വാഹനമോടിക്കുന്നതിനിടെ ഉറക്കം വന്നാലെന്ത് ചെയ്യും? കാര്‍ നിര്‍ത്തിയിട്ട് വിശ്രമിച്ച ശേഷം യാത്ര തുടരുകയെന്നതാണ് സുരക്ഷിതമായ വഴി. പക്ഷേ ടാക്സി ഡ്രൈവറാണെങ്കിലോ? ബെംഗളൂരുവില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്ത കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ ലോകം. ഐഐഎം പൂര്‍വ വിദ്യാര്‍ഥിയും സ്റ്റാര്‍ട്ടപ് ഉടമയുമായ മിലിന്ദ് ചന്ദ്വാനിയാണ് സ്വന്തം അനുഭവം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പുലര്‍ച്ചെ മൂന്ന് മണിക്ക് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ തനിക്ക് ടാക്സി ഡ്രൈവറുടെ ഡ്രൈവറാകേണ്ടി വന്നുവെന്നാണ് വിഡിയോ പങ്കുവച്ച് ചന്ദ്വാനി സമൂഹമാധ്യമത്തില്‍ കുറിച്ചത്.
പുലര്‍ച്ചെ തന്നെ കൂട്ടാനെത്തിയ ടാക്സി ഡ്രൈവറെ കണ്ടപ്പോള്‍ ആകെ ക്ഷീണിതനാണെന്നും ഉറക്കം തൂങ്ങിയിരിക്കുകയാണെന്നും ചന്ദ്വാനിക്ക് തോന്നി. യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ കാര്‍ നിര്‍ത്തി ചായ കുടിക്കുകയും അടുത്ത സ്ഥലത്ത് നിര്‍ത്തി സിഗരറ്റ് വലിക്കുകയും ചെയ്തു. എന്തൊക്കെ ചെയ്തിട്ടും ഡ്രൈവറുടെ ഉറക്കം പോകുന്നില്ലെന്ന് കണ്ടതോടെ 'എന്നാല്‍ താന്‍ കാറോടിക്കാമെന്ന്' പറഞ്ഞുവെന്നും കേള്‍ക്കേണ്ട താമസം, ഡ്രൈവര്‍ കാറിന്‍റെ കീ തന്‍റെ കൈയിലേക്ക് തന്ന ശേഷം സൈഡിലെ സീറ്റ് പിന്നിലേക്ക് ചായ്ച്ച് ഉറങ്ങിയെന്നും ചന്ദ്വാനി പറയുന്നു.
ഗൂഗിള്‍ മാപ്പ് കാണിച്ച വഴികളിലൂടെയെല്ലാം വണ്ടിയോടിച്ചാണ് താന്‍ വീട്ടിലെത്തിയതെന്നും അദ്ദേഹം പറയുന്നു. വീടെത്തുന്നതിന് അഞ്ച് മിനിറ്റ് മുന്‍പ് ടാക്സിയുടെ ഉടമ വിളിച്ചുവെന്നും അപ്പോള്‍ തനിക്ക് പകല്‍ ഷിഫ്റ്റ് തരൂ, രാത്രിയില്‍ വാഹനമോടിക്കാന്‍ പറ്റുന്നില്ലെന്ന് ഡ്രൈവര്‍ പറയുന്നത് താന്‍ കേട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അതിവേഗത്തിലാണ് വിഡിയോ വൈറലായത്.13.2 ദശലക്ഷം ആളുകള്‍ വിഡിയോ ഇതിനകം കണ്ടുകഴിഞ്ഞു. നിരവധിപ്പേരാണ് ചന്ദ്വാനിയെ പ്രശംസിച്ച് കമന്‍റുകളിട്ടിരിക്കുന്നത്. അതേസമയം, സ്വന്തം ജീവനും ചന്ദ്വാനിയുടെ ജീവനും അപകടത്തിലാക്കുന്ന പണിയാണ് ടാക്സി ഡ്രൈവര്‍ കാണിച്ചതെന്ന് കുറ്റപ്പെടുത്തുന്നവരും കുറവല്ല.