മാറി വന്ന തൊഴില്‍– ജീവിത സാഹചര്യങ്ങള്‍ പുരുഷന്‍മാരുടെ ലൈംഗിക ജീവിതത്തെ ദോഷകരമായി ബാധിച്ചുവെന്ന് പഠന റിപ്പോര്‍ട്ട്. പല ഷിഫ്റ്റുകളില്‍ ജോലി ചെയ്യേണ്ടി വരുന്നതുണ്ടാക്കുന്ന ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകളും ഉറക്കക്കുറവുമാണ് പുരുഷന്‍മാരില്‍ ശീഘ്രസ്ഖലനം വര്‍ധിക്കാന്‍ കാരണമായതെന്നാണ് ബി.എം.സി പബ്ലിക് ഹെല്‍ത്തിന്‍റെ പഠനത്തില്‍ കണ്ടെത്തിയത്.
ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുകയാണ് ഫാക്ടറികള്‍. പൊലീസിലും നഴ്സുമാര്‍ക്കിടയിലും എന്നുവേണ്ട ഒട്ടുമിക്ക രംഗത്തും 24 മണിക്കൂര്‍ ജോലി സാധാരണമായിക്കഴിഞ്ഞു. രാപ്പകല്‍ ഭേദമില്ലാതെ ഇങ്ങനെ ജോലി തുടരുമ്പോള്‍ ജീവനക്കാരുടെ ആരോഗ്യത്തെ അത് സാരമായി ബാധിക്കുന്നുവെന്നും ഉറക്കക്കുറവ് പ്രകടമാണെന്നും ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നു. ഷിഫ്റ്റ് ജോലി ചെയ്യുന്നവര്‍ക്കിടയില്‍ ഉറക്കമില്ലായ്മയും ഉറക്കക്ഷീണവും സാധാരണമാണ്. ഇത് വ്യക്തികളുടെ ശാരീരിക–മാനസിക ആരോഗ്യത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഉറക്കക്കുറവിനെ തുടര്‍ന്ന് പുരുഷന്‍മാരില്‍ ടെസ്റ്റസ്റ്റിറോണിന്‍റെ അളവ് താഴുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ക്രമേണെ ശീഘ്രസ്ഖലനത്തിലേക്കും ലൈംഗികശേഷിക്കുറവിനും കാരണമാകും.
ചൈനയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 1239 പുരുഷന്‍മാരെ 2023 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് പഠനവിധേയമാക്കിയത്. ഇവരില്‍ 399 ഷിഫ്റ്റ് ജീവനക്കാരും 840 അല്ലാത്ത ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. ഷിഫ്റ്റുകളില്‍ ജോലി ചെയ്തിരുന്ന 399 പേരില്‍ 148 പേരും ഉറക്കക്കുറവിനെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചുവെന്നും ഇവരില്‍ തന്നെ മിക്കവരും ശീഘ്രസ്ഖലനമുണ്ടാകുന്നതായി വെളിപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഒരുവര്‍ഷത്തോളമായി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരാണ് ശീഘ്രസ്ഖലനമുണ്ടാകുന്നതായി വെളിപ്പെടുത്തിയത്. ഷിഫ്റ്റ് ജോലികളിലേര്‍പ്പെടുന്നവര്‍ മുതിര്‍ന്നവരെ അപേക്ഷിച്ച് യുവാക്കളാണെന്നതും പഠനം ചൂണ്ടിക്കാട്ടുന്നു. യുവാക്കളില്‍ ശീഘ്രസ്ഖലനക്കാരുടെ എണ്ണം വര്‍ധിക്കുന്നത് പുരുഷന്‍മാരിലെ സന്താനോല്‍പാദനശേഷിയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ഇത് ആശങ്കാജനകമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവര്‍ പലപ്പോഴും ആറു മണിക്കൂര്‍ പോലും ഉറങ്ങാറില്ലെന്നതാണ് വാസ്തവം. ഉറക്കം ക്രമരഹിതമാകുന്നതോടെ ശരീരത്തിലെ ഡോപമിന്‍റെയും സെറടോണിന്‍റെയും അളവും തെറ്റുന്നു. ഇക്കൂട്ടരില്‍ ലൈംഗിക ആരോഗ്യം തകരാറിലാകുന്നതിന് പുറമെ ഉത്കണ്ഠ, വിഷാദം, മദ്യാസക്തി, പ്രമേഹം എന്നിവ കണ്ടുവരുന്നതായും കണ്ടെത്തി. 45 വയസിന് മേല്‍ പ്രായമുള്ള പുരുഷന്‍മാരിലും അമിതവണ്ണമുള്ള പുരുഷന്‍മാരിലുമാണ് ശീഘ്രസ്ഖലനം കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.