ആരോഗ്യമുള്ള ശരീരം എല്ലാവരുടെയും സ്വപ്നമാണ്. ശരീരാരോഗ്യം നിലനിര്‍ത്തുന്നതില്‍ വ്യായാമത്തിന്‍റെ പങ്ക് അതിപ്രധാനവുമാണ്. അതുകൊണ്ട് തന്നെ വ്യായാമത്തെ കുറിച്ചുള്ള 'പൊടിക്കൈ'കള്‍ക്ക് അതിവേഗമാണ് പ്രചാരം ലഭിക്കുന്നതും. അത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഒറ്റമൂലിയാണ്, 'ദിവസവും 40 പുഷ് അപ് എടുത്താല്‍ ഹൃദ്രോഗം വരില്ല' എന്നത്. വ്യായാമത്തിനിടെ ഹൃദയാഘാതം വന്ന് ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാകുന്ന കാലത്ത് ഇതിലെ വാസ്തവം പരിശോധിക്കാം. 

ശരീരത്തിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ലളിതവും ഫലവത്തുമായ വ്യായാമങ്ങളിലൊന്നാണ് പുഷ്അപ് എന്നതില്‍ തര്‍ക്കമില്ല. സ്വാഭാവികമായും ദിവസവും 40 പുഷ്അപ് എടുക്കാന്‍ കഴിയുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് മെച്ചപ്പെട്ട കായികക്ഷമതയുള്ളവരാകും. വ്യായാമം ചെയ്യാത്തവരെ അപേക്ഷിച്ച് ഹൃദ്രോഗം ബാധിക്കാന്‍ സാധ്യതയും കുറയും. ദിവസവും ഒറ്റത്തവണ 40 പുഷ്അപ് എടുക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നിരന്തര പരിശ്രമവും ശ്രദ്ധയും മേല്‍നോട്ടവുമെല്ലാം അതിന് അത്യാവശ്യമാണ്. പുഷ് അപ് എടുക്കുമ്പോള്‍ ശരീരനിലയടക്കമുള്ള കാര്യങ്ങളില്‍ മതിയായ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ പരുക്കേല്‍ക്കാനും മസിലുകള്‍ക്ക് ക്ഷതമേല്‍ക്കാനുമുള്ള സാധ്യത ഏറെയാണെന്ന് ഫിറ്റ്നസ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

ഹാര്‍വാര്‍ഡ് സര്‍വകലശാലയുടേതായി പുറത്തുവന്ന പഠനമാണ് പുഷ്അപ്പിന് ഇത്ര 'പുഷ്' നല്‍കിയത്. ശരാശരി 40 വയസ് പ്രായമുള്ള പുരുഷന്‍ ദിവസവും 40 പുഷ്അപ് എടുക്കുകയാണെങ്കില്‍ ദിവസവും പത്തില്‍ താഴെ പുഷ്അപ് എടുക്കുന്നയാളെ സംബന്ധിച്ച് ഹൃദയസംബന്ധമായ അസുഖമുണ്ടാകാനുള്ള സാധ്യത 96 ശതമാനം കുറവാണെന്നായിരുന്നു കണ്ടെത്തല്‍. രക്തധമനികളുടെ ആരോഗ്യം ഇവരില്‍ മെച്ചപ്പെട്ടിരിക്കുമെന്നും ഹൃദയസ്തംഭന സാധ്യത തുലോം കുറവായിരിക്കുമെന്നും ഗവേഷക സംഘം പറയുന്നു. 

എന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ദിവസവും നാല്‍പതോ അതിലധികമോ പുഷ്അപ് എടുക്കണമെന്ന് നിര്‍ബന്ധമില്ലെന്നും പത്തിലേറെ പുഷ്അപ് ദിവസവും എടുക്കുന്നവര്‍ക്കും ഇതേ ഗുണം ലഭിക്കുമെന്നും ഫിറ്റ്നസ് ട്രെയിനര്‍മാര്‍ അഭിപ്രായപ്പെടുന്നു. അമിതമായി ശരീരത്തെ കഷ്ടപ്പെടുത്തേണ്ടതില്ലെന്ന് സാരം. തെറ്റായ രീതിയില്‍ പുഷ്അപ് എടുത്താല്‍ അത് കൈ–കാല്‍മുട്ടുകളെയും പേശികളെയും ചുമലിനെയും ബാധിക്കും. 

സ്വന്തം ശാരീരികസ്ഥിതി അനുസരിച്ച് മാത്രമേ ഏത് വ്യായാമവും ചെയ്യാവൂ എന്നതാണ് അടിസ്ഥാനമായി മനസിലാക്കേണ്ടത്. അസുഖങ്ങള്‍, മുന്‍പ് ശരീരത്തിനുണ്ടായിട്ടുള്ള പരുക്കുകള്‍ എന്നിവയും കണക്കിലെടുക്കണമെന്നും പരിശീലകന്‍റെ സഹായകമില്ലാതെ ഇറങ്ങിത്തിരിക്കരുതെന്നും ഡോക്ടര്‍മാരും മുന്നറിയിപ്പ് നല്‍കുന്നു. ബന്ധപ്പെട്ട വിദഗ്ധ ട്രെയിനറുമായി കൂടിയാലോചിച്ച് അവര്‍ നിര്‍ദേശിക്കുന്ന ലഘുവ്യായാമങ്ങളില്‍ നിന്ന് മാത്രമേ ഫിറ്റ്നസ് യാത്ര ആരംഭിക്കാവൂ. 40 പുഷ് അപ് എടുക്കണമെന്ന് നിര്‍ബന്ധമുള്ള തുടക്കക്കാര്‍ക്ക് അതിനെ മൂന്നോ നാലോ ഘട്ടമായി എടുക്കാം. ഒറ്റത്തവണയായി 40 പുഷ്അപ് എടുക്കുമ്പോള്‍ ശരീരത്തിന് അമിത സമ്മര്‍ദം നല്‍കുകയാണ് ചെയ്യുന്നതെന്നും ഇത് ശരീരത്തെയും മനസിനെയും ബാധിക്കാമെന്നും വിദഗ്ധര്‍ പറയുന്നു. 

നെഞ്ച്, ചുമല്‍, കൈ മസിലുകള്‍ എന്നിവയാണ് പുഷ്അപ് എടുക്കുമ്പോള്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ഇതിന് നേരിട്ട് ഹൃദയവുമായോ ഹൃദയാരോഗ്യവുമായോ ബന്ധമില്ല. പുഷ്അപുകളെടുക്കുന്നത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുമെന്ന വാദത്തെ സാധൂകരിക്കുന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന വാദവും ചില ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. എത്ര പുഷ്അപ് എടുക്കാനാകുമെന്നതിനെ ആശ്രയിച്ച് മാത്രമാണ് വ്യക്തികളുടെ ഹൃദയത്തിന്‍റെ ആരോഗ്യമെന്നത് തെറ്റായ വാദമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. മറ്റ് വ്യായാമങ്ങളും, ജീവിതരീതിയും ഭക്ഷണവും ക്രമപ്പെടുത്തുന്നതും വ്യായാമത്തോളം പ്രാധാന്യമര്‍ഹിക്കുന്നതാണെന്നതാണ് വാസ്തവം. പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പരിപ്പ് വര്‍ഗങ്ങള്‍ എന്നിവ നിശ്ചയമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ജങ്ക് ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതും ഹൃദയത്തെ പൊന്നുപോലെ കാക്കും. 

ENGLISH SUMMARY:

Do men who perform 40 push-ups every day have lower risk of heart disease..Here's the facts.