ആരോഗ്യ സുരക്ഷക്ക് മാതൃകയായി ആലപ്പുഴ പുറക്കാട് കുടുംബാരോഗ്യകേന്ദ്രം. ജീവിത ശൈലി രോഗങ്ങൾ കൃത്യമായ ചികിൽസയിലൂടെയും മരുന്ന് ഉപയോഗത്തിലൂടെയും നിയന്ത്രിക്കാൻ കഴിഞ്ഞവരിൽ നിന്ന് നറുക്കിട്ട് സ്വർണ പതക്കം അടക്കമുള്ള സമ്മാനങ്ങൾ രോഗികള്‍ക്ക് നൽകി. പത്തരമാറ്റ് ആരോഗ്യം എന്ന പേരിലാണ് പദ്ധതി നടപ്പാക്കിയത്.
70 വയസുകാരി ഗോമതിക്ക് പുതുവൽസര ദിനത്തിൽ ആശുപത്രിയിൽ നിന്ന് സമ്മാനമായി കിട്ടിയത് സ്വർണ പതക്കം.രണ്ടാം സമ്മാനമായി രാജേന്ദ്രന് സ്വർണ നാണയവും മൂന്നാം സമ്മാനമായി ലക്ഷ്മിക്കുട്ടിക്ക് വെള്ളി ബിസ്ക്കറ്റും നൽകിയപ്പോൾചരിത്രത്തിൽ ഇടം പിടിക്കുകയായിരുന്നു ആലപ്പുഴ പുറക്കാട് കുടുംബാരോഗ്യ കേന്ദ്രം. പ്രമേഹവും രക്തസമ്മർദവും ഉയർന്ന തോതിലുള്ള ആയിരത്തിലധികം ആളുകൾ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു.
കൃത്യമായ ചികിത്സയിലൂടെ ജീവിത ശൈലി രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. മൂന്നു മാസത്തിനിടെ തുടർച്ചയായി ചികിത്സ നടത്തുകയും മരുന്ന് കൃത്യമായി കഴിക്കുകയും ചെയ്തതിലൂടെ 178 പേർക്ക് പ്രമേഹവും രക്ത സമ്മർദവും കുറയ്ക്കാൻ കഴിഞ്ഞു. ഇവരിൽ നിന്നാണ് 3 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്.
ജീവിത ശൈലി രോഗം നിയന്ത്രിക്കുന്നവർക്ക് എല്ലാ മാസവും ഗൃഹോപകരണങ്ങൾ സമ്മാനമായി നൽകിയിരുന്നു. ഒന്നാം സമ്മാനം സംഭാവന ചെയ്തത് മെഡിക്കൽ ഓഫീസർമാരായ ഡോ: ഷിബു സുകുമാരനും ഡോ: ഹരിശങ്കറും ചേർന്നാണ്. രണ്ടാം സമ്മാനം നൽകിയത് 18 ജീവനക്കാരും മൂന്നാം സമ്മാനം നൽകിയത് 13 ആശാ പ്രവർത്തകരുമാണ്. മികച്ച പ്രവർത്തനത്തിൻ്റെ അംഗീകാരമായി നേരത്തെ കായ കൽപ്പ പുരസ്കാരവും പുറക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചിരുന്നു.