പ്രതീകാത്മക ചിത്രം

പുരുഷന്‍മാരുടെ മൂത്ര–ബീജ സാംപിളുകളില്‍ പരിശോധിച്ചതില്‍ വന്‍തോതില്‍ മൈക്രോ പ്ലാസ്റ്റിക്കിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന് പഠന റിപ്പോര്‍ട്ട്. ഇ–ബയോമെഡിസിന്‍ എന്ന വൈദ്യശാസ്ത്ര മാസികയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് വിവരം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചൈനയിലെ വിവിധ പ്രവിശ്യകളിലാണ് ശാസ്ത്രസംഘം പഠനം നടത്തിയത്. ബീജത്തിലെ മൈക്രോ പ്ലാസ്റ്റിക്കുകള്‍ ബീജത്തിന്‍റെ ഗുണനിലവാരത്തെ സാരമായി ബാധിക്കുന്നുവെന്നും ഇത് വന്ധ്യതയ്ക്ക് കാരണമാകുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

അഞ്ച് മില്ലീഗ്രാമില്‍ താഴെയുള്ള പ്ലാസ്റ്റിക് കണങ്ങളെയാണ് മൈക്രോ പ്ലാസ്റ്റിക്ക് എന്ന് വിളിക്കുന്നത്. പ്ലാസ്റ്റിക് വിഘടിക്കുമ്പോഴുണ്ടാകുന്ന മൈക്രോ പ്ലാസ്റ്റിക്കുകള്‍ നമ്മളിന്ന് ഉപയോഗിക്കുന്ന നിരവധി വസ്തുക്കളില്‍ വന്‍തോതില്‍ അടങ്ങിയിട്ടുണ്ട്. പരിസ്ഥിതിയിലും എന്തിന് കുപ്പിവെള്ളത്തില്‍പ്പോലും കണ്ടെത്തിയ മൈക്രോ പ്ലാസ്റ്റിക് മനുഷ്യ ശരീരത്തില്‍ കടന്നുകൂടുന്നതില്‍ അതിശയിക്കേണ്ടതില്ല. ഭക്ഷണം കഴിക്കുന്നത് വഴിയാണ് പ്രധാനമായും ശരീരത്തില്‍ മൈക്രോ പ്ലാസ്റ്റിക്കുകള്‍ എത്തുന്നത്. കരള്‍, ശ്വാസകോശം, പ്ലാസന്‍റ എന്നിവിടങ്ങളിലാണ് മുന്‍പ് മൈക്രോ പ്ലാസ്റ്റിക്കിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. ഇത് കുട്ടികളുടെ ശരീരത്തില്‍ കുറഞ്ഞത് 1435 മുതല്‍ 8937 കണങ്ങള്‍ വരെയും മുതിര്‍ന്നവരില്‍  410ത്തിനും 2554 കണങ്ങള്‍ വരെയും കണ്ടെത്തിയേക്കാമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇങ്ങനെ ശരീരത്തി‍ല്‍ കടന്നുകൂടുന്ന മൈക്രോ പ്ലാസ്റ്റിക്കുകള്‍ പുരുഷന്‍റെ പ്രത്യുല്‍പ്പാദനശേഷിയെ ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.  

18 വയസിനുമേല്‍ പ്രായമുള്ള ഒരു വര്‍ഷത്തിലേറെയായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടും കുട്ടികളില്ലാത്ത പുരുഷന്‍മാരെയാണ് പഠന വിധേയമാക്കിയത്. വൃഷണത്തിന് പരുക്ക് പറ്റിയവരെയും മൂത്രനാളി സംബന്ധമായ പ്രശ്നങ്ങളുള്ളവരെയും പഠനത്തില്‍ നിന്നൊഴിവാക്കിയിരുന്നു. ഇത്തരത്തിലുള്ള 281 പുരുഷന്‍മാരെയാണ് പഠനവിധേയമാക്കിയത്. പഠനത്തിന് സമ്മതം നല്‍കിയ പുരുഷന്‍മാരില്‍ നിന്ന് ശാസ്ത്രസംഘം സാംപിളുകള്‍ സ്വീകരിച്ചതിന് പുറമെ ചോദ്യാവലികളും പൂരിപ്പിച്ച് വാങ്ങിയിരുന്നു. 

പ്ലാസ്റ്റിക് കണങ്ങള്‍ മാറ്റുന്നതിനായി സാംപിളുകള്‍ ചില്ലുപാത്രങ്ങളിലാണ് ശാസ്ത്രസംഘം സൂക്ഷിച്ചത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പഠനം നടത്തിയതെന്നും ഗവേഷക സംഘം വ്യക്തമാക്കി. പഠനത്തില്‍ പങ്കെടുത്ത 113 പുരുഷന്‍മാര്‍ 24നും 58നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. പ്രായം, ശരീരഭാരം, പുകവലിശീലം, മദ്യപാനം തുടങ്ങിയ വ്യത്യാസമില്ലാതെയാണ് എല്ലാവരുടെ ബീജത്തിലും മൂത്രത്തിലും മൈക്രോ പ്ലാസ്റ്റിക്കുകള്‍ കണ്ടെത്തിയത്. 

പിവിസി മുതല്‍ ഭക്ഷണപൊതിയിലെ പ്ലാസ്റ്റിക് വരെ

പോളിസ്റ്റൈറീന്‍,പിവിസി, പോളിപ്രൊപ്​ലീന്‍, പിടിഎഫ്ഇ, പോളി കാര്‍ബണേറ്റ്,പോളി എത്തിലീന്‍,പോളി എത്തിലീന്‍ ടെറെഫ്താലേറ്റ്, അക്രിലോണ്‍ലൈട്രൈല്‍ ബുറ്റാഡിന്‍ സ്റ്റിറ്റൈന്‍ എന്നീ മൈക്രോ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യമാണ് ഇവരുടെ സാംപിളുകളില്‍ സ്ഥിരീകരിച്ചത്. പഠനത്തില്‍ പങ്കെടുത്തവരിലെല്ലാവരിലും പോളിസ്റ്റൈറീന്‍റെ സാന്നിധ്യം കണ്ടെത്തി. പ്ലാസ്റ്റിക് പാത്രങ്ങള്‍, ഭക്ഷണം പൊതിയുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, ഇറച്ചി,മുട്ട എന്നിവ പൊതിഞ്ഞ് വരുന്ന ബോക്സുകളില്‍ എന്നിവയിലൂടെയാണ് പോളിസ്റ്റൈറീന്‍ പ്രധാനമായും മനുഷ്യ ശരീരത്തിലെത്തുന്നത്. പഠനത്തില്‍ പങ്കെടുത്തവരില്‍ 85 ശതമാനം ആളുകളുടെ ബീജ–മൂത്ര സാംപിളുകളിലും നോണ്‍സ്റ്റിക് പാത്രങ്ങളില്‍ ഉള്ള പോളിടെട്രാഫ്ലൂറോഎത്തിലീന്‍റെ (പിടിഎഫ്ഇ) സാന്നിധ്യം സ്ഥിരീകരിച്ചു. ഇത് വന്‍തോതില്‍ ബീജത്തിന്‍റെ നിലവാരത്തെ ബാധിക്കുന്നുവെന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. 

ബീജോല്‍പാദനം കുറയുന്നു

മൈക്രോ പ്ലാസ്റ്റിക്ക് ഉള്ളിലെത്തുന്നതോടെ ശരീരത്തിലെ ബീജത്തിന്‍റെ അളവ് ഗണ്യമായി കുറഞ്ഞുവെന്നും, ബീജത്തിന്‍റെ ചലനശേഷിയെ ബാധിച്ചുവെന്നും കണ്ടെത്തി. പഠനത്തില‍്‍ പങ്കെടുത്തവരില്‍ എല്ലാവരുടെ ശരീരത്തിലും ആറ് തരത്തിലെ മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ പഠനം ഇക്കാര്യത്തില്‍ വേണമെന്നാണ് ശാസ്ത്രസംഘം മുന്നോട്ട് വയ്ക്കുന്ന ആവശ്യം. 

ENGLISH SUMMARY:

A study published in the journal eBiomedicine reports significant levels of microplastics in urine and semen samples from men, based on research conducted in various provinces of China. The findings suggest that microplastics in semen can severely impact quality and contribute to infertility.