ആര്‍ത്തവ ദിവസങ്ങളില്‍ ലീക്കേജ് ഉണ്ടാകുമെന്ന് ഭയന്ന് ഇഷ്ടവസ്ത്രം പോലും ധരിക്കാന്‍ കഴിയാത്തവരാണോ നിങ്ങള്‍. അസ്വസ്ഥമായ ഇരുപ്പും കിടപ്പും വസ്ത്രത്തിന് പിന്നില്‍ രക്തമായോ എന്ന ഭയവും ആര്‍ത്തവ ദിനങ്ങള്‍ കഠിനമാക്കുന്നുണ്ടോ? ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാണ് മെന്‍സ്ട്രുവല്‍ കപ്പുകള്‍. അറിവില്ലായ്മയും ഉപയോഗിക്കാനുള്ള ഭയവും മൂലം നിരവധി സ്ത്രീകളാണ് മെന്‍സ്ട്രുവല്‍ കപ്പുകള്‍ ഒഴിവാക്കുന്നത്. എന്നാല്‍ ഒരിക്കല്‍ മെന്‍സ്ട്രുവല്‍ കപ്പുകള്‍ ഉപയോഗിച്ചവര്‍ പിന്നീട് പാഡുകളോ തുണിയോ ഉപയോഗിക്കുന്നതിലേക്ക് തിരിച്ചു പോകില്ല. എന്നാല്‍ വളരെ അപൂര്‍വമായി ചിലരില്‍ മെന്‍സ്ട്രുവല്‍ കപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
∙ഗുണങ്ങള്‍
മെന്‍സ്ട്രുവല്‍ കപ്പുകള്‍ ഉപയോഗിക്കുന്നത് വഴി ഗുണങ്ങള്‍ പലതാണ്. യോനിക്കുള്ളില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഈ കപ്പ് ലീക്കേജ് പൂര്‍ണമായും തടയും. 8 മണിക്കൂര്‍ വരെ പൂര്‍ണ സംരക്ഷണവും നല്‍കുന്നു. ഓടാനും ചാടാനും ഇഷ്ടമുള്ള കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാനും നീന്താനും സാധിക്കും. സാമ്പത്തിക ലാഭമാണ് പ്രധാന മെച്ചം. ഒരു മാസം സാനിറ്ററി നാപ്കിന്‍ വാങ്ങാന്‍ ചിലവഴിക്കുന്ന തുക മതിയാകും ഒരു മെന്‍സ്ട്രുവല്‍ കപ്പ് സ്വന്തമാക്കാന്‍. ഇവ പത്ത് വര്‍ഷം വരെ ഉപയോഗിക്കാം. ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്നവര്‍ക്കും മതിയായ സ്ഥല സൗകര്യമില്ലാത്തിടത്തും സാനിറ്ററി പാഡുകള്‍ ഉപയോഗ ശേഷം എങ്ങനെ നശിപ്പിക്കും എന്ന് വലിയ തലവേദനയാണ്. എന്നാല്‍ മെന്‍സ്ട്രുവല്‍ കപ്പിന്‍റെ കാര്യത്തില്‍ മാലിന്യം പ്രശ്നമാകില്ല. ശേഖരിക്കപ്പെട്ട രക്തം കഴുകി വൃത്തിയാക്കിയ ശേഷം കപ്പ് വീണ്ടും ഉപയോഗിക്കാം.
∙ഉപയോഗം എങ്ങനെ?
മെഡിക്കേറ്റഡ് സിലിക്കണ്‍ വച്ചുണ്ടാക്കുന്ന ഈ കപ്പ് പല വലിപ്പത്തില്‍ ലഭ്യമാണ്. വളരെ ഫ്ലെക്സിബിള്‍ ആയതിനാല്‍ യോനിക്കുള്ളിലേക്ക് പ്രവേശിപ്പിക്കാനും തിരികെ എടുക്കാനും ബുദ്ധിമുട്ടില്ല. ശരീര വലിപ്പത്തിന് അനുസരിച്ച് യോജിക്കുന്ന കപ്പ് വാങ്ങുകയാണ് പ്രധാനം. ഇക്കാര്യത്തിലുള്ള നിര്‍ദേശങ്ങള്‍ കപ്പിനൊപ്പം ലഭ്യമാണ്. ഉപയോഗിക്കുന്നതിന് മുന്‍പ് 5 മുതല്‍ 10 മിനിറ്റ് ചൂടുവെള്ളത്തില്‍ ഇടണം. ഓരോ ഉപയോഗശേഷവും കഴുകി വൃത്തിയാക്കി ഈര്‍പ്പമകറ്റി സൂക്ഷിക്കുകയും വേണം. 8 മണിക്കൂര്‍ ഉപയോഗശേഷം ശുദ്ധമായ വെള്ളത്തില്‍ വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാം. രക്തസ്രാവത്തിന്‍റെ തോത് അനുസരിച്ച് കപ്പ് മാറ്റേണ്ട സമയം വ്യത്യസ്തമായിരിക്കും.
∙ എത്രകാലം ഉപയോഗിക്കാം
ഒരു കപ്പ് 5 മുതല്‍ 10 വര്‍ഷം വരെ ഉപയോഗിക്കാം. ഇത് ബ്രാന്‍ഡ് അനുസരിച്ചും പ്രായം കൂടുന്നതും മറ്റ് ആരോഗ്യനിലയുമനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കും.