AI Generated Image

AI Generated Image

കുട്ടികളിലെ പൊണ്ണത്തടി പലപ്പോഴും ആളുകള്‍ കാര്യമാക്കാറില്ല. മെലിഞ്ഞാലാണ് ചോദ്യവും പറച്ചിലുമെല്ലാം. എന്നാല്‍ ഇതത്ര നല്ല ശീലമല്ലെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ അനുസരിച്ച് കുട്ടിത്തടിയന്‍മാരുടെ എണ്ണം പണ്ടെങ്ങുമില്ലാതിരുന്നതുപോലെ വര്‍ധിക്കുകയാണ്. 1975 ല്‍ 5–19 വയസ് പ്രായമുള്ളവര്‍ക്കിടയില്‍ വെറും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് പൊണ്ണത്തടിയുണ്ടായിരുന്നത്.  2016ലെത്തിയപ്പോഴേക്കും ലോകത്താകെയുള്ള കുട്ടികളില്‍ 124 ദശലക്ഷം കുട്ടികളും പൊണ്ണത്തടിയുള്ളവരായി മാറിയെന്നും ഇതില്‍ ആറ് ശതമാനം പെണ്‍കുട്ടികളും എട്ട് ശതമാനം ആണ്‍കുട്ടികളുമായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

eating-child

AI Generated Image

കുട്ടികളിലെ പൊണ്ണത്തടിക്ക് കാരണമെന്ത്?

ഓടിക്കളിക്കുന്ന കുട്ടിളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ലോകമെങ്ങും ഉണ്ടായെന്നും ആരോഗ്യകരമായ ഭക്ഷണശീലം കുട്ടികളില്‍ ഇല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പാക്കറ്റില്‍ നിന്നും പൊട്ടിച്ച് നേരെ കഴിക്കാന്‍ പാകത്തിലുള്ള, കലോറി നിറഞ്ഞ ഭക്ഷണമാണ് കുട്ടികള്‍ പതിവായി കഴിക്കുന്നതെന്നും ഇത് കുട്ടികളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജനിതക ഘടകങ്ങള്‍, സാമ്പത്തിക–സാമൂഹിക ചുറ്റുപാടുകള്‍, ജീവിതരീതി, ആഹാര രീതി എന്നിങ്ങനെ നിരവധി ഘടകങ്ങളാണ് കുട്ടികളില്‍ പൊണ്ണത്തടി സൃഷ്ടിക്കുന്നതിന് പിന്നില്‍. 

kids-eating

AI Generated Image

പൊണ്ണത്തടിയുള്ള കുട്ടികളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടാകാനുള്ള സാധ്യതയേറെയാണ്. ഇത് കുട്ടിയുടെ കൗമാരത്തിലും യൗവ്വനത്തിലും വരെ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാമെന്നും പൊണ്ണത്തടി സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ജീവന്‍ അപകടത്തിലാക്കാന്‍ പോന്നതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പൊണ്ണത്തടിയുള്ള കുട്ടികള്‍ സാധാരണ കുട്ടികളെ അപേക്ഷിച്ച്, മുതിരുമ്പോളും പൊണ്ണത്തടിയുള്ളവരാകാന്‍ സാധ്യത അഞ്ച് മടങ്ങ് കൂടുതലാണ്.  അതുകൊണ്ട് പൊണ്ണത്തടിയെന്ന് കണ്ടെത്തിയാലുടന്‍ തന്നെ അത് മാറ്റിയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ആരോഗ്യം അപകടത്തിലായേക്കുമെന്നും പഠന റിപ്പോര്‍ട്ടുകളും പറയുന്നു.  കുറഞ്ഞ ബിഎംഐ ഉള്ള കുട്ടികളെ അപേക്ഷിച്ച് ഉയര്‍ന്ന ബിഎംഐ (ശരീരഭാരസൂചിക)യുള്ള കുട്ടികളില്‍ , മധ്യവയസെത്തുമ്പോഴേക്ക്  ഹൃദ്രോഗ സാധ്യത 40 ശതമാനം കൂടുതലാണ്. ഉയര്‍ന്ന ബിഎംഐക്കൊപ്പം പുകവലി കൂടിയുള്ളവരില്‍ ഹൃദയാഘാത സാധ്യത രണ്ട് മുതല്‍ ഒന്‍പത് മടങ്ങുവരെ കൂടുതലാണ്. 

പൊണ്ണത്തടി എങ്ങനെ ഒഴിവാക്കാം?

സ്കൂളില്‍ പഠിക്കുന്ന കുറുമ്പന്‍മാരെയും കുറുമ്പത്തികളെയും ദിവസവും ഒരു മണിക്കൂറെങ്കിലും ശരീരമനങ്ങിയുള്ള കളികള്‍, വ്യായാമം എന്നിവ ശീലിപ്പിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും വ്യായാമം ശീലമാക്കണമെന്നും കുട്ടികളുടെ സ്ക്രീന്‍ സമയത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.  പ്രഭാത ഭക്ഷണം കുട്ടികള്‍ക്ക് ഒരു കാരണവശാലും മുടക്കരുത്. ദിവസവും മൂന്ന് നേരം മാത്രം ഭക്ഷണവും സ്നാക്സ് നല്‍കുന്നത് പരമാവധി രണ്ടുവട്ടവും മാത്രമാക്കി കുറയ്ക്കണം. ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കണമെന്നും പോഷകം കുറഞ്ഞും ഊര്‍ജം കൂടുതല്‍ ലഭിക്കുന്നതുമായ പഴച്ചാറുകള്‍, ഫാസ്റ്റ്ഫുഡ് എന്നിവ നല്‍കുന്നത് പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പഴച്ചാറുകള്‍ക്ക് പകരം,പഴങ്ങളും, പച്ചക്കറികളും, നാരുകളടങ്ങിയതും പഞ്ചാസരയും കൊഴുപ്പും കുറഞ്ഞതുമായ ഭക്ഷണം ശീലമാക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. 

ENGLISH SUMMARY:

Obese kids could be prone to heart attacks: Warning signs every parent must know, simple steps to prevent it.