രാത്രിയില്‍ കിടപ്പുമുറിയിലെത്തുമ്പോള്‍ ഉറക്കവുമായി മല്ലിടുന്നവരാണോ നിങ്ങള്‍? നേരം പുലരും മുന്‍പേ ഉറക്കം നഷ്ടപ്പെടാറുണ്ടോ? എങ്ങില്‍ നിങ്ങളുടെ ഉറക്കത്തിന് എന്തോ തകരാര്‍ ഉണ്ടെന്ന് വേണം കരുതാന്‍. ലോകത്തിലെ ഏറ്റവും സാധാരണമായ ഒരു ഉറക്കത്തകരാർ അല്ലെങ്കില്‍ സ്ലീപ് ഡിസോർഡർ ആണ് ഇൻസോംനിയ അഥവാ ഉറക്കമില്ലായ്മ .ആരോഗ്യമുള്ള മനസും ശരീരവുമാണ് ഒരു വ്യക്തിയെ പൂര്‍ണ ആരോഗ്യവാനാക്കുന്ന ഘടകം. ശുദ്ധവായുവും വെള്ളവും ഭക്ഷണവും പോലെ അതിന് സ്വച്ഛമായ ഉറക്കവും അത്യന്താപേക്ഷിതമാണ്. ഒരു വ്യക്തി ഉറങ്ങുമ്പോൾ അയാളുടെ ശരീരത്തോടൊപ്പം മനസ്സും പൂർണമായി വിശ്രമിക്കുകയും അടുത്തദിവസത്തെ നേരിടാൻ ഒരുങ്ങുകയുമാണ് ചെയ്യുന്നത്. ഉറക്കം തെറ്റിയാല്‍ മനസ്സിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യം ക്ഷയിക്കുകയും ജീവിതത്തിന്‍റെ ക്രിയാത്മകതയെ ഗൗരവപരമായി ബാധിക്കുകയും ചെയ്യും. നല്ല ഉറക്കം ലഭിക്കാന്‍ ചില കാര്യങ്ങള്‍ ശീലിക്കാം:
∙ ഉറങ്ങുന്ന അന്തരീക്ഷം വളരെ ശാന്തമായിരിക്കാൻ ശ്രദ്ധിക്കുക
∙ എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക
∙ ഉറക്കുറവിനെക്കുറിച്ചു അനാവശ്യമായി ചിന്ത അരുത്
∙ ഉറങ്ങുന്നതിനു മുന്‍പ് ലഘുവായ ശാരീരികാധ്വാനം ആവശ്യമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടാം
∙ കിടപ്പുമുറി വൃത്തിയായി സൂക്ഷിക്കുക, അമിതമായി വെളിച്ചം, ശബ്ദം, തണുപ്പ്, ചൂട് ഒന്നും ഇല്ലാത്ത രീതിയിൽ ക്രമീകരിക്കുക
∙ കിടക്കുന്നതിനു 2 മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിച്ചിരിക്കുക
∙ കിടക്കുന്നതിനു മുന്‍പ് ചായയും കാപ്പിയും വേണ്ട
∙ ആവശ്യമെങ്കില്‍ ഒരു ഗ്ലാസ് ചൂടു പാല്‍ ആകാം
∙ കിടക്കയിലേക്ക് എത്തുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും സോഷ്യൽ മീഡിയ, മൊബൈൽ ഫോണ്‍, ടി വി എന്നിവയുടെ ഉപയോഗം നിർത്തുക
∙ഉറങ്ങാൻ കിടക്കും മുൻപ് മനസ്സിനെ അലോസരപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാതിരിക്കുക
∙ കട്ടിലിനു സമീപം പെട്ടെന്ന് ഓണ്‍ ചെയ്യാവുന്ന തരത്തില്‍ ഒരു ലൈറ്റ് ക്രമീകരിക്കാം
18 മുതല്‍ 64 വരെയുള്ള പ്രായപരിധിയില്‍ വരുന്ന വ്യക്തി ശരാശരി 7–9 മണിക്കൂര്‍ വരെ സ്വസ്ഥമായുറങ്ങേണ്ടത് ആവശ്യമാണ്. എന്നാല്‍ മിക്കവാറും ആളുകള്‍ക്ക് 7 മണിക്കൂറില്‍ താഴെയാണ് ഉറക്കം.കുട്ടികളിലും കൗമാരപ്രായക്കാരിലും ശരീരവളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഹോർമോണുകൾ ഏറ്റവും അധികമായി പുറപ്പെടുവിക്കപ്പെടുന്നതും ഉറങ്ങുന്ന സമയത്താണ്. ഈ ഹോർമോണുകളുടെ പ്രവർത്തനം മാംസപേശികളുടെ നിർമാണത്തിനും കോശങ്ങളുടെയും ടിഷ്യുകളുടെയും പുതുക്കിപ്പണിയലിനും ഒരുപോലെ സഹായകമാവുന്നവയാണ്. പ്യുബെർട്ടി കാലഘട്ടത്തിലെ ശരീരവികാസത്തിനും മതിയായ ഉറക്കം അത്യന്താപേക്ഷിതമാണ്. അപ്പോള്‍ ഇനി കിടപ്പുമുറിയില്‍ അരണ്ട സുഖകരമായ വെളിച്ചവും നനുത്ത സംഗീതവും മാത്രമാകട്ടേ. ഒപ്പം നല്ല ചിന്തകളെയും സ്വപ്നങ്ങളെയും കൂട്ടുവിളിച്ചോളൂ. ആ ആനന്ദത്തില്‍ മുഴുകി സുഖമായുറങ്ങൂ. ആരോഗ്യമുള്ളൊരു പ്രഭാതത്തിലേക്ക് ഉണരാനായി.