നിങ്ങളുടെ ശരീരത്തെക്കുറിച്ചും അവയവങ്ങളെക്കുറിച്ചുമെല്ലാം ബോധവാന്മാരാകുന്നത് തികച്ചും സ്വാഭാവികമാണ്. പ്രത്യേകിച്ച് സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഇക്കാലത്ത്. സ്ത്രീ ശരീരങ്ങളെക്കുറിച്ചുള്ള സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ മാറിടത്തിന്‍റെ വലുപ്പം പലപ്പോഴും ഒരു പ്രധാന ഘടകമാകാറുണ്ട്. മാറിടത്തിന്‍റെ വലുപ്പക്കുറവ് തങ്ങളുടെ വിവാഹജീവിതത്തെ അടക്കം ബാധിക്കുമോ എന്ന ആശങ്കയും പലര്‍ക്കുമുണ്ട്.
എന്നാല്‍ മാറിടത്തിന്‍റെ വലുപ്പം കൂട്ടാനായി പല തെറ്റായ രീതികളും നമുക്ക് ഇടയിൽ തന്നെ ഉണ്ട്. നിർഭാഗ്യവശാൽ, നിങ്ങളുടെ സ്തന വലുപ്പം വർദ്ധിപ്പിക്കുന്നതിന് വിശ്വസനീയമായ പ്രകൃതിദത്ത മാർഗങ്ങളൊന്നുമില്ല. പ്രകൃതിദത്ത പരിഹാരമായി പരസ്യം ചെയ്യുന്ന സപ്ലിമെന്റുകൾ, ഭക്ഷണ രീതികൾ, ഔഷധസസ്യങ്ങൾ, ക്രീമുകൾ, മസാജുകൾ എന്നിവയെക്കുറിച്ച് ജാഗ്രത പാലിക്കുക, ബോധാവാന്‍മാരായിരിക്കുക. ഇവ മാറിടങ്ങളുടെ വലുപ്പം കൂട്ടുമെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല.
നിങ്ങളുടെ സ്തന വലുപ്പം വർധിപ്പിക്കണമെന്ന് ആഗ്രഹിക്കാന്‍ നിരവധി കാരണങ്ങളുണ്ടെങ്കിലും മാറിടത്തെക്കുറിച്ചുള്ള അസന്തുഷ്ടി ആരെങ്കിലും പറഞ്ഞ ഒരു ബോഡി ഷെയിമിങ് കമന്‍റ് മൂലമാണോ എന്ന് ചിന്തിക്കേണ്ടത് അനിവാര്യമാണ്. അതോ നിങ്ങൾ അറിയാതെ തന്നെ സോഷ്യൽ മീഡിയയിലോ നേരിട്ടോ കാണുന്ന ആരെങ്കിലുമായി സ്വയം താരതമ്യം ചെയ്യുന്നതിനാലാണോ ഇത്?. വലിയ സ്തനങ്ങൾ കൂടുതൽ അഭികാമ്യമാണെന്ന് നിങ്ങൾക്ക് തോന്നിയതുകൊണ്ടായിരിക്കാം. എന്നാല്‍ ഇത്തരമൊരു ചിന്ത എവിടെ നിന്നാണ് നിങ്ങളുടെ മനസിലേക്ക് എത്തിയതെന്ന് തിരിച്ചറിയുക.
വലിയ മാറിടങ്ങൾ നിങ്ങൾക്ക് വേണമെങ്കിൽ നെഞ്ച്, പുറം, തോൾ ഭാഗം, ശരീരഭാരം എന്നിവ ശക്തിപ്പെടുത്തുന്ന ചില വ്യായാമങ്ങൾ നിങ്ങൾക്ക് പരീക്ഷിക്കാം. എന്നാൽ പെട്ടെന്ന് മാറ്റങ്ങൾ പ്രതീക്ഷിക്കരുത്. മികച്ച വ്യത്യാസം വളരെ പതുക്കെയാകും ദൃശ്യമാകുക. ശസ്ത്രക്രിയ വഴി മാറിടത്തിന്‍റെ വലുപ്പം വർധിപ്പിക്കാനാകും. ശസ്ത്രക്രിയയിലൂടെ സ്തന വലുപ്പം വർധിപ്പിക്കുന്നതിനുള്ള രീതി ഇപ്പോൾ കൂടുതൽ പേർ പരീക്ഷിക്കുന്നുണ്ട്. പക്ഷേ ഗുരുതരമായ അണുബാധ പോലുള്ള അപകടസാധ്യതകൾ ഇതിനുണ്ട്. നിങ്ങളുടെ ശരീരത്തിന് മാറ്റം വരുത്താൻ ആഗ്രഹിക്കുന്നത് മോശമായ കാര്യമല്ല, പക്ഷേ ഇതുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ മനസിലാക്കിയിരിക്കുന്നത് നല്ലതാണ്.