കുറച്ച് ദിവസം നല്ല വെയില്‍ പിന്നെ നിര്‍ത്താതെ പെയ്യുന്ന കനത്തമഴ പിന്നേയും വെയില്‍ . ഇതാണ് നമ്മളിപ്പോള്‍ നേരിടുന്ന അപൂര്‍വ്വ കാലാവസ്ഥ. കാലാവസ്ഥയിലുണ്ടായ പ്രകടമായ മാറ്റവും നമ്മുടെ ആരോഗ്യസ്ഥിതിയിലുണ്ടാക്കിയ മാറ്റവും ആശങ്കയുണര്‍ത്തുന്നതാണ്. കൊച്ചു കുട്ടികളെ മുതല്‍ പ്രായമായവരെ വരെ ഇത് വല്ലാതെ ബാധിക്കുന്നു.ഇടയ്ക്കിടെ അസുഖങ്ങള്‍ പിടിപെടുന്നു. പനിയും ചുമയും ജലദോഷവും ഇടയ്ക്കിടെ വരുന്നു. പ്രതിരോധ ശേഷി വീണ്ടെടുക്കാനാവാത്ത അവസ്ഥ.പകര്‍ച്ചപ്പനികള്‍ക്കെതിരെയാണ് വളരെയധികം ജാഗ്രത വേണ്ടത്.
ജലദോഷം, ചുമ, വൈറല്‍ പനി, ഇന്‍ഫ്‌ളുവന്‍സ- എച്ച്.1 എന്‍.1, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങള്‍ എന്നിവയാണ് കൂടുതലായും കാണുന്നത്. കൃത്യമായ ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും ഇവയെ പ്രതിരോധിക്കാനാകും. പനിയോ വയറിളക്കമോ ഉള്ളവര്‍ ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കണം. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്താതെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. പനി തുടങ്ങി മൂന്നു ദവസം കഴിഞ്ഞിട്ടും കുറയുന്നില്ലെങ്കില്‍ ആവശ്യമായ വിദഗ്ധ പരിശോധനകള്‍ നടത്തേണ്ടതാണ്. മാസ്കുകള്‍ ധരിക്കുന്നതും ആവശ്യമായ സാമൂഹിക അകലം പാലിക്കുന്നതും രോഗവ്യാപനം നിയന്ത്രിച്ചു നിര്‍ത്തും.
പനിയോട് കൂടി ശ്വാസതടസം, അമിതമായ നെഞ്ചിടിപ്പ്, നെഞ്ച് വേദന, ബോധമില്ലാതെ സംസാരിക്കുക, ബോധക്ഷയം, കഫത്തില്‍ രക്തത്തിന്റെ അംശം, അമിതമായ ക്ഷീണം തുടങ്ങിയ അപായ സൂചനകള്‍ കണ്ടാല്‍ എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കണം. ഡെങ്കിപ്പനി,എലിപ്പനി, എച്ച്1 എന്‍1 എന്നിവ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. തിളപ്പിച്ചാറിയ വെള്ളമോ ഇളം ചൂടുവെള്ളമോ മാത്രം കുടിക്കാം. എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം കഴിക്കാനും പ്രത്യേകം ശ്രദ്ധിക്കാം. ഉപ്പിട്ട കഞ്ഞിവെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് ക്ഷീണമകറ്റാന്‍ വളരെയധികം സഹായിക്കും.