. അമിതവണ്ണം എന്നത് സ്വഭാവികമായ കാര്യമാണെന്നും മാറ്റിയെടുക്കാന്‍ സാധിക്കുന്ന ഒന്നാണെന്നും കുട്ടികളെ പറഞ്ഞ് മനസിലാക്കാനും ശ്രമിക്കുക.

ENGLISH SUMMARY:

Obesity in children