കുട്ടികളിലെ അമിതവാശി പലപ്പോഴും മാതാപിതാക്കളെ പ്രശ്നത്തിലാക്കാറുണ്ട്. കുട്ടിത്തം കാരണം കുട്ടികള്‍ക്ക് വാശിയുണ്ടാകുന്നത് സാധാരണമാണ്. ഇത്തരം വാശികള്‍ കൊണ്ട് മാതാപിതാക്കള്‍ പൊതുസ്ഥലത്ത് എന്തുചെയ്യണമെന്നറിയാതെ കുഴപ്പത്തിലാകാറുണ്ട്. പലപ്പോഴും മാതാപിതാക്കള്‍ ഇത്തരം കുട്ടികളെ കൈകാര്യം ചെയ്യുന്ന രീതി കൊണ്ട് തന്നെ ഇവരുടെ വാശി കൂടുകയേയുള്ളൂ.
കുട്ടികള്‍ കൂടുതലും വാശി കാണിക്കുന്നത് അവർ വിചാരിച്ച കാര്യങ്ങൾ നടന്നു കിട്ടാനും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചെടുക്കാനും അവർക്കിഷ്ടമില്ലാത്ത കാര്യങ്ങളിൽ നിന്ന് രക്ഷപ്പെടാനും വേണ്ടിയായിരിക്കും. ഇങ്ങനെയുള്ള, വാശിയോടു കൂടിയുള്ള കരച്ചിലിനെയാണ് ടെമ്പർ ടാൻഡ്രം എന്ന് വിളിക്കുന്നത്. രണ്ടു വയസ്സിനു മുമ്പേ ഉള്ള കുട്ടികൾ ഇത്തരത്തിലുള്ള ടെമ്പർ ടാൻഡ്രം കാണിക്കുന്നത് സാധാരണയാണ്. എന്നാൽ വളരുന്നതിനനുസരിച്ചു ഇത് വളരെ പക്വതയോടെ രക്ഷിതാക്കൾ കൈകാര്യം ചെയ്യേണ്ടതുണ്ട്.
എനിക്ക് ആവശ്യമുള്ള, ഗുണമുള്ള കാര്യങ്ങൾ മാത്രം അതാത് സമയത്തു സാധിച്ചു തരും എന്ന വിശ്വാസമാണ് കുട്ടിയിൽ ഉണ്ടാവേണ്ടത്. ചുരുക്കി പറഞ്ഞാൽ നിർബന്ധം കാണിച്ചാൽ കാര്യം നടത്തി എടുക്കാം എന്ന വിചാരം കുട്ടികളിൽ വളരാൻ അനുവദിക്കരുത് എന്നതാണ് പ്രധാനം. കുട്ടികളിലെ ഇത്തരം അമിത വാശി കുറയ്ക്കാന്‍ പരീക്ഷിക്കാവുന്ന ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ശ്രദ്ധ തിരിയ്ക്കുക
കുട്ടികള്‍ എന്തെങ്കിലും കാര്യത്തിന് വാശി പിടിക്കുമ്പോള്‍ ആ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. ഇതിനായി കുട്ടികള്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങളെ പറ്റി സംസാരിക്കുക, അവര്‍ക്കിഷ്ടമുളള കളികളെ കുറിച്ച് സംസാരിക്കുകയും കളിയില്‍ പങ്കെടുക്കുകയും ചെയ്യുക. മറ്റ് എന്തെങ്കിലും കാര്യം പറഞ്ഞ് നടക്കാന്‍ കൊണ്ടുപോകുക. ഇത്തരം കാര്യങ്ങള്‍ ചെയ്ത് അവരുടെ ശ്രദ്ധ തിരിച്ചാല്‍ അവര്‍ വാശി പിടിച്ച കാര്യത്തില്‍ നിന്നു മാറാന്‍ സാധ്യതയേറെയാണ്. മറിച്ച് ന്യായമല്ലാത്ത കാര്യത്തിന് വാശി പിടിക്കുന്ന സമയത്ത്, എന്താണ്, എന്തു വേണം തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ച് നടന്നാല്‍ അവര്‍ക്ക് തങ്ങള്‍ വാശി പിടിച്ചാല്‍ കാര്യം നടക്കുമെന്ന തോന്നുലുണ്ടാകാം. അതേസമയം, കുട്ടിയുടെ വാശി ന്യായമായ കാര്യത്തിനാണെങ്കില്‍ ശ്രദ്ധ നല്‍കുകയും വേണം.
2. സമ്മാനം
എന്തെങ്കിലും ഒരു പ്രത്യേക വസ്തു ആവശ്യപ്പെട്ട് വാശി പിടിക്കുന്ന സമയത്ത്, വാശിയൊഴിവാക്കാന്‍ അവര്‍ ചോദിക്കുന്ന വസ്തു വാങ്ങി നല്‍ക്കുകയല്ല വേണ്ടത്. പകരം മറ്റ് വേറെ എന്തെങ്കിലും ചെറിയ സമ്മാനങ്ങള്‍ നല്‍കി അവരെ ശാന്തരാക്കുക. വാശി പിടിച്ച് ഒരു കാര്യത്തിന് വേണ്ടി കരയുന്ന കുട്ടിക്ക് അതേ നിമിഷം വാശി മാറാന്‍ അത് വാങ്ങിക്കൊടുക്കരുതെന്ന ഓര്‍മ മാതാപിതാക്കള്‍ക്കുണ്ടാകണം. കാരണം, അത് കുട്ടികള്‍ക്ക് കൂടുതല്‍ വാശിയുണ്ടാകാന്‍ കാരണമാകും. വാശി പിടിച്ചാല്‍ തന്‍റെ അച്ഛനും അമ്മയും അത് വാങ്ങി തരുമെന്ന ചിന്ത കുട്ടിയില്‍ വളരാന്‍ സാധ്യതയുണ്ട്. അത് ഒഴിവാക്കാന്‍ ശ്രമിക്കുക.
3. കുട്ടിയോട് സംസാരിക്കുക
കുട്ടി നോര്‍മലായിരുക്കുന്ന സമയത്ത് കുട്ടിയിലെ വാശിയുടെ കാര്യം അന്വേഷിക്കുക. മറ്റ് എവിടെ നിന്നെങ്കിലും കണ്ടോ കേട്ടോ പഠിച്ചതാകാന്‍ സാധ്യതയുണ്ട്. കാരണം മനസിലായാല്‍ സംസാരിച്ചു പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുക. ഒരിക്കലും കുട്ടിയോട് ദേഷ്യപ്പെടരുത്. ഇത് കുട്ടികളില്‍ വാശി കൂട്ടാനെ ഉപകാരപ്പെടൂ. മാതാപിതാക്കളുടെ പെരുമാറ്റവും കുട്ടിയുടെ സ്വഭാവത്തെ സ്വാധീനിക്കും.
4. കുട്ടികളോടുള്ള സമീപനം
കുട്ടി വാശി കാണിക്കാതെ നന്നായിരിക്കുന്ന സമയങ്ങളിൽ അവനോട് കാര്യമായി സ്നേഹം പ്രകടിപ്പിക്കുക. അവന്‍റെ നല്ല കാര്യങ്ങൾ പറഞ്ഞ് അവനെ പുകഴ്ത്തുക. നല്ല ശീലങ്ങൾ പറഞ്ഞ് പ്രോത്സാഹിപ്പിക്കുക എന്നിവയൊക്കെ ചെയ്‌താൽ ആ അംഗീകാരവും സ്നേഹവും കിട്ടാൻ വേണ്ടി കുട്ടി നല്ല ശീലങ്ങള്‍ പിന്തുടരും.